SignIn
Kerala Kaumudi Online
Monday, 24 August 2026 1.25 AM IST

ഇന്ന് പൂരാടം, നാളെ ഉത്രാടപാച്ചിൽ

d

 ആശങ്കയായി മഴ മേഘങ്ങൾ

തൃശൂർ: ഓണം പടിവാതിക്കലെത്തി. ഇന്നും നാളെയും ഓണവിപണിയിൽ പൂര തിരക്കാവും. കഴിഞ്ഞ രണ്ട് ദിവസവും നഗരത്തിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. സദ്യവട്ടങ്ങളും ഓണക്കോടിയും മറ്റും വാങ്ങാനും മാവേലിയെ വരവേൽക്കാൻ തൃക്കാക്കരയപ്പനെ വാങ്ങാനും ഉള്ള പാച്ചിലിലാണ് മലയാളികൾ. നാളെ രാവിലെ മുതൽ നാടും നഗരവും തിരക്കിലമരും. രണ്ട് ദിവസമായി മഴ പെയ്യുന്നത് കച്ചവടക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. ഓണവിപണി ലക്ഷ്യമിട്ട് വഴിയോരക്കച്ചവടക്കാരും നിരത്തിൽ സജീവമാണ്. മാവേലിയെ വരവേൽക്കാനുള്ള തൃക്കാക്കരയപ്പൻ, പൂക്കൾ എന്നിവയ്‌ക്കൊപ്പം നേന്ത്രക്കായയും ഉത്രാടത്തിലെ സൂപ്പർസ്റ്റാറാണ്. ക്ഷേത്രങ്ങളിൽ നാളെ പുലർച്ചെ മുതൽ കാഴ്ച്ചക്കുല സമർപ്പണം നടക്കും. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണം വിപണനമേളയിലും തിരക്കനുഭവപ്പെടുന്നുണ്ട്. നാടൻ പച്ചക്കറികൾ, വൈവിദ്ധ്യമാർന്ന അച്ചാറുകൾ, ശർക്കര, സെറ്റ് സാരികൾ, ചിപ്‌സ്, പൂക്കൾ, വിവിധതരം പായസങ്ങൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ സംരംഭകരുടെ ഉല്പന്നങ്ങൾക്ക് മികച്ച വിപണി ഉറപ്പാക്കുന്നതിനൊപ്പം ഓണത്തിനാവശ്യമായ നിത്യോപയോഗസാധനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. പ്രാദേശിക കുടുംബശ്രീ സംരംഭകരുടെ ഉല്പന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്താനും മേള സഹായിക്കും.

ഓണക്കിറ്റുമായി സന്നദ്ധ സംഘടനകൾ
ഓണത്തോടനുബന്ധിച്ച് നാടെങ്ങും ഓണകിറ്റ് വിതരണം ആരംഭിച്ചു. പച്ചക്കറികൾ, പലവ്യഞ്ജന സാധനങ്ങൾ, ഓണക്കോടികൾ എന്നിവയാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് പേർക്ക് സാമൂഹ്യസേവനമായി നൽകി വരുന്നത്. വിലനിലവാരം കുതിച്ചുയരുന്ന ഘട്ടങ്ങളിൽ ഇത്തരം കിറ്റുകൾ ആശ്വാസകരമാണ്. സർക്കാർ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഓണക്കിറ്റുകളുടെ വിതരണം അവസാന ഘട്ടത്തിലാണ്. ഒരോ സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാർക്ക് കിറ്റുകൾ നൽകുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL