SignIn
Kerala Kaumudi Online
Saturday, 25 July 2026 3.34 AM IST

കൗമുദി വാർത്ത ഫലം കണ്ടു, ഇടപെട്ട് കളക്ടർ: മെഡിക്കൽ കോളേജിലെ അനാഥരുടെ പ്രതിസന്ധി ഒഴിയും

letter
മെഡിക്കൽ കോളേജിലെ പ്രശ്നം പരിഹരിക്കണണെന്ന് സാമൂഹികനീതി വകുപ്പ് ഓഫീസർക്ക് കളക്ടർ ശിഖ സുരേന്ദ്രൻ നൽകിയ കത്ത്.

തൃശൂർ: മുളങ്കുന്നത്തുകാവ് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അനാഥരായ രോഗികളുടെയും ഏറ്റെടുക്കാത്ത മൃതദേഹങ്ങളുടെയും വർദ്ധന മൂലം നേരിടുന്ന കടുത്ത പ്രതിസന്ധിയെക്കുറിച്ചുള്ള 'കേരളകൗമുദി' വാർത്തയ്ക്ക് പിന്നാലെ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ. വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തി നിയമാനുസൃത നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർ ശിഖ സുരേന്ദ്രൻ ജില്ലാ സോഷ്യൽ ജസ്റ്റിസ് ഓഫീസർക്ക് നിർദ്ദേശം നൽകി. മെഡിക്കൽ കോളേജിലെ സർജറി, ഓർത്തോ, ജനറൽ മെഡിസിൻ വാർഡുകളിലായി അമ്പതോളം അനാഥ രോഗികളാണ് കഴിയുന്നത്. ഇതിൽ ഭൂരിഭാഗം പേർക്കും തുടർചികിത്സ ആവശ്യമില്ലെങ്കിലും ബന്ധുക്കൾ ഏറ്റെടുക്കാത്തതിനാലും പുനരധിവാസ കേന്ദ്രങ്ങൾ ഇല്ലാത്തതിനാലും വാർഡുകളിൽ തന്നെ തുടരുകയാണ്. ഇതുമൂലം ഗുരുതരാവസ്ഥയിലുള്ള മറ്റ് രോഗികൾക്ക് ബെഡുകൾ ലഭിക്കാത്ത സാഹചര്യമുണ്ടായി. കൂടാതെ എച്ച്.ഡി.എസ് ഫണ്ട് കൂടുതലായി വിനിയോഗിക്കേണ്ടിയും വന്നിരുന്നു. മോർച്ചറികളിലും അനാഥ മൃതദേഹങ്ങൾ കെട്ടിക്കിടക്കുന്ന അവസ്ഥയും കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
പ്രശ്‌നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എച്ച്.ഡി.എസ് എംപ്ലോയീസ് കോൺഗ്രസ് പ്രസിഡന്റ് കെ.എൻ. നാരായണനും മെഡിക്കൽ കോളേജ് സൂപ്രണ്ടും നൽകിയ നിവേദനങ്ങളുടെയും വാർത്തകളുടെയും അടിസ്ഥാനത്തിലാണ് കളക്ടറുടെ നടപടി.
മെഡിക്കൽ കോളേജ് സൂപ്രണ്ട് നൽകിയ അനാഥ രോഗികളുടെ ലിസ്റ്റും വിവരങ്ങളും മുൻനിറുത്തി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് കളക്ടർക്ക് വേണ്ടി ഡെപ്യൂട്ടി കളക്ടർ ഉത്തരവിട്ടത്. കളക്ടറുടെ ഇടപെടൽ ആശുപത്രിയുടെ പ്രവർത്തനം സുഗമമാക്കാനും യഥാർത്ഥ രോഗികൾക്ക് ചികിത്സ ഉറപ്പാക്കാനും വഴിതുറക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.


കളക്ടറുടെ നിർദ്ദേശങ്ങൾ:

1. രോഗമുക്തി നേടിയവരെ ഡിസ്ചാർജ് ചെയ്ത് പരിചരിക്കാൻ പ്രത്യേക സംവിധാനം ഒരുക്കണം.
2. അപകടനില തരണം ചെയ്ത രോഗികളെ ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ എന്നിവിടങ്ങളിലേക്ക് മാറ്റുക.
3. വിലാസമുള്ള രോഗികളുടെ ബന്ധുക്കളെ കണ്ടെത്തി തിരിച്ചേൽപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുക.

4. ബന്ധുക്കളില്ലാത്ത രോഗികൾക്ക് പ്രത്യേക പുനരധിവാസ സൗകര്യം ഏർപ്പെടുത്തുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL