SignIn
Kerala Kaumudi Online
Thursday, 16 July 2026 4.41 AM IST

കൊമ്പുകോർത്ത് കോർപറേഷനും ദേവസ്വം ബോർഡും, നെഹ്‌റു പാർക്കിൽ 'പരസ്യ'പ്പോര്‌

തൃശൂർ: നെഹ്‌റു പാർക്കിൽ പരസ്യ ബോർഡുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡും കോർപറേഷനും നേർക്കുനേർ. പാർക്കിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കരുതെന്ന് ഹൈക്കോടതിയുടെ കർശന നിർദ്ദേശമുണ്ടെന്നും, അതിനാൽ ഇവ അടിയന്തരമായി നീക്കം ചെയ്യണമെന്നുമാണ് ദേവസ്വം ബോർഡിന്റെ ആവശ്യം. എന്നാൽ, ദേവസ്വം ബോർഡിൽ നിന്ന് പാട്ടത്തിനെടുത്താണ് പാർക്ക് നടത്തുന്നതെന്നും ഇവിടെ ബോർഡുകൾ സ്ഥാപിക്കാൻ മുൻകൂർ അനുമതി ആവശ്യമില്ലെന്നുമാണ് കോർപറേഷന്റെ നിലപാട്. ബോർഡ് നീക്കാൻ ആവശ്യപ്പെട്ട് കോർപറേഷന് കത്ത് നൽകിയിട്ടുണ്ടെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് വിശദീകരിച്ചു. ദേവസ്വം ബോർഡിന്റെ അനുമതിയും ബോർഡ് സ്ഥാപിക്കുന്നതിന് ആരാഞ്ഞിട്ടില്ലത്രെ. ഹൈക്കോടതി നിർദ്ദേശങ്ങൾ നിലനിൽക്കുന്ന മേഖലയിൽ പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്നും അല്ലാത്തപക്ഷം ഇത് നിയമ ലംഘനമാണെന്നാണ് ബോർഡിന്റെ വാദം.

പഴയ തീരുമാനം

കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് പാർക്കിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. വർഷത്തിൽ 12 ലക്ഷം രൂപ ഇതുവഴി ലഭിക്കും. കൗൺസിൽ തീരുമാനപ്രകാരം കരാർ കമ്പനി തുക മുഴുവൻ അടച്ചിരുന്നെങ്കിലും അടുത്തിടെയാണ് പരസ്യങ്ങൾ സ്ഥാപിച്ചു തുടങ്ങിയത്. ഈ തുക പാർക്കിലെ കളിയുപകരണങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി വിനിയോഗിക്കാനായിരുന്നു കോർപറേഷന്റെ ലക്ഷ്യം.

പിന്നിൽ രാഷ്ട്രീയം ?

കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതിയെടുത്ത തീരുമാനത്തിനെതിരെ ദേവസ്വം ബോർഡ് രംഗത്തുവന്നതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന ആരോപണവും ശക്തമാണ്. നിലവിലെ ദേവസ്വം ബോർഡ് അംഗങ്ങൾ കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് നിയമിതരായവരാണ്. ഇതാണ് കോർപറേഷനുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് ആരോപണം.

നെഹ്‌റു പാർക്ക്: ചരിത്രവും പശ്ചാത്തലവും

  • തുടക്കം: പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പേരിൽ 1959ൽ ആരംഭിച്ചു. അന്നത്തെ വൈസ് പ്രസിഡന്റ് ഡോ. എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
  • സ്ഥലം: കൊച്ചിൻ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ഏകദേശം 8.5 ഏക്കർ ഭൂമി കോർപറേഷൻ പാട്ടത്തിനെടുത്താണ് പാർക്ക് നടത്തുന്നു
  • നവീകരണം: 2009ലും 2015ലും പാർക്കിൽ വിപുലമായ നവീകരണ പ്രവൃത്തികൾ നടന്നു.
  • സൗകര്യങ്ങൾ: കളിയുപകരണങ്ങൾ, റൈഡുകൾ, കുളങ്ങൾ, അക്വേറിയം, ഓപ്പൺ ലൈബ്രറി, മ്യൂസിക്കൽ ഫൗണ്ടൻ, പ്ലേ ഏരിയ എന്നിവ ഇവിടെയുണ്ട്.

ദേവസ്വം ബോർഡിന്റെ അറിവോ സമ്മതമോ കൂടാതെ, ഹൈക്കോടതി അനുമതിയില്ലാതെയാണ് നെഹ്‌റു പാർക്കിന് ചുറ്റും പരസ്യബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇത് നീക്കം ചെയ്യാൻ കോർപ്പറേഷൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. തയ്യാറായില്ലെങ്കിൽ കർശനമായ നിയമനടപടികളുമായി മുന്നോട്ട് പോകും.

- പി. ബിന്ദു, കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL