
അങ്കാറ: സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നിവർ ചേർന്ന് നാറ്റോ മാതൃകയിൽ രൂപീകരിച്ച 'മക്ക പ്രതിരോധ സഖ്യ'ത്തിന്റെ (മക്ക ഡിഫൻസ് അലയൻസ്) പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം. ഇന്നലെ തുർക്കിയിലെ ഇസ്താംബുളിൽ സഖ്യത്തിന്റെ ആദ്യ യോഗം ചേർന്നു. മൂന്ന് രാജ്യങ്ങളുടെയും വിദേശ, പ്രതിരോധ മന്ത്രിമാരും സേനാ മേധാവിമാരും നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്തു.
സഖ്യത്തിന്റെ സ്ഥിരം സെക്രട്ടേറിയറ്റ് സൗദിയിലെ റിയാദിൽ സ്ഥാപിക്കും. സഖ്യത്തിന്റെ ആദ്യ സെക്രട്ടറി ജനറൽ ആയി ഒരു പാകിസ്ഥാനി ഉദ്യോഗസ്ഥനെ നിയമിക്കാനും ധാരണയായി. മറ്റ് രാജ്യങ്ങളെയും സഖ്യത്തിന്റെ ഭാഗമാക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങും. ബംഗ്ലാദേശ്, ഈജിപ്റ്റ് എന്നിവർക്ക് അംഗത്വം നൽകുന്നത് ചർച്ചയിലുണ്ട്.
സഖ്യം ഒരു രാജ്യത്തെയും ലക്ഷ്യം വയ്ക്കാനുള്ളതല്ലെന്നും മറിച്ച് മേഖലയിലെ അനിശ്ചിതത്വങ്ങൾ ഇല്ലാതാക്കാൻ വേണ്ടിയുള്ളതാണെന്നും തുർക്കി പ്രതികരിച്ചു. കഴിഞ്ഞ മാസം സൗദിയിലെ മക്കയിൽ വച്ചാണ് മൂന്ന് രാജ്യങ്ങളും സംയുക്ത പ്രതിരോധ കരാറിൽ ഒപ്പിട്ടത്. മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരെയുള്ള വിദേശ സായുധ ആക്രമണത്തെ, കൂട്ടായി പ്രതിരോധിക്കുമെന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |