
ന്യൂഡൽഹി: ജൂൺ 3ന് കർണാടക മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുമ്പോൾ ഡി.കെ. ശിവകുമാർ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പേരിലുള്ള രാജ്യത്തെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രി എന്ന റെക്കാഡ് മറികടക്കും. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിനൊപ്പം നൽകിയ കണക്കിൽ അദ്ദേഹത്തിന്റെ ആകെ പ്രഖ്യാപിത ആസ്തി 1,413 കോടിയെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എ.ഡി.ആർ) കണക്കുകൾ പറയുന്നു.
931 കോടി സ്വത്തുള്ള ചന്ദ്രബാബു നായിഡു രണ്ടാം സ്ഥാനം നിലനിറുത്തുമ്പോൾ മൂന്നാം സ്ഥാനം തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് (648 കോടി). ഡി.കെ വരുന്നതോടെ ഇന്ത്യയിലെ ഏറ്റവും ധനികരായ മൂന്ന് മുഖ്യമന്ത്രിമാരും ദക്ഷിണേന്ത്യക്കാർ. എ.ഡി.ആർ പുറത്തുവിട്ട 2025 ലെ പട്ടികയിൽ,നായിഡുവിന് പിന്നിൽ അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു (332 കോടി) ആയിരുന്നു രണ്ടാം സ്ഥാനത്ത്. ഡി.കെയുടെ മുൻഗാമിയും മുൻ കർണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ മൂന്നാം സ്ഥാനത്തും (51 കോടി). അന്നത്തെ പട്ടികയിൽ സ്വത്ത് കുറവുള്ളയാൾ തൃണമൂൽ നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായിരുന്ന മമതാ ബാനർജിയായിരുന്നു (15 ലക്ഷം). സമ്പത്ത് കുറഞ്ഞവരിൽ ജമ്മുകാശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള (55ലക്ഷം),കേരള മുൻമുഖ്യമന്ത്രി പിണറായി വിജയൻ (ഒരു കോടി) എന്നിവരും ഇടം നേടി.
ബ്രാൻഡുകളുടെ
ഇഷ്‌ടക്കാരൻ
ലളിത വസ്ത്രധാരണം ശീലമാക്കിയ സാധാരണ രാഷ്‌ട്രീയക്കാരിൽ നിന്ന് വ്യത്യസ്‌തനാണ് ഡി.കെ. ശിവകുമാർ. മുന്തിയ ആഡംബര ബ്രാൻഡുകളായ ലൂയി വിറ്റൺ,ചാനൽ,പ്രാഡ,ബർബെറി,ഗൂച്ചി എന്നിവയുടെ സാധനങ്ങളേ ഉപയോഗിക്കൂ. കൈയിൽ റോളക്സ്,കാർട്ടിയർ തുടങ്ങിയ പ്രീമിയം വാച്ചുകൾ. 'ഡി.കെ' മോണോഗ്രാം പതിപ്പിച്ച് കസ്റ്റമൈസ് ചെയ്ത ഷർട്ടുകളും കുർത്തകളുമാണ് ധരിക്കുക.
2008ൽ 75.5 കോടിയായിരുന്നു ഡി.കെയുടെ സ്വത്ത്. അത് 2013ൽ 251 കോടി,2018ൽ 840 കോടി,2023ൽ 1,413 കോടിയായും വർദ്ധിച്ചു. പാരമ്പര്യമായി ലഭിച്ച കൃഷിഭൂമിക്കൊപ്പം ബംഗളൂരു,മൈസൂരു,കനകപുര,ഡൽഹി എന്നിവിടങ്ങളിലായി ഫ്ളാറ്റുകളും വീടുകളും വാങ്ങിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |