SignIn
Kerala Kaumudi Online
Monday, 29 June 2026 3.14 AM IST

വീണ്ടും സജീവമാകാൻ കാരവൻ ക്രിക്കറ്റ് ക്ളബ്

caravan-cricket-club

തിരുവനന്തപുരം : അമ്പതുകൊല്ലം മുമ്പ് തിരുവനന്തപുരം തൈക്കാട് കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിച്ച കാരവൻ ക്രിക്കറ്റ് ക്ളബ് ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുന്നു. ചലച്ചിത്രതാരം നന്ദു ഉൾപ്പെടെയുള്ള മുൻകാല താരങ്ങളുടെ ശ്രമഫലമായാണ് നഗരത്തിലെ പ്രമുഖ ക്രിക്കറ്റ് ക്ളബുകളിലൊന്നായ കാരവന് പുതുജീവൻ ലഭിച്ചത്. ക്ളബിന്റെ ആഭിമുഖ്യത്തിലുള്ള ഹസൻ ഷാ- അശോക് വർമ്മ മെമ്മോറിയൽ ടി-ട്വന്റി ടൂർണമെന്റിന് ഇന്ന് ( തിങ്കൾ) മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ തുടക്കമാവുകയാണ്.

1973-74 കാലഘട്ടത്തിലാണ് നഗരത്തിലെ ചെറുപ്പക്കാർ ചേർന്ന് കാരവൻ ക്രിക്കറ്റ് ക്ളബ് രൂപീകരിക്കുന്നത്. ഹസൻ ഷാ ആയിരുന്നു ആദ്യ പ്രസിഡന്റ്. ശാസ്താംകോവിലിന് അടുത്തുള്ള അദ്ദേഹത്തിന്റെ വീടായിരുന്നു ഓഫീസ്. ജില്ലാ ലീഗിൽ കളിച്ചിരുന്ന ക്ളബിന് എ,ബി,സി ടീമുകൾ ഉണ്ടായിരുന്നു. പിന്നീട് ഐ.പി.എസുകാരനായി മാറിയ അനന്തകൃഷ്ണൻ,നന്ദു,പ്രശസ്ത സ്പോർട്സ് ജേർണലിസ്റ്റായി മാറിയ കെ.ആർ. നായർ തുടങ്ങിയവരൊക്കെയായിരുന്നു ക്ളബിന്റെ ആദ്യകാല കളിക്കാർ. പൂജപ്പുരയിലെ മോഹൻലാലിന്റെ ക്ളബിനെതിരെയൊക്കെ അന്ന് കളിച്ച് ജയിച്ചിട്ടുണ്ടെന്ന് നന്ദു ഓർക്കുന്നു. കേരള യൂണിവേഴ്സിറ്റി ക്യാപ്ടനായിരുന്ന സിർഷാദ്, സൗത്ത് സോൺ ടീമിൽ കളിച്ച മനോജ് തുടങ്ങിയവരൊക്കെ ഈ ക്ളബിൽ നിന്ന് ഉയർന്നുവന്നവരാണ്. 1995ന് ശേഷമാണ് ക്ളബിന്റെ പ്രവർത്തനം ചലനാത്മകമല്ലാതായത്.

ഈ വർഷം മാർച്ചിൽ മുൻ കളിക്കാരായ ഐ.സാദിഖ് പ്രസിഡന്റായും അലൻ ഫിലിപ്പ് സെക്രട്ടറിയായും രഘുലാൽ ട്രഷററായും പുതിയ ഭരണസമിതി എത്തിയതോടെയാണ് കാരവൻ വീണ്ടും ചലിച്ചുതുടങ്ങിയത്. നന്ദു ഉൾപ്പെടെയുള്ള പഴയ കളിക്കാർ അന്നത്തെ അതേ ആവേശത്തോടെ ക്ളബിന് പിന്തുണയുമായെത്തി. തൈക്കാട് സ്കൂൾ പരിസരത്ത് നെറ്റ്സ് ഉൾപ്പെടെ സ്ഥാപിച്ച് 10 വയസുമുതൽ പ്ളസ്ടു വരെയുള്ളവർക്ക് സൗജന്യ പരിശീലനം നൽകുകയാണ് ക്ളബ് ആദ്യം ചെയ്തത്. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ ടൂർണമെന്റ് സംഘ‌ടിപ്പിക്കുന്നത്. തങ്ങളുടെ കൗമാരവും യൗവനവും സജീവമാക്കിയ ഓർമ്മകളിൽ നിന്ന് പുതിയ തലമുറയെ ക്രിക്കറ്റിലേക്ക് കൈപിടിച്ചുനടത്തുകയാണ് ലക്ഷ്യമെന്ന് ക്ളബ് പ്രസിഡന്റ് സാദിഖ് പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL