
ബംഗളൂരു:തമിഴ്നാട്ടിൽ ഡി.എം.കെ വിട്ട് ടി.വി.കെയ്ക്ക് പിന്തുണ നൽകിയ കോൺഗ്രസ് നടപടിയെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.കോൺഗ്രസ് പരാദമാണെന്നും പിന്നിൽ നിന്ന് കുത്തുന്നവരാണെന്നും ആരോപിച്ചു.കഴിഞ്ഞ 25-30 വർഷമായി കോൺഗ്രസ് ഡി.എം.കെയുമായി അടുത്ത ബന്ധം പുലർത്തി.പ്രതിസന്ധികളിൽ നിന്ന്പലതവണ കോൺഗ്രസിനെ കരകയറ്റിയത് അവരാണ്.പത്തുവർഷം യു.പി.എ സർക്കാർ നിലനിന്നത് ഡി.എം.കെയുടെ പിന്തുണയിലാണ്.എന്നാൽ അധികാരത്തോടുള്ള ആർത്തി മൂലം കിട്ടിയ ആദ്യ അവസരത്തിൽ തന്നെ കോൺഗ്രസ് ഡി.എം.കെയെ പിന്നിൽ നിന്ന് കുത്തി.രാഷ്ട്രീയ പ്രസക്തി നിലനിറുത്താൻ കോൺഗ്രസിന് ഇപ്പോൾ മറ്റൊരു പാർട്ടിയെ കൂടി ആവശ്യമായി വന്നിരിക്കുന്നു.മറ്റൊരാളുടെ പുറത്ത് കയറി സവാരി ചെയ്യാനാണ് അവർ നോക്കുന്നത് - മോദി പറഞ്ഞു.
സുരക്ഷാ വീഴ്ച: മോദി കടന്നുപോകേണ്ട
വഴിയിൽ സ്ഫോടക വസ്തു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു മുന്നോടിയായി ബംഗളൂരുവിൽ വൻ സുരക്ഷാ വീഴ്ച.
അദ്ദേഹത്തിന്റെ വാഹന വ്യൂഹം കടന്നു പോകാൻ നിശ്ചയിച്ചിരുന്ന പാതയുടെ സമീപത്തു നിന്ന് സ്ഫോടകവസ്തു കണ്ടെത്തി.രണ്ട് ജെലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. കഗ്ഗാലിപുരയിലെ താത്തഗുനിക്ക് സമീപമാണ് സംഭവം. ആർട്ട് ഒഫ് ലിവിംഗിന്റെ 45-ാം വാർഷികാഘോഷത്തിലും ശ്രീ ശ്രീ രവിശങ്കറിന്റെ 70-ാം പിറന്നാളാഘോഷത്തിലും പങ്കെടുക്കാനാണ് മോദിയെത്തിയത്.
പരിപാടി നടക്കേണ്ട സ്ഥലത്തു നിന്ന് മൂന്ന് കിലോമീറ്റർ അകലെ നടപ്പാതയിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
അതിനിടെ ആർട്ട് ഒഫ് ലിവിംഗിന്റെയും എച്ച്.എ.എല്ലിന്റെയും പരിസരത്ത് സ്ഫോടനം നടത്തുമെന്ന് ഭീഷണി മുഴക്കിയ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരുകയാണ്. ഇന്നലെ രാവിലെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചാണ് ഇയാൾ ഭീഷണി മുഴക്കിയത്. ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് ഇന്റലിജൻസ് ഏജൻസികൾ ഡൽഹിയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഭവം. പൊലീസും മറ്റ് സുരക്ഷാ ഏജൻസികളും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |