25,000 ചതുരശ്ര അടി വിസ്തീർണം
പുൽപ്പള്ളി: സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും വേറിട്ട ഓണക്കാഴ്ചയ്ക്ക് വേദിയായി പുൽപ്പള്ളിക്കടുത്തുള്ള ഇരുളം. ജി.എച്ച്.എസ്. സ്കൂൾ ഗ്രൗണ്ടിൽ 25,000 ചതുരശ്ര അടി വിസ്തീർണത്തിൽ ഒരുക്കിയ ഭീമൻ പൂക്കളം വയനാട് ജില്ലയിലെ തന്നെ എക്കാലത്തെയും വലിയ പൂക്കളമെന്ന റെക്കോർഡ് സ്വന്തമാക്കി. മൂന്ന് ദിവസത്തെ അഹോരാത്ര പരിശ്രമത്തിനൊടുവിലാണ് ഈ മനോഹര പുഷ്പവിന്യാസം പൂർത്തിയായത്. ഐതിഹ്യ പുരുഷനായ മാവേലിക്കൊപ്പം, ഇരുളത്തുകാരുടെ മനസ്സിൽ ഇന്നും ജീവിക്കുന്ന 'മണിയൻ' എന്ന കാട്ടാനയുടെ ചിത്രവുമാണ് പൂക്കളത്തിലുള്ളത്. പ്രദേശവാസികളുമായി ഏറെ അടുപ്പം പുലർത്തുകയും 2019-ൽ ചരിയുകയും ചെയ്ത മണിയൻ ആനയോടുള്ള നാട്ടുകാരുടെ സ്നേഹസ്മരണ പുതുക്കൽ കൂടിയായി ഈ ഓണാഘോഷം മാറി. ലയൺസ് ക്ലബിന്റെ ആശയത്തിൽ തുടങ്ങി പിന്നീട് ഒരു നാട് മുഴുവൻ ഏറ്റെടുത്ത ജനകീയ കൂട്ടായ്മയാണ് ഈ വിജയത്തിന് പിന്നിൽ. കർണാടകയിലെ ഗുണ്ടൽപേട്ടിൽ നിന്ന് എത്തിച്ച പത്ത് ടണ്ണോളം പൂക്കളാണ് നിർമ്മാണത്തിന് ഉപയോഗിച്ചത്. പാതിരാത്രിയിൽ പെയ്ത കനത്ത മഴയെപ്പോലും അവഗണിച്ച് നൂറുകണക്കിന് നാട്ടുകാരാണ് പൂക്കളമൊരുക്കാനെത്തിയത്. നാടിന്റെ ഒന്നാം സാംസ്കാരിക ആഘോഷമായി സംഘടിപ്പിച്ച പരിപാടിയിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പ്രമുഖരും പങ്കെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധിയാളുകൾ പൂക്കളം കാണാനെത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |