SignIn
Kerala Kaumudi Online
Wednesday, 22 July 2026 9.52 AM IST

ആമസോണിന് ആശ്വാസം !

p

റിയോ ഡി ജനീറോ : ബ്രസീലിലെ ആമസോൺ വനത്തിൽ കാട്ടുതീ മൂലം നശിക്കുന്ന പ്രദേശങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവെന്ന് കണ്ടെത്തൽ. കഴിഞ്ഞ വർഷം 31 ലക്ഷം ഹെക്ടർ വനമേഖലയാണ് കാട്ടുതീയിൽ കത്തിയമർന്നത്. 1985ന് ശേഷം ആദ്യമായാണ് ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്.


2024ൽ 1.58 കോടി ഹെക്ടർ പ്രദേശമാണ് ഇത്തരത്തിൽ നശിച്ചതെന്ന് പരിസ്ഥിതി സംഘടനയായ മാപ് ബയോമാസിന്റെ റിപ്പോർട്ടിൽ പറയുന്നു. ആമസോണിനെ സംരക്ഷിക്കുമെന്നത് ബ്രസീൽ പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലൂല ഡസിൽവയുടെ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു. ഒക്ടോബറിൽ വീണ്ടും മത്സരിക്കുന്ന അദ്ദേഹത്തിന് പുതിയ കണക്കുകൾ ഗുണം ചെയ്യും. രണ്ട് ദശാബ്ദത്തിനിടെയുള്ള ഏറ്റവും വലിയ കാട്ടുതീയ്ക്കാണ് 2024ൽ ആമസോൺ സാക്ഷ്യം വഹിച്ചത്.


അതേ സമയം, തീവ്ര വലതുപക്ഷ നേതാവ് ജെയ്‌ർ ബൊൽസൊനാരോയുടെ ഭരണകാലയളവിൽ ബ്രസീലിയൻ ആമസോണിൽ വന നശീകരണം കുത്തനെ ഉയർന്നിരുന്നു. ബൊൽസൊനാരോ പ്രസിഡന്റായിരിക്കെ ഒരു ദശാബ്ദം മുന്നേയുള്ളതിൽ നിന്ന് 75.5 ശതമാനം വനം നശിച്ചെന്നാണ് കണക്ക്. ആമസോൺ സംരക്ഷണ സംഘടനകൾക്കുള്ള ഫണ്ടിംഗ് ബൊൽസൊനാരോ ഭരണകൂടം കുറച്ചിരുന്നു. ഇത് വനത്തിൽ അനധികൃത കൃഷി, മരം മുറിക്കൽ തുടങ്ങിയവയിലേർപ്പെടുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിന് എതിരായി.

ഭൂമിയുടെ ശ്വാസകോശമാണ് ബ്രസീലിലെ ആമസോൺ മഴക്കാടുകൾ. ആമസോൺ മഴക്കാടുകളാണ് നമ്മുടെ ഭൂമിയുടെ ജീവവായുവിന്റെ നല്ലൊരു ഭാഗവും പ്രധാനം ചെയ്യുന്നത്. ജൂലായ് മുതൽ ഒക്ടോബർ വരെയുള്ള ഉഷ്ണക്കാലത്ത് ആമസോൺ മഴക്കാടുകളിൽ കാട്ടുതീ സാധാരണമാണ്. ഇടിമിന്നൽ പോലുള്ള പ്രകൃതിയിലെ വ്യതിയാനങ്ങൾ കാട്ടുതീയ്ക്ക് ഇടയാക്കാറുണ്ട്. മനുഷ്യന് പുറമേ ഇത്തരത്തിലെ പ്രകൃതി ദുരന്തങ്ങളും ആമസോണിനെ പ്രതികൂലമായി ബാധിക്കുന്നു.


ഏകദേശം മൂന്ന് ദശലക്ഷം സ്പീഷീസിലെ സസ്യജന്തുജീവജാലങ്ങളും ഒരു ലക്ഷത്തോളം തദ്ദേശവാസികളും ജീവിക്കുന്ന ആമസോൺ നദീതടപ്രദേശം ആഗോളതാപനത്തെ ചെറുക്കുന്നതിൽ വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ഭൂമിയിലെ ആകെ ഓക്സിജന്റെ ഏകദേശം 20 ശതമാനം ആമസോണിന്റെ സംഭാവനയാണ്. ഇവിടുത്തെ മഴക്കാടുകൾ ദശലക്ഷക്കണക്കിന് ടൺ കാർബൺ ഡൈ ഓക്സൈഡാണ് ആഗിരണം ചെയ്യുന്നത്. ആമസോൺ മഴക്കാടുകളുടെ നശീകരണം ഉയരുന്നത് വൻതോതിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360