
വടക്കാഞ്ചേരി: ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു. ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾക്ക് പൊള്ളുന്ന വിലയായതോടെ ഭൂരിഭാഗം ആളുകളും ഇവ കൈയൊഴിയുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസം കോഴിവില കിലോയ്ക്ക് 186 രൂപ വരെ എത്തിയിരുന്നു. കർക്കടക സംക്രാന്തി ദിനത്തിൽ മികച്ച കച്ചവടം പ്രതീക്ഷിച്ചിരുന്ന ചെറുകിട വ്യാപാരികൾക്ക് കനത്ത വിലക്കയറ്റം നിരാശയാണ് സമ്മാനിച്ചത്. വില ഉയർന്നതോടെ വിപണിയിൽ വിൽപന ഗണ്യമായി കുറഞ്ഞു. കോഴി വളർത്തൽ മേഖലയിലുണ്ടായ കനത്ത ഉൽപ്പാദനച്ചെലവാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് പ്രധാന കാരണം. മുൻപ് 25 രൂപയുണ്ടായിരുന്ന കോഴിക്കുഞ്ഞിന്റെ വില നിലവിൽ 45 രൂപയ്ക്ക് മുകളിലാണ്. കോഴിത്തീറ്റ വില ചാക്കൊന്നിന് വലിയ തോതിലാണ് വർദ്ധിച്ചത്. കടുത്ത വേനലിലുണ്ടായ ജലക്ഷാമം മൂലം പല ഫാമുകളും അടച്ചിടേണ്ടി വന്നതും, ചൂട് താങ്ങാനാവാതെ കോഴിക്കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തുപോയതും ഉൽപ്പാദനത്തെ ബാധിച്ചെന്ന് കർഷകർ പറയുന്നു. വിരിയിക്കാൻ വെക്കുന്ന മുട്ടകൾ വ്യാപകമായി കേടുവന്നതും കർഷകർക്ക് വലിയ തിരിച്ചടിയായി.
ആശ്രയം അന്യസംസ്ഥാനം
കേരളത്തിലെ ഫാമുകളിൽ ഉൽപ്പാദനം കുറഞ്ഞതോടെ നിലവിൽ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് കോഴികൾ എത്തുന്നത്. ഈ സാഹചര്യം മുതലെടുത്ത് മൊത്തവ്യാപാരികൾ വൻ ലാഭം കൊയ്യുമ്പോൾ, ചെറുകിട കച്ചവടക്കാർ കടുത്ത പ്രതിസന്ധിയിലാണ്. കോഴി വാങ്ങി, ഇറച്ചിയാക്കി വിൽക്കുമ്പോൾ തൊഴിൽക്കൂലി കഴിഞ്ഞ് തുച്ഛമായ വരുമാനം മാത്രമാണ് ഇവർക്ക് ലഭിക്കുന്നത്. വേനൽക്കാലത്ത് സാധാരണയായി കോഴിവില ഇടിയാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ലെന്ന് വ്യാപാരികൾ പറയുന്നു.
അടുക്കളകളിൽ തീവില
മീൻ വില: ട്രോളിംഗ് നിരോധനം നിലവിലുള്ളതിനാൽ മീൻ വിലയും ഉയർന്നുതന്നെയാണ്. മത്തി കിലോയ്ക്ക് 260 രൂപയാണ് നിലവിലെ വില.
പോത്തിറച്ചി: പല സ്ഥലങ്ങളിലും പോത്തിറച്ചി വില കിലോയ്ക്ക് 480 മുതൽ 500 രൂപ വരെ എത്തിനിൽക്കുന്നു.
മുട്ട, പച്ചക്കറി: കോഴിമുട്ട ഒന്നിന് 8 രൂപയായി ഉയർന്നപ്പോൾ പച്ചക്കറി വിപണിയിലും കനത്ത വിലക്കയറ്റമാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |