ഹരിപ്പാട് : താമല്ലാക്കൽ സ്വദേശിയായ രാകേഷിനെ കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്തതാണെന്ന് ആരോപിച്ച് രാകേഷിന്റെ മാതാവ് രമ ഫയൽ ചെയ്ത ഹർജിയിൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് ഹാജരാക്കിയില്ല.
17ന് ഫയൽ ചെയ്ത ഹർജിയിൽ 27ന് പൊലീസിനോട് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. പൊലീസ് റിപ്പോർട്ടിനായി കേസ് ഇന്നലെ ഹരിപ്പാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മനീഷ കെ ഭദ്രൻ പരിഗണിച്ചെങ്കിലും അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥർ റിപ്പോർട്ട് ഹാജരാക്കാതെ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.
പ്രതികളിലേക്ക് അന്വേഷണം തിരിയുന്ന ഘട്ടത്തിൽ അവരെ രക്ഷപെടുത്തുവാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നതായി സംശയിക്കുന്നതായി രാകേഷിന്റെ അമ്മ പറഞ്ഞു. അഭിഭാഷകനുമായി ആലോചിച്ചശേഷം മകന്റെ കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള തുടർ നടപടികളുമായി മുന്നോട്ട് പോകുമെന്ന് രമ പറഞ്ഞു. രാകേഷിന്റെ തിരോധാനം കൊലപാതകമാണെന്നും അതിന് നേതൃത്വം കൊടുത്തവർക്ക് തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ കൈവശമുണ്ടെന്നും അഡ്വ.പ്രതാപ് ജി.പടിക്കൽ മുഖേന സമർപ്പിച്ച ഹർജിയിൽ രാകേഷിന്റെ മാതാവ് ആരോപിച്ചിരുന്നു. തുടർന്ന് പ്രതികൾ എന്ന് ആരോപിക്കപ്പെട്ടവരുടെ വീടുകളിൽ പൊലീസ് നടത്തിയ പരിശോധനയിൽ വിദേശ നിർമ്മിത തോക്കും തിരകളും മാരകായുധങ്ങളും കണ്ടെത്തിയിരുന്നു. കേസിൽ രാകേഷിന്റെ മാതാവിന് വേണ്ടി പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ് , ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |