
കൊച്ചി : രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഒഫ് ഇന്ത്യയുടെ അറ്റാദായം നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസത്തിൽ 36.23 ശതമാനം വാർഷിക വളർച്ചയോടെ 3,068 കോടി രൂപയായി. മുൻവർഷം സമാന പാദത്തിൽ അറ്റാദായം 2,252 കോടി രൂപയായിരുന്നു. ബാങ്കിന്റെ പ്രവർത്തന ലാഭം 25.99 ശതമാനം വളർച്ചയോടെ 5,051 കോടി രൂപയായും ഉയർന്നു. ബാങ്ക് കൈകാര്യം ചെയ്യുന്ന മൊത്തം ബിസിനസ് 16.57 ശതമാനം വർദ്ധിച്ച് 17.55 ലക്ഷം കോടി രൂപയായി. ആഗോള നിക്ഷേപം 14.90 ശതമാനം വളർച്ചയോടെ 9.57 ലക്ഷം കോടി രൂപയായി. ആഗോള വായ്പ 18.64 ശതമാനം വർദ്ധിച്ച് 7.97 ലക്ഷം കോടി രൂപയിലെത്തി. ബാങ്കിന്റെ അസറ്റ് ക്വാളിറ്റിയും കൂടുതൽ ശക്തമായിട്ടുണ്ട്. മൊത്തം കിട്ടാക്കടം ഇക്കാലയളവിൽ 111 ബേസിസ് പോയിന്റുകൾ മെച്ചപ്പെട്ട് 1.81 ശതമാനമായി. സമാന കാലയളവിൽ അറ്റ എൻ.പി.എ 0.51ശതമാനത്തിലേക്ക് താഴ്ന്നു. കാസ (കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട്) നിക്ഷേപം മുൻവർഷത്തെ അപേക്ഷിച്ച് 7.18 ശതമാനം ഉയർന്ന് 3.02 ലക്ഷം കോടി രൂപയായി. ബാങ്കിന്റെ കാസ അനുപാതം 36.68 ശതമാനമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |