തിരുവനന്തപുരം: പി.എസ്.സി പരീക്ഷകളിലെ ക്രമക്കേടും തട്ടിപ്പും തടയുന്നതിന് ക്രൈംബ്രാഞ്ച് നൽകിയ ശുപാർശകളിൽ ഭൂരിപക്ഷവും ആറു വർഷം പിന്നിട്ടിട്ടും നടപ്പാക്കാതെ അധികൃതർ. 2019 ൽ കെ.എ.പി IV ബറ്റാലിയൻ സിവിൽ പൊലീസ് ഓഫീസർ തസ്തികയിലേക്കുള്ള പരീക്ഷയിൽ യൂണിവേഴ്‌സിറ്റി കോളേജിലെ പരീക്ഷാ കേന്ദ്രത്തിൽ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച വിശദമായ ശുപാർശകൾ ക്രൈം ബ്രാഞ്ച് പി.എസ്.സിക്ക് നൽകിയത്.
ഇന്റർനെറ്റ് സാങ്കേതിക സാദ്ധ്യത ഉപയോഗിച്ച് ചോദ്യങ്ങളും ഉത്തരവും പുറത്തുള്ള വ്യക്തികളുമായി കൈമാറാനുള്ള സാദ്ധ്യത കണക്കിലെടുത്ത് പരീക്ഷാ ഹാളുകളിൽ മൊബൈൽ ജാമറുകൾ അടക്കം സ്ഥാപിക്കണമെന്നതുൾപ്പടെയുള്ള ശുപാർശയാണ് പി.എസ്.സി തള്ളിയത്. സി.സി.ടി.വി ,മൊബൈൽ ജാമർ സംവിധാനമൊരുക്കാൻ സാമ്പത്തിക ചെലവ് വരുന്നതിനാൽ സർക്കാരിന് മാത്രമേ കഴിയൂവെന്നാണ് പി.എസ് .സിയുടെ വിശദീകരണം.കാലങ്ങളായി തുടരുന്ന പരീക്ഷ ഹാളിലെ സീറ്റിംഗ് രീതിയും ചോദ്യക്കടലാസ് (എ,ബി,സി.ഡി ) കോഡും മാറ്റണമെന്ന ശുപാർശയും പാലിച്ചില്ല.
റിസ്റ്റ് വാച്ചുകളടക്കം പരീക്ഷാ ഹാളുകളിൽ നിരോധിച്ചെങ്കിലും ഹാളിൽ ക്ളോക്ക് സ്ഥാപിക്കണമെന്നും പി.എസ്.സിയുടെ എല്ലാ പരീക്ഷകളും ഓൺലൈനാക്കണമെന്നും
പറഞ്ഞിരുന്നു. ക്രമക്കേടുകളിലൂടെ അനർഹർ കയറിപ്പറ്റുന്നതും അർഹരായവർക്ക് അവസരം നിഷേധിക്കപ്പെടുന്നതും ഒഴിവാക്കാനായിരുന്നു ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |