SignIn
Kerala Kaumudi Online
Sunday, 28 June 2026 12.40 AM IST

മതി, യുദ്ധം: വെടിനിറുത്തലിന് ഇന്ത്യയുടെ ഇടപെടൽ

READ ENGLISH VERSION

trump

ന്യൂഡൽഹി: അമേരിക്ക-ഇറാൻ യുദ്ധം നിറുത്താൻ മദ്ധ്യസ്ഥതാ ശ്രമവുമായി ഇന്ത്യ. ഹോർമുസ് കടലിടുക്കിലെ കപ്പൽ നീക്കമടക്കം പശ്ചിമേഷ്യയിൽ കനത്ത പ്രതിസന്ധി രൂപപ്പെട്ടതോടെയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഇറാൻ പ്രസിഡന്റിനെയും ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളെയും നേരിട്ട് വിളിച്ചിരുന്നു.

യു.എസ്-ഇസ്രയേൽ, ഇറാൻ രാജ്യങ്ങളുമായി അടുത്ത സൗഹൃദമുള്ള ഭരണാധികാരി എന്ന നിലയിലാണ് മോദിയുടെ ഇടപെടൽ. പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ ട്രംപുമായി ചർച്ച ചെയ്‌തെന്ന് മോദി എക്‌സിൽ കുറിച്ചു. സംഘർഷം ലഘൂകരിക്കുന്നതിനും എത്രയുംവേഗം സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇന്ത്യ പിന്തുണ നൽകുന്നു. സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടിയുള്ള ശ്രമം തുടരാൻ ധാരണയായി. ഹോർമുസ് തുറക്കേണ്ടതിന്റെ പ്രാധാന്യവും ഇരുനേതാക്കളും ചർച്ച ചെയ്‌തു.

ഇന്നലെ രാജ്യസഭയിൽ നടത്തിയ പ്രസ്‌താവനയിൽ ഹോർമുസിലെ തടസം നീക്കേണ്ടതിന്റെ അനിവാര്യത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഇറാൻ വിദേശകാര്യമന്ത്രി അബാസ് അരാഘ്‌ചിയുമായി തുടക്കംമുതൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ബന്ധപ്പെടുന്നുണ്ട്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായും സംസാരിച്ചിരുന്നു. ഇറാൻ, ഗൾഫ് രാജ്യങ്ങളുടെ അംബാസഡർമാരുമായും നിരന്തരം ചർച്ച നടത്തുന്നു.

ട്രംപിനെ വിറപ്പിച്ച് റഷ്യൻ എസ് 400

ടെഹ്റാൻ: ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയ്ക്ക് ഭീഷണിയായി റഷ്യൻ എസ് 400 വ്യോമ പ്രതിരോധ സംവിധാനം. ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ഇറാന് നൽകിയ അന്ത്യശാസനത്തിന് പൊടുന്നനെ അഞ്ചുദിവസത്തെ ഇടവേള ട്രംപ് പ്രഖ്യാപിച്ചത് ഇതുമൂലമെന്ന് സൂചന. അമേരിക്കയുടെ അഞ്ചാംതലമുറ യുദ്ധവിമാനങ്ങളെ തകർക്കാൻ ശേഷിയുള്ള മിസൈലുകൾ അടങ്ങിയതാണ് എസ് 400.

യു.എസ് വ്യോമസേനയുടെ അഭിമാനമായ എഫ് 35 സ്റ്റെൽത്ത് വിമാനം തകരാറുപറ്റി ഗൾഫിലെ വ്യോമത്താവളത്തിൽ അടിയന്തരമായി ഇറക്കേണ്ടിവന്നതും എഫ് 15 വിമാനം നഷ്‌ടമായെന്ന വാർത്തകളും എസ് 400ന്റെ പ്രതിരോധം കാരണമെന്നാണ് സൂചന. ഇറാന് ശക്തമായി തിരിച്ചടിക്കാൻ റഷ്യൻ സഹായമുണ്ടെന്ന റിപ്പോർട്ടുകളെ ശരിവയ്ക്കുന്നതാണിത്. യുദ്ധം മുറുകിയപ്പോൾതന്നെ ഇറാനെ സഹായിക്കാൻ റഷ്യ എസ് 400 യൂണിറ്റുകൾ എത്തിച്ചെന്നാണ് വിവരം. റഷ്യൻ സൈനികരാണ് ഓപ്പറേറ്റ് ചെയ്യുന്നത്.

ഓപ്പറേഷൻ സിന്ദൂർ താരം

1.ഓപ്പറേഷൻ സിന്ദൂറിൽ പാക് ഡ്രോൺ ആക്രമണത്തെ ചെറുക്കാൻ ഇന്ത്യൻ അതിർത്തിയിൽ എസ് 400 വഹിച്ചത് നിർണായക പങ്ക്

2.ശത്രുലക്ഷ്യത്തെ 600 കിലോമീറ്റർ ദൂരത്തുനിന്നേ കണ്ടെത്തുന്ന റഡാറുകൾ. 400 കിലോമീറ്റർ ദൂരപരിധിക്കുള്ളിലെ വിമാനങ്ങളും ഡ്രോണുകളും വീഴ്‌ത്തും

3.ഒരേസമയം 200ലേറെ ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യും, 36 ലക്ഷ്യങ്ങളെ തകർക്കും. ഒരേസമയം 160 മിസൈലുകൾ തൊടുക്കാനും ശേഷി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360