SignIn
Kerala Kaumudi Online
Friday, 07 August 2026 5.25 AM IST

കിരീ‌ടം തേടി വീണ്ടും കൊച്ചിയുടെ കടുവകൾ

kcl

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കപ്പുയർത്തി ഒരു വർഷത്തിന് ശേഷം വീണ്ടുമൊരു കെ.സി.എൽ ടൂർണമെന്റിന് ഇറങ്ങുമ്പോൾ കൊച്ചിൻ ബ്ളൂ ടൈഗേഴ്സിനൊപ്പം സഞ്ജു ഇല്ലായിരിക്കാം. പക്ഷേ ഒരുകൊല്ലം മുമ്പ് കിരീടഗർജനം നടത്തിയ കടുവകളുടെ ആത്മവിശ്വാസത്തിന് ഒരു കുറവുമില്ല. 2025ൽ ക്ളബിനെ ആദ്യമായി കിരീടത്തിലേക്ക് നയിച്ച സഞ്ജുവിന്റെ ചേട്ടൻ സലി സാംസൺ തന്നെ ഇക്കുറിയും ക്യാപ്ടൻ. ടീമിലെ 20 പേരിൽ 13പേരും ആദ്യ രണ്ട് സീസണുകളിൽ ഒന്നിലെങ്കിലും നീലക്കുപ്പായമണിഞ്ഞവർ. ഏഴുപേർ മാത്രമാണ് ആദ്യമായി ബ്ളൂ ടൈഗേഴ്സിന്റെ കുപ്പായമണിയുന്നത്. ആദ്യ കിരീടം നേടിക്കൊടുത്ത പരിശീലകസംഘത്തെ ഈ സീസണിലേക്കും നിലനിറുത്തിയ ക്ളബ് ഉടമകളും തികഞ്ഞ ആത്മവിശ്വാസത്തിലാണ് പുത്തനങ്കത്തിന് കച്ചകെട്ടുന്നത്.

ആദ്യ സീസണിൽ ബ്ളൂ ടൈഗേഴ്സിനെ നയിച്ച പേസർ ബേസിൽ തമ്പിയുടെ തിരിച്ചുവരവാണ് ഇക്കുറി ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നത്. കഴിഞ്ഞ സീസണിൽ ട്രിവാൻഡ്രം റോയൽസിലായിരുന്നു ബേസിൽ. ഉപനായകന്റെ റോളിലാണ് ഇത്തവണ ബേസിൽ വരുന്നത്. ആദ്യ സീസണിൽ കളിച്ച മനു കൃഷ്ണനും പവൻ ശ്രീധറും കൂടി തിരിച്ചെത്തുന്നു.കെ.എം ആസിഫ്, വിനൂപ് മനോഹരൻ, സച്ചിൻ സുരേഷ്, വിപുൽ ശക്തി, ആൽഫി ഫ്രാൻസിസ് ജോൺ, ജോബിൻ ജോബി, മുഹമ്മദ് ഷാനു തുടങ്ങി കഴിഞ്ഞസീസണിൽ മികവ് പുലർത്തിയവർ ഇക്കുറിയും സലിയുടെ സൈന്യത്തിലുണ്ട്. കഴിഞ്ഞ സീസണി ലെ ആഭ്യന്തര, പ്രാദേശിക മത്സരങ്ങളിൽ മികവുകാട്ടിയവരിൽ നിന്നാണ് പുതിയ താരങ്ങളെ കണ്ടെത്തിയത്. പാരാക്രിക്കറ്ററായ അനീഷ് രാജനെ ടീമിലെടുത്ത് ബ്ളൂ ടൈഗേഴ്സ് വീറിനും വീര്യത്തിനും പുതിയ മുഖംകൂടി നൽകിയിരിക്കുന്നു.

മുൻ ഐ.പി.എൽ താരമായ റൈഫി വിൻസെന്റ് ഗോമസ് മുഖ്യ പരിശീലകനായും ദീപക് സി.എം. ഡയറക്ടർ ഓഫ് ക്രിക്കറ്റിംഗ്/കോച്ചിംഗായും, എസ്. അനീഷ് ബൗളിംഗ് കോച്ചായും, സനുത്ത് ഇബ്രാഹിം ലീഡ് കോച്ചായും ഇക്കുറിയും കടുവക്കുട്ടികളെ അടവുപഠിപ്പിക്കാനുണ്ട്. സുബാഷ് മാനുവൽ ജോർജാണ് ടീം ഉടമയും സി.ഇ.ഒയും.

കളികാണാൻ ഗെയ്‌ലെത്തിയേക്കും

സുബാഷ് മാനുവൽ ജോർജിന്റെ ഉടമസ്ഥതയിലുള്ള ലണ്ടൻ ബ്ളൂ ടൈഗേഴ്സ് ടീമിന്റെ സഹ ഉടമകൂടിയായ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ് ഇക്കുറി ടീം ക്യാപ്ടനെയും വൈസ് ക്യാപ്ടനെയും പ്രഖ്യാപിച്ചത്. കളി കാണാൻ ഗെയ്ൽ കാര്യവട്ടത്ത് എത്തിയേക്കുമെന്ന് പ്രതീക്ഷയുണ്ട്.

കൊച്ചി ബ്ളൂ ടൈഗേഴ്സ് സ്ക്വാഡ്

സലി സാംസൺ(ക്യാപ്ടൻ), ബേസിൽ തമ്പി (വൈസ് ക്യാപ്ടൻ),മുഹമ്മദ് ആഷിഖ്, കെ. എം. ആസിഫ്, ഏദൻ ആപ്പിൾ ടോം,വിനൂപ് മനോഹരൻ, സച്ചിൻ സുരേഷ്, വിപുൽ ശക്തി, ആൽഫി ഫ്രാൻസിസ് ജോൺ, ജോബിൻ ജോബി, മുഹമ്മദ് ഷാനു,അക്ഷയ് ചന്ദ്രൻ, മിഥുൻ പി. കെ., മനു കൃഷ്ണൻ, കാർത്തിക് ബി. നായർ, ജെറിൻ പി. എസ്., അനീഷ് രാജൻ, അനന്ദു സുനിൽ, ആദി അഭിലാഷ്, പവൻ ശ്രീധർ .

ആദ്യ മത്സരം

ആഗസ്റ്റ് 20

Vs കൊല്ലം സെയ്‌ലേഴ്സ്

നിലവിലെ ചാമ്പ്യന്മാരെന്നത് സമ്മർദ്ദം സൃഷ്ടിക്കുന്നില്ല. ചിട്ടയായ പരിശീലനവും കളിക്കളത്തിലെ ആത്മാർപ്പണവുമാണ് കഴിഞ്ഞ സീസണിൽ ജേതാക്കളാക്കിയത്. ഇക്കുറിയും അതേസമീപനം തന്നെയാണ് സ്വീകരിക്കുക. കേരളത്തിലെ ക്രിക്കറ്റ് താരങ്ങൾക്ക് ദേശീയ തലത്തിലേക്ക് ഉയരാൻ കെ.സി. എ ഒരുക്കിയ ഏറ്റവും മികച്ച പ്ളാറ്റ്ഫോമാണിത്. ഐ.പി.എൽ ടീമുകൾ പുത്തൻ താരങ്ങളെ കണ്ടെത്താൻ കെ.സി.എല്ലിനെ ശ്രദ്ധിക്കുന്നുണ്ട്.

- റയ്ഫി വിൻസന്റ് ഗോമസ്

ഹെഡ് കോച്ച്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360