SignIn
Kerala Kaumudi Online
Monday, 08 June 2026 10.41 AM IST

ക്യൂബൻ പ്രസിഡന്റുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ; കേരളവുമായി സഹകരിച്ച് പ്രവർത്തിക്കാൻ ധാരണ

READ ENGLISH VERSION
cm-cuba

ഹവാന: വിദേശ പര്യടനത്തിന്റെ ഭാഗമായി ക്യൂബയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസിഡന്റ് മിഗ്വേൽ ഡിയാസ് കനാല്ലുമായി കൂടിക്കാഴ്ച നടത്തി. കായികം, ആരോഗ്യം, ബയോടെക്നോളജി തുടങ്ങിയ വിവിധ മേഖലകളിൽ കേരളവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് മിഗ്വേൽ ഡിയാസ് കനാൽ പറഞ്ഞു.

സാമൂഹ്യ പുരോഗതിയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ മാതൃകാപരമാണ്. ഡിജിറ്റൽ യൂണിവേഴ്സിറ്റി ഉൾപ്പെടെ സർവകലാശാലകൾ തമ്മിലുള്ള സാങ്കേതിക ആശയവിനിമയവും സ്റ്റുഡന്റ് എക്സ്ചേഞ്ച് പരിപാടികളും ഉൾപ്പെടെ കേരളവുമായി സഹകരിക്കാൻ പറ്റുന്ന മേഖലകളെ സംബന്ധിച്ച് ക്യൂബൻ മന്ത്രിസഭയിൽ ചർച്ച ചെയ്യുമെന്നും പ്രസിഡൻറ് പറഞ്ഞു. ഇന്ത്യ സന്ദർശിക്കുന്ന അടുത്ത അവസരത്തിൽ കേരളം സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം തവണയും ക്യൂബയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മിഗ്വേൽ ഡിയാസ് കനാലിന് മുഖ്യമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു. 1994 ൽ അന്താരാഷ്ട്ര ക്യൂബൻ ഐക്യദാർഢ്യ സമ്മേളനത്തിനായി ഹവാന സന്ദർശിച്ച കാര്യവും മുഖ്യമന്ത്രി ഓർത്തെടുത്തു. വ്യാപാരം, വിദ്യാഭ്യാസം, കായികം, ആരോഗ്യസേവനം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും സഹകരണത്തിന് സാധ്യതയുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബയോ ടെക്നോളജി, ഫാർമസ്യൂട്ടിക്കൽ രംഗത്തും വലിയ പുരോഗതി ക്യൂബ നേടിയിട്ടുണ്ട്. ഈ മേഖലകളിൽ കേരളവുമായി സഹകരണത്തിനുള്ള സാദ്ധ്യതകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു.

ആരോഗ്യ വിദഗ്ധർക്കുള്ള പരിശീലന പരിപാടികൾ, ഗവേഷണ പരിപാടികൾ തുടങ്ങി ക്യൂബയുമായി ആരോഗ്യ മേഖലയിലെ സഹകരണത്തിനുള്ള സാദ്ധ്യതകൾ ധാരാളമാണ്. വോളീബോൾ, ജൂഡോ, ട്രാക്ക് ആൻഡ് ഫീൽഡ് മേഖലകളിൽ ക്യൂബയുണ്ടാക്കിയ അന്താരാഷ്ട്ര നേട്ടങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. കേരളത്തിന്റെ കായിക രംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കാൻ ഈ മേഖലകളിലെ സഹകരണം സഹായിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വീണ ജോർജ് , ജോൺ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി.പി ജോയ് അടക്കമുള്ളവരും മുഖ്യമന്ത്രിയോടൊപ്പമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, CUBA, PRESIDENT, CM, PINARAYI, VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360