SignIn
Kerala Kaumudi Online
Thursday, 04 June 2026 7.13 AM IST

ഖൽബാണ് ഈ പന്ത്!

s

ഒരാഴ്‌ചയ്ക്കപ്പുറം ലോകം ഒരു പന്തായി ചുരുങ്ങും. ആറ് ഭൂഖണ്ഡങ്ങളുടേയും ഹൃദയം ആ പന്തിൽ മിടിക്കും... ലോകത്തെ ഏറ്റവും വലിയ കായികമാമങ്കളിലൊന്നായ ഫിഫ ലോകകപ്പിന്റെ 23-ാം പതിപ്പിന് ജൂൺ 11ന് രാത്രി (ഇന്ത്യൻ സമയം 12ന് പുലർച്ചെ 12.30ന്) തുടക്കമാകും. യു.എസ്.എയും കാനഡയും മെക്‌സിക്കോയും സംയുക്തമായി വേദിയാകുന്ന ഇത്തവണത്തെ ലോകകപ്പിൽ ചരിത്രത്തിലാദ്യമായി 48 ടീമുകളാണ് മാറ്റുരയ്ക്കാൻ ഇറങ്ങുന്നത്. ഏറ്റവും കൂടുതൽ രാജ്യങ്ങൾ പങ്കെടുക്കുന്ന ഫിഫ് ലോകകപ്പെന്ന് ഖ്യാതി നേടിയ ഇത്തവണത്തെ പതിപ്പിൽ 48 ടീമുകളിലായി ആകെ 1248 താരങ്ങളാണുള്ളത്. എല്ലാ രാജ്യങ്ങളും ടീമുകളെ പ്രഖ്യാപിച്ചു കഴിഞ്ഞതോടെ നിലവിലെ ടീം ലിസ്റ്റുകൾ അനുസരിച്ച് 357 താരങ്ങൾ മുമ്പ് ഒരു ലോകകപ്പെങ്കിലും കളിച്ചവരാണ്. 891താരങ്ങൾക്കിത് കന്നി ലോകകപ്പാണ്. സ്‌കോട്ട്ലാൻഡിന്റെ 43കാരൻ ഗോൾ കീപ്പർ ക്രെയിഗ് ഗോർഡോൺ ആണ് ഈ ലോകകപ്പിലെ ഏറ്റവും പ്രായമേറിയതാരം. മെക്സിക്കോയുടെ കാമൗര താരം ഗിൽബർട്ടോ മോറയാണ് (17 വയസ്) ഏറ്റവും പ്രായം കുറഞ്ഞ താരം.

നിലവിലെ ലോക ചാമ്പ്യൻമാരായ അർജന്റീനയുടെ ഇതിഹാസ നായകൻ ലയണൽ മെസി, പോർച്ചുഗീസ് ലെജൻഡ് ക്രിസ്റ്ര്യനൊ റൊണാൾഡോ, മെക്സിക്കൻ വിസ്മയ ഗോളി ഗില്ലർമോ ഒച്ചോവ എന്നിവർക്ക് ഇത് ആറാം ലോകകപ്പാണ്. കേപ്പ് വെർഡെ, കുറസാവോ,ജോർദാൻ,​ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങൾക്ക് ഇത് കന്നി ലോകകപ്പാണ്.

ഇന്ത്യൻ സമയം 12ന് രാത്രി 12.30ന് മെക്സിക്കോയിലെ ചരിത്ര പ്രസിദ്ധമായ ആസ്‌ടെക്ക സ്റ്റേഡിയത്തിൽ ആതിഥേയരായ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഗ്രൂപ്പ് എ മത്സരത്തോടെയാണ് ഇത്തവണത്തെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കമാകുന്നത്. ജൂലായ് 19ന് (ഇന്ത്യൻ സമയം 20ന് പുലർച്ചെ 12.30ന്) ന്യൂയോർക്കിലെ ന്യൂജേഴ്‌സിയിലുള്ള മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണ് ഫൈനൽ.

കളിയിലെ കാര്യങ്ങൾ

നിലവിലെ ചാമ്പ്യൻമാർ - അർജന്റീന

ഏറ്റവും കൂടുതൽ കിരീട നേട്ടം- ബ്രസീൽ (5 തവണ)

71-രാജ്യങ്ങളിലെ 449 ക്ലബുകളിലായി കളിക്കുന്ന താരങ്ങളാണ് ഇത്തവണത്തെ ലോകകപ്പിൽ പങ്കെടുക്കുന്നത്.

കേപ്പ് വെർഡെ, കോംഗോ, ഐവറി കോസ്റ്റ്,കുറസാവോ, സെനഗൽ, ഉറുഗ്വെ എന്നീ ടീമുകളിലെ താരങ്ങൾ എല്ലാം വിദേശ ക്ലബുകളിൽ കളിക്കുന്നവാണ്.

5- ഘാനയുടെ പോർച്ചുഗീസ് കോച്ച് കാർലോസ് ക്വീറോസിന് പരിശീലകനെന്ന നിലയിൽ ഇത് തുടർച്ചയായ അഞ്ചാം ലോകകപ്പാണ്. 2010 ലോകകപ്പിൽ പോർച്ചുഗലിന്റെയും 2014,​ 18,​22 ലോകകപ്പുകളിൽ ഇറാന്റെയും പരിശീലകനായിരുന്നു ക്വീറോസ്.

3- ഇതുവരെയുള്ള ഫിഫ ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ ആതിഥേയ രാജ്യങ്ങളുള്ള പതിപ്പ് ഇത്തവണത്തേതാണ്. (3 രാജ്യങ്ങൾ,​ യു.എസ്.എ,​ കാനഡ,​ മെക്സിക്കോ)​.

16- സ്റ്റേഡിയങ്ങളിലായാണ് ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾ നടക്കുക. ഇതിലെ 11 സ്റ്റേഡിയങ്ങളും യു.എസ്.എയിലാണ്. മെക്‌സിക്കോയിലെ മൂന്നും കാനഡയിലെ രണ്ടും സ്റ്രേഡിയങ്ങളാണ് ലോകകപ്പ് വേദികളായി നിശ്ചയിച്ചിട്ടുള്ളത്. ഗാലറിയിൽ 87,​500 ഇരിപ്പിടങ്ങളുള്ള മെക്സി‌ക്കോയിലെ ആസ്‌ടെക്ക സ്റ്റേഡിയമാണ് കൂട്ടത്തിൽ ഏറ്റവും വലുത്.

104- ആകെ 104 മത്സരങ്ങളാണ് ഇത്തവണത്തെ ലോകകപ്പിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, 1, 10 RUPEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360