മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ എംഎസ് ധോണിയുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള കൗതുകകരമായ ഓർമ്മകൾ പങ്കുവച്ച് മുൻ താരം അജിങ്ക്യ രഹാനെ. ടീമിലെ എല്ലാവരെയും ഒരുപോലെ കാണുന്ന വ്യക്തിയായിരുന്നെങ്കിലും സ്വകാര്യതയുടെ കാര്യത്തിൽ കൃത്യമായ അതിർവരമ്പ് അദ്ദേഹം പാലിച്ചിരുന്നെന്ന് രഹാനെ പറഞ്ഞു. 'സ്റ്റിക് ടു ക്രിക്കറ്റ്' എന്ന പോഡ്‌കാസ്റ്റിലായിരുന്നു രാഹാനെയുടെ വെളിപ്പെടുത്തൽ.
'ധോണി വളരെ ശാന്തനായ വ്യക്തിയാണ്. അദ്ദേഹത്തിന്റെ മുറിയുടെ വാതിൽ മിക്ക സമയത്തും തുറന്നുകിടക്കും. 10 മുതൽ 15 പേർവരെ ആ മുറിയിലുണ്ടാകും. ചിലപ്പോൾ മുഴുവൻ ടീമും അവിടെയായിരിക്കും. തമാശ പറഞ്ഞും സംസാരിച്ചും സമയം ചെലവഴിക്കും. എന്നാൽ, ആ വാതിൽ അടച്ചിട്ടിരിക്കുകയാണെങ്കിൽ പിന്നെ ആരും അകത്ത് കയറാൻ മുതിരില്ല. ആ സ്വകാര്യത എല്ലാവരും മാനിക്കുമായിരുന്നു'- രഹാനെ പറഞ്ഞു.
അന്താരാഷ്‌ട്ര ക്രിക്കറ്റിൽനിന്ന് കഴിഞ്ഞയാഴ്‌ച വിരമിച്ച രഹാനെ ട്വന്റി20, ഏകദിനം, ടെസ്റ്റ് എന്നീ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യയ്‌ക്കായി അരങ്ങേറ്റം കുറിച്ചത് ധോണി ടീം ക്യാപ്റ്റനായിരിക്കുമ്പോഴായിരുന്നു. 2023,2024 ഐപിഎൽ സീസണുകളിൽ ചെന്നൈ സൂപ്പർ കിംഗ്‌സിലും ഇരുവരും ഒന്നിച്ച് കളിച്ചു. പരമ്പരകൾ നടക്കുമ്പോൾ സോഷ്യൽ മീഡിയകളിൽ നിന്ന് പൂർണമായി അകന്നുനിൽക്കുന്ന തന്റെ ശീലത്തെക്കുറിച്ചും രഹാനെ പറഞ്ഞു. 2017ൽ ഐപിഎല്ലിൽ ഒരുമിച്ച് കളിക്കുമ്പോൾ ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്‌സ് നൽകിയ ഉപദേശമാണ് ഇതിന് കാരണമെന്നായിരുന്നു രഹാനെ പറഞ്ഞത്.
'പരമ്പര തുടങ്ങുന്നതിന് മുൻപ് എല്ലാ സോഷ്യൽ മീഡിയ ആപ്പുകളും ഫോണിൽനിന്ന് നീക്കം ചെയ്യും. അത് എന്റെ സ്വന്തം തീരുമാനമാണ്. ബെൻ സ്റ്റോക്‌സിന്റെ ഉപദേശത്തിന് ശേഷമാണ് ഈ ശീലം തുടങ്ങിയത്. മുറിയിൽ എത്തിയാൽ സിനിമയോ സീരീസോ കാണും. പുസ്‌തകം വായിക്കും. വീട്ടുകാരുമായി സംസാരിക്കും. അടുത്ത ദിവസത്തേക്കുള്ള ഒരുക്കങ്ങൾ നടത്തും. ഇതെല്ലാം മനസിനെ ശാന്തമാക്കാൻ സഹായിക്കും'. അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്‌ചയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെ അജിങ്ക്യ രഹാനെ അന്താരാഷ്‌ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യയ്‌ക്കായി 85 ടെസ്റ്റുകളും 90 ഏകദിനങ്ങളും ഇരുപത് ട്വന്റി20 മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്.
Ajinkya Rahane revealed MS Dhoni's simple nature, saying teammates often gathered in his room, but respected his privacy when the door was closed.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |