
ന്യൂഡൽഹി: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റേയും (ഡി.ആർ.ഡി.ഒ), ഇന്ത്യൻ ആർമിയുടേയും പ്രതിരോധരേഖകൾ ചോർന്നതായി റിപ്പോർട്ട്. ഡി.ആർ.ഡി.ഒയുമായി ബന്ധപ്പെട്ട ഡിസൈൻ രേഖകൾ ഉൾപ്പെടെ, 31 ജി.ബി ഡാറ്റ 8,000 യു.എസ് ഡോളറിനു ഇന്റർനെറ്റിൽ വില്പനയ്‌ക്ക് വച്ചതായാണ് അലിബി ഗ്ളോബൽ ത്രെറ്റ് ഇന്റലിജൻസ് ഗ്രൂപ്പിന്റെ കണ്ടെത്തൽ. കേന്ദ്രസർക്കാരോ, ഡി.ആർ.ഡി.ഒയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
രണ്ടാഴ്ചയായി ഇന്റർനെറ്റിലുള്ള ഫയലുകളിൽ സാമ്പിൾ വിവരങ്ങൾ മാത്രമാണുള്ളത്. മുതിർന്ന ശാസ്ത്രജ്ഞരുടെ ഒപ്പുകൾ, സീലുകൾ തുടങ്ങിയ വിവരങ്ങളുമുണ്ട്. പണം നൽകിയാൽ കൂടുതൽ വിശദാംശങ്ങൾ ലഭിക്കുമെന്നാണ് അവകാശവാദം.
രേഖകളുടെ ആധികാരികത ഫോറൻസിക് പരിശോധനയിലൂടെയേ തെളിയിക്കാനാകൂവെന്ന് സൈബർ വിദഗ്‌ദ്ധർ വ്യക്തമാക്കുന്നു.
തന്ത്രപ്രധാനമായ കൂടംകുളം ആണവനിലയത്തിന്റെ വിവിധ ഭാഗങ്ങളുടെ ബ്ലൂപ്രിന്റുകൾ ഉൾപ്പെടെ ഡാർക്ക് വെബ്ബിൽ വില്പനയ്ക്കു വച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു.
ബാങ്ക് ഒഫ് ബറോഡയിലും ചോർച്ച
ബാങ്ക് ഒഫ് ബറോഡയിൽ ഉപഭോക്താക്കളുടെ അക്കൗണ്ട്, ആധാർ നമ്പർ, വായ്‌പാ വിവരങ്ങൾ എന്നിവ ചോർന്നു. ഇന്ത്യയിലുടനീളമുള്ള നിരവധി ശാഖകളിൽ നിന്നുള്ള വ്യക്തിഗത, കോർപ്പറേറ്റ് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഒരു ടിബി വലുപ്പമുള്ള ഫയലുകൾ ഡാർക്ക് വെബിൽ പ്രത്യക്ഷപ്പെട്ടെന്നാണ് വിവരം. സമഗ്ര അന്വേഷണത്തിനു ഉത്തരവിട്ടതായി ബാങ്ക് അറിയിച്ചു. ഹാക്കർമാർ ചോർത്തിയ വിവരങ്ങൾ സോഫ്റ്റ്‌വെയർ എൻജിനിയറും കാഷ്‌ലെസ് കൺസ്യൂമർ സ്ഥാപകനുമായ ശ്രീകാന്ത് ലക്ഷ്മണനാണ് പുറത്തുവിട്ടത്. 25ന് ശനിയാഴ്ച ഡാർക്ക് വെബ് ട്രാക്കിംഗ് സൈറ്റായ റാൻസംവെയർ.ലൈവ് എന്ന സൈറ്റിലാണ് വിവരങ്ങൾ ആദ്യമായി കണ്ടെത്തിയത്. ട്രിപ്പിൾസ് എന്ന പുതിയ ഹാക്കിംഗ് ഗ്രൂപ്പാണ് വിവരങ്ങൾ ചോർത്തിയതെന്ന് ശ്രീകാന്ത് പറയുന്നു.
ചോർച്ച ജീവനക്കാരന്റെ
ഇ- മെയിലിലൂടെ
ജീവനക്കാരന്റെ ഇ- മെയിൽ അക്കൗണ്ട് വിവരങ്ങൾ ചോർത്തി, അതിലൂടെ സെർവറിൽ നിന്നുള്ള വിവരങ്ങൾ ഹാക്ക് ചെയ്തെന്നാണ് വിവരം. വിവരം ഉടൻ തിരിച്ചറിഞ്ഞെന്നും നിയന്ത്രണ നടപടികൾ നടപ്പിലാക്കിയെന്നും ബാങ്ക് ഒഫ് ബറോഡ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |