കോന്നി : കലഞ്ഞൂർ ഒന്നാംകുറ്റിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്ത് പിടിയിലായത് കുമ്പഴയിലെ ബന്ധുവീട്ടിലേക്ക് പോകുന്ന വഴി. ശിവപ്രസാദിന്റെ പുതിയ വർക്ക് ഷോപ്പിനു വേണ്ടി സ്ഥലം ഒരുക്കുന്ന ജോലിക്കായി വെള്ളിയാഴ്ച വൈകിട്ട് ജെ സി ബിയുമായി എത്തിയ മനുമുരളി ജോലിക്ക് ശേഷം രാത്രി 12ന് ശിവപ്രസാദ് ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ എത്തി. മദ്യപാനത്തിനിടെ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം അടിപിടിയിൽ കലാശിക്കുകയായിരുന്നു. തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായതായും മനു അബോധാവസ്ഥയിലായെന്നും അറിയിച്ചു കൊണ്ടാണ് വാർഡ് മെമ്പർ സിബിയുടെ ഭർത്താവിനെ ശിവപ്രസാദ് പുലർച്ചെ 3:30 ന് ഫോൺ ചെയ്യുന്നത്. മനു ടീപോയിൽ തലയടിച്ച് വീണെന്നാണ് ശിവപ്രസാദ് പറഞ്ഞത്. മനുവുമായി ആംബുലൻസിൽ പത്തനാപുരത്തെ ആശുപത്രിയിലേക്ക് പോയതും ശിവപ്രസാദ് ഒറ്റയ്ക്കായിരുന്നു. ആശുപത്രിയിൽ എത്തി മരണം സ്ഥിരീകരിച്ചതോടെ ശിവപ്രസാദ് മുങ്ങി. മനുവിന്റെ ശരീരത്തിലും തലയിലും മുറിവേറ്റ പാടുകളും ശരീരത്തിൽ അടിയേറ്റ് പാടുകളും ശിവപ്രസാദിന്റെ ശരീരത്തിൽ കടിയേറ്റ പാടുകളും ഉണ്ടെന്നും പൊലീസ് പറഞ്ഞു. പത്തനാപുരത്തെ ആശുപത്രിയിൽ നിന്ന് മുങ്ങിയ ശിവപ്രസാദ് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. തുടർന്ന് കുമ്പഴയിലെ ബന്ധുവീട്ടിലേക്ക് പോകുന്ന വഴിയാണ് മൊബൈൽ ഫോൺ വീണ്ടും ഓൺ ചെയ്തത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്ന പൊലീസ് രാവിലെ 7 മണിയോടെ കുമ്പഴയിൽ നിന്ന് ശിവപ്രസാദിനെ അറസ്റ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |