
കിവീസിനെതിരെ ഇന്ത്യയ്ക്ക് 44 റൺസ് ജയം
ഇന്ത്യ -ഓസ്ട്രേലിയ സെമി നാളെ
ദുബായ് : ഗ്രൂപ്പ് റൗണ്ടിലെ മൂന്നാം മത്സരത്തിലും വിജയിച്ച ഇന്ത്യ ചാമ്പ്യൻസ് ട്രോഫി സെമിയിൽ നാളെ ഓസ്ട്രേലിയയെ നേരിടും. ഇന്നലെ 44 റൺസിനാണ് ഇന്ത്യ കിവീസിനെ കീഴടക്കിയത്. ഇതോടെ ഇന്ത്യ എ ഗ്രൂപ്പ് ജേതാക്കളായി. ഓസ്ട്രേലിയ ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരാണ്. കിവീസ് ബുധനാഴ്ച രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ നേരിടും.
ഇന്നലെ ആദ്യം ബാറ്റ് ചെയ്ത് 249/9 എന്ന സ്കോറിൽ ഒതുങ്ങിയെങ്കിലും കിവീസിനെ 45.3 ഓവറിൽ 205 റൺസിന് ആൾഔട്ടാക്കിയാണ് ഇന്ത്യ മൂന്നാം വിജയം ആഘോഷിച്ചത്. ശ്രേയസ് അയ്യർ (79),ഹാർദിക് പാണ്ഡ്യ (45), അക്ഷർ പട്ടേൽ (42) എന്നിവരുടെ ബാറ്റിംഗും അഞ്ചുവിക്കറ്റ് നേടിയ വരുൺ ചക്രവർത്തിയുടെ ബൗളിംഗുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
6.4 ഓവറിൽ 30 റൺസെടുക്കുന്നതിനിടയിൽ മൂന്ന് വിക്കറ്റുകൾ നഷ്ടമായ ഇന്ത്യയെ നാലാം വിക്കറ്റിൽ ഒരുമിച്ച ശ്രേയസ് അയ്യരും (79) അക്ഷർ പട്ടേലും (42) കൂട്ടിച്ചേർത്ത 90 റൺസാണ് വൻതകർച്ചയിൽ നിന്ന് രക്ഷിച്ചത്. മൂന്നാം ഓവറിൽ ശുഭ്മാൻ ഗില്ലിനെ (2)എൽ.ബിയിൽ കുരുക്കി മാറ്റ് ഹെൻറിയാണ് ആദ്യ പ്രഹരമേൽപ്പിച്ചത്. ആറാം ഓവറിൽ ജാമീസണിന്റെ പന്തിൽ യംഗിന് ക്യാച്ച് നൽകി രോഹിതും (15) കൂടാരം കയറി. അടുത്തഓവറിൽ ഹെൻറിയുടെ പന്തിൽ വിരാടിനെ അത്ഭുതകരമായ ഡൈവിംഗ് ക്യാച്ചിലൂടെ ഫിലിപ്പ്സ് തിരിച്ചയച്ചതോടെയാണ് ഇന്ത്യ 30/3 എന്ന നിലയിലായത്.
തുടർന്ന് ക്രീസിലെത്തിയ ശ്രേയസും അക്ഷറും ചേർന്ന് ചെറുത്തുനിന്നു.ആദ്യ പത്തോവറിൽ 36 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. 25-ാം ഓവറിൽ 100 കടന്നു. പതിയെ താളത്തിലേക്ക് എത്തിയ ശ്രേയസ് അർദ്ധ സെഞ്ച്വറി തികയ്ക്കുകയും ചെയ്തു.61 പന്തുകളിൽ മൂന്നുഫോറും ഒരു സിക്സുമടിച്ച അക്ഷർ 30-ാം ഓവറിൽ രചിൻ രവീന്ദ്രയുടെ പന്തിൽ വില്യംസണിന് ക്യാച്ച് നൽകി മടങ്ങി. തുടർന്ന് കെ.എൽ രാഹുലു(23)മൊത്ത് മുന്നോട്ടുനയിച്ച ശ്രേയസ് 37-ാം ഓവറിൽ ടീം സ്കോർ 172ൽ നിൽക്കേ പുറത്തായി. 98 പന്തുകളിൽ നാലുഫോറും രണ്ട് സിക്സും പറത്തിയ ശ്രേയസ് ഒ റൂർക്കേയുടെ പന്തിൽ യംഗിന് ക്യാച്ച് നൽകുകയായിരുന്നു.40-ാം ഓവറിൽ രാഹുലും മടങ്ങി. തുടർന്ന് ഹാർദിക് പാണ്ഡ്യ (45),രവീന്ദ്ര ജഡേജ (16) എന്നിവർ നടത്തിയ പോരാട്ടമാണ് 249ലെത്തിച്ചത്.
കിവീസിന് വേണ്ടി മാറ്റ് ഹെൻറി അഞ്ചുവിക്കറ്റും ജാമിസൺ.ഒ റൂർക്കെ,സാന്റ്നർ,രചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടിക്കിറങ്ങിയ കിവീസിന്റെ രവീന്ദ്രയെ (6) നാലാം ഓവറിൽ പാണ്ഡ്യയുടെ പന്തിൽ അക്ഷർ തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കി. തുടർന്നിറങ്ങിയ കേൻ വില്യംസൺ ഒരറ്റത്ത് പോരാടവേ വിൽ യംഗ് (22),ഡാരിൽ മിച്ചൽ (17), ടോം ലതാം (14),ഗ്ളെൻ ഫിലിപ്പ്സ് (12) എന്നിവർ പുറത്തായി.ഇതോടെ കിവീസ് 151/5 എന്ന നിലയിലായി.തുടർന്ന് വരുണും കുൽദീപും ചേർന്ന് വാലറ്റത്തെ എറിഞ്ഞിട്ടു. പത്തോവറിൽ 42 റൺസ് വഴങ്ങിയാണ് വരുൺ അഞ്ചുവിക്കറ്റ് നേടിയത്. കുൽദീപ് രണ്ടും അക്ഷർ,ഹാർദിക്, ജഡേജ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി. വരുൺ ചക്രവർത്തിയാണ് മാൻ ഒഫ് ദ മാച്ച്.
300 വിരാട് കൊഹ്‌ലിയുടെ 300-ാമത് ഏകദിന മത്സരമായിരുന്നു ഇന്നലത്തേത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |