
ചെന്നൈ: നടൻ അജിത്തിന്റെ അമ്മ മോഹിനി മണിയുടെ മരണത്തെ തുടർന്ന് അനുശോചനം അറിയിക്കാൻ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് ശനിയാഴ്ച ചെന്നൈയിലെ നടൻ അജിത് കുമാറിന്റെ വസതിയിലെത്തി. നടി തൃഷയോടൊപ്പമാണ് വിജയ് അജിത്തിന്റെ വീട്ടിലെത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഒരു ബിഎംഡബ്ല്യൂ കാറിൽ സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് വിജയ്‌യും തൃഷയും അജിത്തിന്റെ വീട്ടിലേക്കെത്തുന്നത്.
വാഹനത്തിൽ നിന്ന് ഇറങ്ങിയ വിജയ് അജിത്തിനെ സ്‌നേഹപൂർവ്വം കെട്ടിപ്പിടിച്ചു. തമിഴ് സിനിമാ മേഖലയിൽ വിജയ്- അജിത് ബന്ധത്തിന്റെ പശ്ചാത്തലത്തിൽ ഈ സന്ദർശനം വലിയ ശ്രദ്ധ പിടിച്ചുപറ്റി. 1995ൽ പുറത്തിറങ്ങിയ രാജാവിൻ പാർവൈയിലെ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. രണ്ട് സൂപ്പർ താരങ്ങളും സ്‌ക്രീനിൽ എത്തിയ ഒരേയൊരു സിനിമയായിരുന്നു ഇത്.
ഇരുവരും തമ്മിൽ ശത്രുതയുണ്ടെന്ന തരത്തിൽ ആരാധകർ ഉയർത്തിക്കാട്ടുന്നുണ്ടെങ്കിലും രണ്ട് താരങ്ങളും പരസ്യമായി സൗഹൃദം നിലനിർത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് വിജയത്തിൽ വിജയ്‌യെ അഭിനന്ദിക്കാൻ അജിത്ത് നേരിട്ട് വിളിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അജിത്തുമായി ഏറ്റവും അടുത്ത സൗഹൃദം സൂക്ഷിക്കുന്ന നടിയാണ് തൃഷ. ജി, യെന്നൈ അരിന്താൽ, അടുത്തിടെ പുറത്തിറങ്ങിയ വിടാമുയാർച്ചി തുടങ്ങിയ ചിത്രങ്ങളിലും അവർ അജിത്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു അജിത്തിന്റെ അമ്മ മോഹിനി മണി അന്തരിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. ചെന്നൈയിലെ പാലവാക്കത്തുള്ള അജിത് കുമാറിന്റെ വസതിയിലായിരിക്കും അന്ത്യ കർമങ്ങൾ നടക്കുക. രണ്ട് വർഷം മുമ്പായിരുന്നു അജിത്തിന്റെ അച്ഛൻ സുബ്രഹ്മണി മരണപ്പെടുന്നത്. ഈ വിയോഗത്തിന്റെ വേദനയിൽ നിന്നും തിരിച്ചുവരുന്നതിനിടെയാണ് അജിത്തിന് അമ്മയേയും നഷ്ടമാകുന്നത്. അനിൽ കുമാർ, അനൂപ് കുമാർ എന്നിവരാണ് അജിത്തിന്റെ സഹോദരങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |