SignIn
Kerala Kaumudi Online
Thursday, 03 September 2026 3.30 AM IST

റിസോർട്ട് ഉടമയെ തട്ടിക്കൊണ്ടുപോയ മൂന്നുപേർ പിടിയിൽ

READ ENGLISH VERSION
vld-1

വെള്ളറട: റിസോർട്ട് ഉടമയെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നുപേർ പിടിയിലായി. രണ്ട് ആഡംബര വാഹനങ്ങളിലെത്തിയ ആറംഗ സംഘമാണ് കൂട്ടപ്പൂ കൊണ്ടകെട്ടി മലയിൽ ഹിൽസ് ഹോം എന്ന പേരിൽ പുതിയതായി റിസോർട്ട് നിർമ്മിക്കുന്ന ബാലരാമപുരം സ്വദേശി ആര്യനാട് ശ്യാമിനെയും (47)​ഒപ്പമുണ്ടായിരുന്ന എഞ്ചിനിയർ ആന്റണി സേവ്യറിനെയും തട്ടിക്കൊണ്ടുപോയത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം.

സംഭവത്തിൽ നെടുമങ്ങാട് സ്വദേശി ഷാജഹാൻ (40),​കർണാടക സ്വദേശികളായ ജബീർഖാൻ (38)​,​നൂറുള്ള (40)എന്നിവരാണ് പിടിയിലായത്. റിസോർട്ട് ഉടമ ശ്യാമും നെടുമങ്ങാട് സ്വദേശി ഷാജഹാനും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് സംഭവത്തിനു പിന്നലെന്ന് പൊലീസ് പറഞ്ഞു. തേക്കുപാറയ്‌ക്ക് സമീപം കുളമാൻ കുഴിയിൽ വച്ച് ശ്യാമും ആന്റണിയും സഞ്ചരിച്ച വാഹനം തടഞ്ഞശേഷം റിസോർട്ട് ഉടമ ശ്യാമിനെ കമ്പിപ്പാരയും മാരകായുധങ്ങളും ഉപയോഗിച്ച് തലയിലും കാലിലും വെട്ടിയും അടിച്ചും പരിക്കേല്പിച്ച ശേഷം അക്രമികൾ വന്ന വാഹനത്തിൽ ഇരുവരെയും തട്ടിക്കൊണ്ടു പോവുകയായിരുന്നു. കാറിൽ വച്ചും മർദ്ദിച്ചതായി ശ്യാം വെള്ളറട പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

സംഭവം കണ്ടുനിന്ന നാട്ടുകാരാണ് വെള്ളറട പൊലീസിനെ അറിയിച്ചത്. തുടർന്ന് മറ്റ് സ്റ്റേഷനുകളിലേയ്‌ക്ക് വിവരം കൈമാറി. വെള്ളറട കാട്ടാക്കട റോഡുവഴി പോയ രണ്ടുവാഹനങ്ങളിലൊന്ന് ചെമ്പൂരിനു സമീപത്തുവച്ച് ആര്യങ്കോട് പൊലീസ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. ഇതിലാണ് റിസോർട്ട് ഉടമയും എൻജിനിയറും ഉണ്ടായിരുന്നത്. അക്രമിസംഘത്തിലെ മൂന്നുപേരും ഈ വാഹനത്തിലുണ്ടായിരുന്നു. പിടിയിലാകുമെന്ന് കണ്ടപ്പോൾ വാഹനം പിറകിലോട്ടെടുത്ത് രക്ഷപ്പെടാൻ ശ്രമക്കുന്നതിനിടെ സംഘാംഗങ്ങളെത്തിയ ഓഡി കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ചു. ഉടൻ വണ്ടിയിലുണ്ടായിരുന്ന മൂന്നുപേർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രണ്ടുപേരെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു. ശ്യാമിനെയും ആന്റണിയെയും പൊലീസ് വാഹനത്തിൽ വെള്ളറട ഗവ.ആശുപത്രിയിൽ പ്രാഥമിക ശിശ്രൂഷ നൽകിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി. രക്ഷപ്പെട്ട സംഘാംഗങ്ങളിലൊരാളെ പിന്നീട് ആര്യങ്കോട് പൊലീസ് നടത്തിയ അന്വേഷണത്തിൽ പിടികൂടുകയായിരുന്നു. നെയ്യാറ്റിൻകര ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ,വെള്ളറട സി.ഐ ശ്രീകുമാർ,എസ്.ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ ചോദ്യം ചെയ്‌ത് വരികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL