SignIn
Kerala Kaumudi Online
Saturday, 25 July 2026 3.34 AM IST

കാക്കിയിട്ടവരുടെ കണ്ണിലുണ്ണിയായി പേരാമംഗലം സ്റ്റേഷനിലൊരു മെസിയുണ്ട് !

photo


തൃശൂർ: പേരാമംഗലം സ്‌റ്റേഷനിലുണ്ടൊരു മെസി! ഫുട്ബാൾ കളിക്കില്ല, ഇവനൊരു 'ഗോട്ടും' അല്ല, ഒരു വയസുള്ളൊരു മൂരിക്കുട്ടൻ. കാക്കിയിട്ടവരുടെ ഓമനക്കുട്ടനായി നാലഞ്ചു ദിവസമായി സ്‌റ്റേഷനിൽ ചെത്തിനടപ്പാണ്.
സ്റ്റേഷൻ മെസിലെ കാടിവെള്ളം, സി.പി.ഒ രേഷ്മ നൽകുന്ന ചെറുപുല്ലുകൾ, പൊലീസുകാരുടെ സ്‌നേഹത്തലോടൽ, മോഷ്ടാക്കളിൽ നിന്നും രക്ഷിച്ച് സ്‌റ്റേഷനിലെത്തിച്ച എസ്.ഐ: എം.കെ. സജീവിന്റെ മേൽനോട്ടം, പിന്നെ പരിപാലനകാര്യത്തിൽ പൊലീസുകാരുടെ ശ്രദ്ധ ക്ഷണിക്കാൻ സ്റ്റേഷൻ റൈറ്റർ ജിജോ എലുവത്തിങ്കൽ... കുഞ്ഞുമെസിയുടെ സൗകര്യങ്ങളും പരിചാരകരുമാണിതെല്ലാം.
രോഗബാധകൾ അലട്ടുന്നുവെന്ന് തോന്നിയാൽ എസ്.എച്ച്.ഒ മഹേന്ദ്ര സിംഹന്റെ ഫോൺകാൾ സ്വന്തം വീട്ടിലേക്ക് പോകും. 'ഭാര്യ വെറ്ററിനറി ഡോക്ടറാണ്. ക്ഷീണം തോന്നിയാൽ ഉടൻ ഭാര്യയെ വിളിച്ച് വേണ്ടത് ചെയ്യും. പിന്നെ, മൊത്തത്തിൽ പുള്ളി ഉഷാറാണ്.' - എസ്.എച്ച്.ഒ പറയുന്നു.


മെസി സ്റ്റേഷനിലെത്തിയ കഥ


കണ്ടാണശ്ശേരിയിലെ റോഡ് നിർമ്മാണം കഴിഞ്ഞ് മലപ്പുറത്തേക്ക് പോകുകയായിരുന്ന തൊഴിലാളികൾ മോഷ്ടിച്ച് കടത്തുന്നതിനിടെ പിടികൂടിയതാണ് മൂരിക്കുട്ടനെ. പെട്ടിഓട്ടോയിൽ കിടാരിയെയും കൊണ്ടുപോകുന്നതിനിടെ ചങ്ങരംകുളം വച്ച് മറ്റൊരു കാറിൽ തട്ടി അപകടമുണ്ടായി. ഇതോടെ ബഹളമായി, പൊലീസിനെ വിളിച്ചു. ഒടുവിൽ തൊഴിലാളികളെ ചോദ്യം ചെയ്തപ്പോഴാണ് മോഷണം തെളിഞ്ഞത്.
22ന് രാത്രിയിലായിരുന്നു അപകടം. പ്രതികളായ വലപ്പാട് എടമുട്ടം ബീച്ച് പള്ളത്ത് വീട്ടിൽ അനീഷ് (47), കട്ടപ്പന വണടൻമേട് രാജാക്കണ്ടം പള്ളത്ത് വീട്ടിൽ ഷിബു (35), കോന്നി വട്ടക്കാവ് വെള്ളപ്പാറയിൽ ലിജോ (37), കൊല്ലം ആലുംമൂട് നടുവിലാക്കര കുറ്റിച്ചിറവിള പടിഞ്ഞാറ്റേതിൽ അനീഷ് (39) എന്നിവരെ കോടതി റിമാൻഡ് ചെയ്തു. ഇതോടെ ഉടമയാരെന്ന് അറിയാത്ത കിടാരിയെ സ്‌റ്റേഷനിലെത്തിച്ചു.
ഫുട്ബാൾ ലോകകപ്പ് കഴിഞ്ഞ് അർജന്റീന പരാജയപ്പെട്ട സങ്കടത്തിലായിരുന്നു ഈ സമയം സ്റ്റേഷനിലുള്ളവർ. എന്ത് പേരിടണമെന്ന് പരസ്പരം ചോദിച്ചപ്പോൾ എല്ലാവർക്കും ഒരേ സ്വരം, മെസി ! അങ്ങനെ മൂരിമുട്ടൻ മെസിയായി.


കണ്ടാണശ്ശേരി സ്റ്റേഷൻ പരിധിയിലുള്ള സ്ഥലത്ത് നിന്നാണ് മോഷണമെന്നാണ് പ്രതികൾ നൽകിയ വിവരം. അവിടേക്ക് വിവരം അറിയിച്ചിട്ടുണ്ട്. ഉടമയെ കണ്ടുകിട്ടിയാൽ കൈമാറും. അല്ലെങ്കിൽ ഫാമുകളിലേക്കോ മൃഗസംരക്ഷണ വകുപ്പിനോ നൽകും.
- എം. മഹേന്ദ്രസിംഹൻ, എസ്.എച്ച്.ഒ, പേരാമംഗലം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL