SignIn
Kerala Kaumudi Online
Saturday, 25 July 2026 3.34 AM IST

ഡയനാമിക് ചാർജിംഗും ബാറ്ററി സ്വാപ്പിംഗും പാതിവഴിയിൽ: അനർട്ടിന്റെ പദ്ധതികൾക്ക് ചുവപ്പുനാടയുടെ 'ഷോക്ക്'!

photo

തൃശൂർ: സംസ്ഥാനത്തിന്റെ വികസന ചരിത്രത്തെ രാജ്യത്തിന് മുന്നിൽ അടയാളപ്പെടുത്താൻ ലക്ഷ്യമിട്ട് വിഭാവനം ചെയ്ത അനർട്ടിന്റെ സ്വപ്ന പദ്ധതികൾ നടപ്പാക്കാനാകാതെ പാതിവഴിയിൽ. മുൻ സംസ്ഥാന സർക്കാരിന്റെ താല്പര്യക്കുറവും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള രാഷ്ട്രീയ ഭിന്നതയുമാണ് പദ്ധതികളുടെ സുഗമമായ നടത്തിപ്പിന് പ്രധാന തിരിച്ചടിയായതെന്ന് അധികൃതർ വ്യക്തമാക്കുന്നു.
രാജ്യത്തുടനീളം 2,000 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ, ഡയനാമിക് വയർലസ് സംവിധാനം, സോളാർ വൈദ്യുതി സംഭരിച്ച് ഇ-വാഹനങ്ങൾ അതിവേഗം ചാർജ് ചെയ്യുന്ന പദ്ധതി, ബാറ്ററി സ്വാപ്പിംഗ് തുടങ്ങി സാങ്കേതികമായി ഏറെ മുന്നിൽ നിൽക്കുന്ന പദ്ധതികളാണ് കേരളത്തിൽ ചുവപ്പുനാടയിൽ കുടുങ്ങിയത്. സംസ്ഥാന വൈദ്യുതി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് അനർട്ട് എങ്കിലും, സർക്കാരിനോട് കൂടുതൽ അടുത്ത് നിൽക്കുന്നത് കെ.എസ്.ഇ.ബി ആണെന്നതിനാലും അനർട്ട് സമർപ്പിച്ച പല നിർദ്ദേശങ്ങൾക്കും വേഗത്തിൽ അനുമതി ലഭിച്ചില്ലെന്ന് സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥൻ കേരളകൗമുദിയോട് വ്യക്തമാക്കി.

അനർട്ടിന് വെട്ട്

കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയത്തിന്റെ പി.എം.ഇ ഡ്രൈവ് പദ്ധതിയിൽ സംസ്ഥാനത്തെ നോഡൽ ഏജൻസിയാകാൻ 300 കോടി രൂപയുടെ പദ്ധതി അനർട്ട് തയ്യാറാക്കിയിരുന്നു. എന്നാൽ, കേന്ദ്ര നിർദ്ദേശം ചൂണ്ടിക്കാട്ടി അനർട്ടിനെ ഒഴിവാക്കി എൽ.ഡി.എഫ് സർക്കാർ കെ.എസ്.ഇ.ബിയെ നോഡൽ ഏജൻസിയായി പ്രഖ്യാപിച്ചു. വൈദ്യുതി വിതരണ ഏജൻസികളാണ് ഇതിന് അടിസ്ഥാന സൗകര്യമൊരുക്കേണ്ടതെന്ന സാങ്കേതികത്വം പറഞ്ഞായിരുന്നു നടപടി.

വഴിയിലുപേക്ഷിച്ച് പദ്ധതി

രാജ്യത്ത് തന്നെ ആദ്യമായി അവതരിപ്പിക്കാൻ ലക്ഷ്യമിട്ട 'ഡയനാമിക് വയർലസ് ചാർജിംഗ്' പദ്ധതിയുടെ പ്രപ്പോസൽ തുറന്നുപോലും നോക്കാതെയാണ് കഴിഞ്ഞ സർക്കാർ കടന്നുപോയത്. ഹൈവേ പ്രതലത്തിൽ സ്ഥാപിക്കുന്ന ട്രാൻസ്മിറ്റർ യൂണിറ്റും വാഹനത്തിനടിയിലെ റിസീവർ പാഡും മുഖാമുഖം വരുമ്പോൾ ഓട്ടത്തിനിടയിൽ തന്നെ വാഹനം ചാർജ് ചെയ്യുന്ന രീതിയായിരുന്നു ഇത്. ഇ-ബസുകളും കാറുകളും കൂടുതലുള്ള തിരുവനന്തപുരത്തായിരുന്നു പരീക്ഷണം നിശ്ചയിച്ചിരുന്നത്.


സോളാർ ചാർജിംഗിനും അനുമതിയില്ല

ചാർജിംഗ് സ്റ്റേഷനുകളിലെ ബാറ്ററിയിൽ സോളാർ വൈദ്യുതി സംഭരിച്ച് ഇ-വാഹനങ്ങൾ അതിവേഗം ചാർജ് ചെയ്യുന്ന പദ്ധതിക്കും ആദ്യഘട്ടത്തിൽ പിന്തുണ ലഭിച്ചെങ്കിലും പിന്നീട് അനുമതി നിഷേധിക്കപ്പെട്ടു. കേന്ദ്രത്തിന്റെ നിയന്ത്രണം വരുമെന്ന നിഗമനമാണ് പദ്ധതി വെട്ടിനിരത്താൻ കാരണമായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL