കണ്ണൂർ: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജില്ലയിൽ പാമ്പ് കടിയേറ്റ് മരിച്ചത് 34 പേരെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ജില്ലയിലെ പാമ്പുകടിയേറ്റുള്ള മരണങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
2020 മുതൽ 2024 വരെയുള്ള അഞ്ച് വർഷങ്ങളിൽ 18 പുരുഷൻമാരും 16 സ്ത്രീകളുമാണ് ഇത്തരത്തിൽ മരണത്തിന് കീഴടങ്ങിയത്. ഇതിൽ ഏഴ് വയസ്സുള്ള കുട്ടിയും 83 വയസ്സുള്ള വയോധികയുമുണ്ട്.
ഇതിൽ 86.95 ശതമാനം പേരും അണലിയുടെ കടിയേറ്റാണ് മരിച്ചതെന്നാണ് കണ്ടെത്തൽ. ഇതിൽ 26 പേർക്കും കടിയേറ്റത് വീടുകളിലും വീട്ട് പരിസരങ്ങളിൽ വെച്ചുമാണ്. ജോലിസ്ഥലത്ത് വെച്ച് 8 പേർക്ക് പാമ്പുകടിയേറ്റിട്ടുണ്ട്. 16 പേർക്ക് പകൽ സമയത്താണ് കടിയേറ്റത്. ആന്റി സ്‌നേക്ക് വെനം നൽകിയിട്ടും 25 പേർക്ക് മരണം സംഭവിച്ചു.
കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗവും കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസും സംയുക്തമായാണ് പഠനം നടത്തിയത്. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. എസ്.എസ് അനിത, ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) ഡോ. കെ.സി സച്ചിൻ എന്നിവരാണ് പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്.
റിപ്പോർട്ട് ജില്ല കളക്ടറേറ്റിൽ പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫിന്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞദിവസം ചേർന്ന ജില്ല തല മനുഷ്യ - വന്യജീവി സംഘർഷ ലഘൂകരണ സമിതിയുടെ പ്രതിമാസ യോഗത്തിൽ ആരോഗ്യ വകുപ്പ് അവതരിപ്പിച്ചു.
ചികിത്സയിലെ കാലതാമസവും
അശാസ്ത്രീയ രീതികളും
പാമ്പുകടിയേറ്റുള്ള ചികിത്സയിൽ പരമ്പരാഗത ചികിത്സാരീതികളെ ആശ്രയിക്കുന്നത് ആധുനിക ചികിത്സ വൈകുന്നതിന് കാരണമാകുന്നുണ്ട്.
അതു പോലെ കടി ഏറ്റെങ്കിലും പാമ്പുകടി ആണ് സംഭവിച്ചത് എന്ന് അറിയാതെ 88 മണിക്കൂർ വൈകി ആശുപത്രിയിലെത്തിയ ഒരു രോഗിയുടെ വിവരവും റിപ്പോർട്ടിലുണ്ട്.
മഴക്കാലത്തും വേണം ജാഗ്രത
വെള്ളം ഇറങ്ങിച്ചെന്ന് മാളങ്ങൾ നശിക്കുന്നതിനാൽ പാമ്പുകൾ പുതിയ ഇടം തേടി പുറത്തിറങ്ങാനുള്ള സാദ്ധ്യതയുണ്ട്. പ്രാണികളും ചെറുജീവികളും അധികമായി വീട്ടുപരിസരങ്ങളിൽ എത്തുന്നതിനാൽ ഇര തേടിയും പാമ്പുകൾ എത്താം.
വീടിനുള്ളിലോ മുറ്റത്ത് കൂട്ടിയിട്ടിരിക്കുന്ന വസ്തുക്കൾക്കിടയിലോ ഒളിച്ചിരുന്നാൽ വലിയ അപകട സാദ്ധ്യതയുണ്ട്. വിറകുകളും മറ്റും കൂട്ടിയിടുന്നത് ഒഴിവാക്കണം.
വീട്ടുപരിസരങ്ങളിൽ അനാവശ്യ വസ്തുക്കൾ കൂടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുക. വീടിന് ചുറ്റുമുള്ള പരിസരങ്ങളിൽ കാട് പിടിച്ചിട്ടുണ്ടെങ്കിൽ വെട്ടി ഇല്ലാതാക്കാൻ ശ്രദ്ധിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |