
പൂനെ: യുവ വ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സിയ ഗോയലിനെതിരെ കടുത്ത പ്രതികരണവുമായി മാതാപിതാക്കൾ. കുറ്റക്കാരിയെന്ന് കണ്ടാൽ കേതനെ പ്രതികൾ കൊലപ്പെടുത്തിയതുപോലെ ലോഗഹഡ് കോട്ടയുടെ മുകളിൽ നിന്നും എറിഞ്ഞ് സിയയെയും ശിക്ഷിക്കണമെന്നാണ് അമ്മ പൂജ ഗോയൽ പറയുന്നത്.
'ഇവരിലാരെങ്കിലും കുറ്റം ചെയ്‌തെന്ന് തെളിഞ്ഞാൽ ശക്തമായ ശിക്ഷതന്നെ നൽകണം. എന്റെ മകളാണെങ്കിലും ശരി. എന്റെ മകൾ കുറ്റക്കാരിയെന്ന് തെളിഞ്ഞാൽ കേതനെ താഴേക്ക് എറിഞ്ഞ കോട്ടയിലെ അതേസ്ഥലത്ത് നിന്നും അവളെയും എടുത്തെറിയണം.കുടുംബത്തിന് സിയ-കേതൻ വിവാഹത്തിൽ അത്ര പ്രതീക്ഷ ഉണ്ടായിരുന്നു.
കേതന്റെ കുടുംബവും സിയയെ അത്രത്തോളം സ്‌നേഹത്തോടെയും അടുപ്പത്തോടെയും കണ്ടിരുന്നു. വിവാഹത്തിനുള്ള ചടങ്ങുകളെല്ലാം ഭംഗിയായി നടക്കുകയായിരുന്നു. അവളുടെ പിറന്നാളിനുള്ള ചടങ്ങുകൾ വരെ അവർ ഏർപ്പെടുത്തിയിരുന്നു. സിയയ്‌ക്ക് കേതനോട് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ ഞങ്ങളുമായി ചർച്ച ചെയ്യണമായിരുന്നു. കല്യാണത്തെക്കുറിച്ച് അത്തരത്തിലൊരിക്കലും സിയ പറഞ്ഞിട്ടില്ല. ചേതനെക്കുറിച്ച് ഞങ്ങൾക്കറിയില്ല. വിവാഹനിശ്ചയശേഷം കേതനുമായേ അവൾ സംസാരിച്ചിട്ടുള്ളു. അവൾ കുറ്റം ചെയ്‌തെന്ന് സമ്മതിച്ചതായി ഞങ്ങൾ കരുതുന്നില്ല. അന്വേഷണത്തിൽ അവൾ കുറ്റക്കാരിയെന്ന് തെളിഞ്ഞാൽ കടുത്ത ശിക്ഷതന്നെ നൽകണം.' -പൂജ ഗോയൽ പറഞ്ഞു.
വിവാഹത്തിനായി ഉദയ്‌പൂരിൽ മൂന്ന് കോടിയുടെ റിസോർട്ട് ബുക്ക് ചെയ്‌തു. ഇതുവരെ വിവാഹത്തിന് അഞ്ച് കോടി ചെലവിട്ടെന്നാണ് സിയയുടെ മാതാപിതാക്കൾ പറയുന്നത്. സംഭവമറിഞ്ഞ സിയയുടെ പിതാവ് പ്രവീൺ ഗോയൽ ഹൃദയാഘാതത്തെതുടർന്ന് ആശുപത്രിയിലായി. മകൾ കുറ്റക്കാരിയെങ്കിൽ കടുത്ത ശിക്ഷ നൽകണമെന്നാണ് പ്രവീണിന്റെയും ആവശ്യം.
ജൂൺ 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലോഹഗഡ് കോട്ടയിൽ സിയയോടൊപ്പം ട്രക്കിംഗ് യാത്രയ്ക്കിടെ കേതൻ അഗർവാൾ ഒരു മലയിടുക്കിൽ വീണ് മരിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്നത്. അപകടമരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ലോണാവാല റൂറൽ പൊലീസ് അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ലോഹഗഡ് കോട്ടയിലെ ടിക്കറ്റ് കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ആസൂത്രിത കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ അറിവായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |