
ലക്‌നൗ: ഈ ഐ.പി.എൽ സീസണിലെ ആദ്യ സൂപ്പർ ഓവർ പിറന്ന മത്സരത്തിൽ ലക്‌നൗ സൂപപ്ർ ജയ്‌ന്റ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ത്രില്ലിംഗ് ജയം. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. മറുപടിക്കിറങ്ങിയ ലക്‌നൗ അവസാന പന്തിൽ മുഹമ്മദ് ഷമി നേടിയ സിക്സിലൂടെ ടൈ പിടിക്കുകയായിരുന്നു (155/8)
സൂപ്പർ ഓവറിൽ
കൊൽക്കത്തയ്‌ക്കായി സൂപ്പർ ഓവർ എറിഞ്ഞ സുനിൽ നരെയ്ൻ ആദ്യ പന്തിൽ നിക്കോളാസ് പുരാനെ (0) ക്ലീൻബൗൾഡാക്കി. അടുത്ത പന്തിൽ പന്ത് സിംഗിളെടുത്തു. എന്നാൽ അടുത്ത പന്തിൽ എയ്‌ഡൻ മർക്രത്തിന്റെ സിക്സിനുള്ള ശ്രമം ലോംഗ് ഓണിൽ റോവ്‌മാൻ പവലും റിങ്കു സിംഗ് ചേർന്ന് കൂട്ടായ പ്രവർത്തനത്തിലൂടെ ക്യാച്ചാക്കി മാറ്റി. കൊൽക്കത്തയ്ക്ക് ജയിക്കാൻ രണ്ട് റൺസ് മാത്രം. ലക്‌നൗവിനായി സൂപ്പർ ഓവർ എറിഞ്ഞ പ്രൻസ് യാദവിന്റെ ആദ്യ പന്ത് തന്നെ ഫോറടിച്ച് റിങ്കുസിംഗ് കൊൽക്കത്തയ്‌ക്ക് സീസണിലെ രണ്ടാം ജയം സമ്മാനിച്ചു.
റിങ്കുവാണ് താരം
കൊൽക്കത്തയുടെ ഇന്നിംഗ്‌സിനെ ഒറ്റയ്ക്ക് തോളിലേറ്റി 51 പന്തിൽ 7 ഫോറും 5 സിക്സും ഉൾപ്പെടെ 83 റൺസുമായി നോട്ടൗട്ടാവുകയും ഫിൽഡിംഗിൽ സൂപ്പർ ഓവറിലേതുൾപ്പെടെ 5 ക്യാച്ചുകൾകൈപ്പിടിയിൽ ഒതുക്കുകയും ചെയ്ത റിങ്കു സിംഗാണ് കളിയിലെ താരം.
4 ഓവറിൽ 1 മെയ്ഡനുൾപ്പെടെ 23 റൺസ് നൽകി 5 വിക്കറ്റ് വീഴ്ത്തിയ മൊഹ്സിൻ ഖാനാണ് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയുടെ റണ്ണൊഴുക്ക് തടഞ്ഞത്. സീസണിലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനമാണിത്.
മറുവശത്ത് ഒരു ഘട്ടത്തിൽ 93/7 എന്ന നിലയിലായിരുന്ന കൊൽക്കത്തയെ റിങ്കു സിംഗിന്റെ ബാറ്റിംഗ് ഭേദപ്പെട്ട ടോട്ടലിൽ എത്തിക്കുകയായിരുന്നു. ദിഗ്വേഷ് റാത്തി എറിഞ്ഞ അവസാന ഓവറിൽ റിങ്കു നേടിയ 4 തുടർ സിക്സുകളുൾപ്പെടെ കൊൽക്കത്തയുടെ അക്കൗണ്ടിൽ വന്നത് 26 റൺസാണ്. തകർക്കപ്പെടാത്ത എട്ടാം വിക്കറ്റിൽ സുനിൽ നരെയ്നൊപ്പം (പുറത്താകാതെ 4) 30 പന്തിൽ 62 റൺസിന്റെ കൂട്ടുകെട്ടാണ് റിങ്കു പടുത്തുയർത്തിയത്. ഈ കൂട്ടകെട്ടിൽ 24 പന്തിൽ 56 റൺസ് നേടിയതും റിങ്കുവായിരുന്നു. റിങ്കുവിനെക്കൂടാതെ കാമറൂൺ ഗ്രീനും (34) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. കൊൽക്കത്ത ബാറ്റർ രഘുവംശി (9) ഫീൽഡിംഗ് തടസപ്പെടുത്തിയതായി കണ്ടെത്തി തേർഡ് അമ്പയർ ഔട്ട് വിളിച്ചത് മത്സരത്തെ ചൂടുപിടിപ്പിച്ചു. ഫീൽഡ് അമ്പയർമാരോട് തർക്കിച്ച ശേഷമാണ് താരം മടങ്ങിയത്. പവർപ്ലേയിൽ 31/3 എന്ന നിലയിലായിരുന്നു കൊൽക്കത്ത.
തുടർന്ന് ബാറ്റ് ചെയ്ത ലക്‌നൗവിന്റെ ടോപ് സ്കോററായത് ക്യാപ്ടൻ റിഷഭ് പന്താണ് (38 പന്തിൽ 42). എയ്‌ഡൻ മർക്രം (27 പന്തിൽ 31), ആയുഷ് ബധോനി (19 പന്തിൽ 24), ഹിമ്മത് സിംഗ് (10 പന്തിൽ 19), മുഹമ്മദ് ഷമി (പുറത്താകാതെ 6 പന്തിൽ 11) എന്നിവരും ടൈകെട്ടാൻ നിർണായക സംഭാവന നൽകി. അവസാന ഓവറിൽ ലക്‌നൗവിന് ജയിക്കാൻ വേണ്ടത് 17 റൺസായിരുന്നു. ആ ഓവർ എറിഞ്ഞ കാർത്തിക് ത്യാഗി രണ്ടാം പന്തിൽ തുടർച്ചയായി രണ്ട് നോബോൾ എറിയുകയും ഫോർ വഴങ്ങുകയും ചെയ്തു. മൂന്നാം പന്തിൽ ഹിമ്മത് സിംഗിനെ പുറത്താക്കി.അവസാന പന്തിൽ ലക്‌നൗവിന് ജയിക്കാൻ 7റൺസ് വേണമായിരുന്നു. എന്നാൽ ആ പന്തിൽ സിക്സടിച്ച് ഷമി മത്സരം ടൈ ആക്കി സൂപ്പർ ഓവറിലേക്ക് നീട്ടുകയായിരുന്നു.
കൊൽക്കത്തയ്‌ക്കായി വരുൺ ചക്രവർത്തിയും വൈഭവ് അറോറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ന്
ഡൽഹി-ബംഗളൂരു
(രാത്രി 7.30 മുതൽ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |