SignIn
Kerala Kaumudi Online
Sunday, 26 July 2026 3.35 AM IST

ഊർജ ചെലവിൽ സിമന്റ് കമ്പനികൾക്ക് പൊള്ളുന്നു

cement


കൊച്ചി: ക്രൂഡോയിൽ വിലക്കയറ്റവും ഊർജച്ചെലവിലെ വർദ്ധനയും രാജ്യത്തെ സിമന്റ് കമ്പനികളുടെ ഒന്നാം പാദ ലാഭത്തെ പ്രതികൂലമായി ബാധിച്ചു.

കമ്പനികളുടെ പ്രവർത്തന ചെലവിൽ 55 ശതമാനവും വൈദ്യുതി, ഇന്ധനം, ഗതാഗതം എന്നിവയിലാണ്. ക്രൂഡോയിൽ വില ബാരലിന് നൂറ് ഡോളറിന് അടുത്തെത്തിയതും പ്രവർത്തന ചെലവ് കൂടിയതുമാണ് കമ്പനികൾക്ക് വെല്ലുവിളിയായത്. നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസക്കാലയളവിൽ ആദിത്യ ബിർള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അൾട്രാടെക്ക് ഒഴികെയുള്ള സിമന്റ് കമ്പനികളുടെ ലാഭത്തിൽ കനത്ത ഇടിവുണ്ടായി. മുൻനിര സിമന്റ് കമ്പനിയായ എ.സി.സി സിമന്റ്‌സിന്റെ അറ്റാദായം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 62.4 ശതമാനം കുറഞ്ഞ് 148 കോടി രൂപയിലെത്തി. എ.സി.സിയുടെ പ്ളാന്റുകൾ ദീർഘകാലം അടച്ചിട്ടിരുന്നു. ഡാൽമിയ സിമന്റ്സിന്റെ അറ്റാദായം 52 ശതമാനം കുറഞ്ഞ് 188 കോടി രൂപയിലെത്തി. പ്രവർത്തന വരുമാനം ഏഴ് ശതമാനം കൂടി 3,890 കോടി രൂപയിലെത്തിയിട്ടും ലാഭക്ഷമത ഉയർത്താൻ കഴിഞ്ഞില്ല. മറ്റൊരു ചെറുകിട കമ്പനിയായ ഓറിയന്റ് സിമന്റ്‌സിന്റെ അറ്റാദായം 62 ശതമാനം ഇടിവോടെ 77 കോടി രൂപയിലെത്തി.

മറ്റ് കമ്പനികളുടെ ലാഭം ഇടിഞ്ഞപ്പോൾ രാജ്യത്തെ ഏറ്റവും വലിയ സിമന്റ് ഉത്പാദകരായ അൾട്രാടെക്ക് സിമന്റിന്റെ അറ്റാദായം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 17 ശതമാനം വർദ്ധനയോടെ 2,599 കോടി രൂപയായി. മുൻവർഷം ഇതേകാലയളവിൽ കമ്പനിയുടെ അറ്റാദായം 2,221 കോടി രൂപയായിരുന്നു. സംയോജിത അറ്റ വിൽപ്പന 16.3 ശതമാനം ഉയർന്ന് 24,465 കോടി രൂപയിലെത്തി. വില വർദ്ധന, ചെലവ് ചുരുക്കൽ, മികച്ച വിൽപ്പന എന്നിവയാണ് അൾട്രാടെക്കിന് സഹായകമായത്.

ലാഭത്തിലെ ഇടിവ്

അൾട്രാടെക്ക് 17 ശതമാനം വർദ്ധന

എ.സി.സി 62 ശതമാനം ഇടിവ്

ഡാൽമിയ 52 ശതമാനം ഇടിവ്

ഓറിയന്റ് 62 ശതമാനം ഇടിവ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CEMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360