SignIn
Kerala Kaumudi Online
Thursday, 17 September 2026 9.07 PM IST

കാശു വേണ്ട, കഴിച്ചോളൂ ഇവിടെ മൂന്നു നേരവും ഫ്രീ

hotel

തൃശൂർ: തൃശൂരിലെത്തിയിട്ട് പണമില്ലെന്ന് കരുതി വിശന്നിരിക്കേണ്ട. കൊക്കാലെയിലെ വിൻബോൺ ലൈഫ് കെയർ ഫുഡ് എന്ന ഹോട്ടലിലേക്ക് പോയാൽ മതി.

വയറു നിറച്ച്സൗജന്യമായി കഴിക്കാം, രാവിലെയും ഉച്ചയ്ക്കും വൈകിട്ടും. പണം നൽകാൻ കഴിവുള്ളവർക്ക് കൗണ്ടറിലെ ചില്ലുപെട്ടിയിൽ ഇടാം. അതിൽ ക്യു ആർ കോഡും ബാങ്ക് അക്കൗണ്ട് നമ്പറുമുണ്ട്. പക്ഷേ, പണത്തിനായി നിർബന്ധിക്കില്ല. മദ്യപിച്ച് വന്നാൽ പ്രവേശനമില്ല, ഭക്ഷണവുമില്ല.

പ്രവാസികളായ കേച്ചേരി ആളൂർ സ്വദേശി നിയാബുദ്ദീൻ, പാവറട്ടി സ്വദേശി നിതിൻ, മലപ്പുറം സ്വദേശി ജാസിം തുടങ്ങിയവരാണ് വിശപ്പില്ലാത്ത കേരളം എന്ന സ്വപ്നവുമായി ഇങ്ങനെയൊരു ജീവകാരുണ്യ ദൗത്യത്തിന് ഇറങ്ങിത്തിരിച്ചത്. 2018ൽ ഇവർ തുടങ്ങിയ വിൻബോൺ പബ്‌ളിക് ട്രസ്റ്റിന്റെ കീഴിലാണ് ഹോട്ടൽ.മൂന്നുപേരും സുഹൃത്തുക്കളാണ്. ദുബായിലെ പോസ്റ്റ് ഓഫീസിലെ തൊഴിലാളിയായിരുന്ന നിയാബുദ്ദീൻ സ്വന്തമായി ഷോപ്പ് തുടങ്ങി. മറ്റ് രണ്ടുപേരും സൂപ്പർമാർക്കറ്റിൽ മാനേജർമാരാണ്. രണ്ടുലക്ഷത്തോളം രൂപ മൂന്ന് പേരും ചേർന്ന് മുടക്കിയാണ്,

കഴിഞ്ഞ വർഷം പാലക്കാട് കോട്ടമൈതാനത്ത് ആദ്യ സൗജന്യഭക്ഷണശാല തുടങ്ങിയത്. ദിവസം ആയിരത്തോളം പേർ അവിടെ ഭക്ഷണം കഴിക്കാനെത്തിയതോടെ, നിരവധി പേർ പണവും സാധനങ്ങളും സംഭാവന നൽകി. തിങ്കളാഴ്ചയാണ് തൃശൂരിൽ തുടങ്ങിയത്. രണ്ടു ദിവസങ്ങളിലായി മൂന്നൂറോളം പേർ വീതം ഭക്ഷണം കഴിക്കാനെത്തി.

സൗജന്യ ഭക്ഷണശാലയായതിനാൽ പതിനായിരം രൂപ മാത്രമാണ് കടയുടമ വാടക വാങ്ങുന്നത്. മുപ്പതിനായിരം രൂപയിലേറെ ഇവിടെ വാടകയുണ്ട്. പാചകത്തിന് സ്ത്രീകൾ അടക്കം നാല് പേരുണ്ട്. അവരുടെ ശമ്പളവും മറ്റുമായി മാസം ഒരു ലക്ഷത്തോളം രൂപ വേണം.

ലിൻസൻ ആന്റണി, ഇസഹാക്ക്, ശശിധരൻ, സുരേഷ്, ശ്രീന പ്രതാപൻ തുടങ്ങിയവർ പ്രതിഫലമില്ലാതെ സഹായിക്കാനെത്തുന്നുണ്ട്.

പ്രവർത്തനം:

രാവിലെ ആറ് മുതൽ പ്രഭാത ഭക്ഷണം: ഉപ്പുമാവ്, ഇഡ്ഡലി, ദോശ

ഉച്ചയ്‌ക്ക് 12ന്: ചോറ്, സാമ്പാർ, അച്ചാർ, ഉപ്പേരി

രാത്രി പതിനൊന്ന് വരെ: ചോറ് അല്ലെങ്കിൽ കഞ്ഞി


ഫുഡിന് ആപ്പും

എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കാൻ ആപ്പും തുടങ്ങും. മിതമായും പകുതിവിലയിലും ഭക്ഷണം നൽകാൻ തയ്യാറുളള ഹോട്ടലുകളെ ഇതിൽ ചേർക്കും. എവിടെയെങ്കിലും ഭക്ഷണം കിട്ടുന്നില്ലെങ്കിൽ ആപ്പിൽ രജിസ്റ്റർ ചെയ്ത് പിൻകോഡ് നൽകിയാൽ അടുത്തുള്ള ഹോട്ടലുകളുടെ വിവരം വരും. മൊബൈലിൽ വരുന്ന നോട്ടിഫിക്കേഷൻ നമ്പർ കാണിച്ചാൽ സൗജന്യമായി ആ ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാം. അവരുടെ പണം ട്രസ്റ്റ് നൽകും.

സൗജന്യഭക്ഷണ ശാല ജീവകാരുണ്യ ദൗത്യമായാണ് തുടങ്ങിയത്. കൊവിഡ് കാലത്തും നിരവധി പേർക്ക് സൗജന്യ ഭക്ഷണം നൽകി. എല്ലാ ജില്ലകളിലും തുടങ്ങണമെന്നാണ് ആഗ്രഹം. ലക്ഷ്യം വിശപ്പു രഹിത കേരളമാണ്.

- നിയാബുദ്ദീൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FREEFOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA