
ക്രൂഡ് വില ആശ്വാസമായി
കൊച്ചി: പശ്ചിമേഷ്യയിൽ സമാധാനം തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്നലെ ആശ്വാസ റാലി ദൃശ്യമായി. ആഗോള വിപണികളിലെ അനുകൂല ചലനങ്ങളും ഇന്ത്യൻ ഓഹരികൾക്ക് കരുത്തായി. അമേരിക്കൻ ഡോളർ, ബോണ്ട് എന്നിവയുടെ മൂല്യമിടിഞ്ഞതോടെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ വീണ്ടും ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടി. ആഭ്യന്തര നിക്ഷേപകരും മികച്ച വാങ്ങൽ താത്പര്യം പ്രകടിപ്പിച്ചു.
സെൻസെക്സ് 2,000 പോയിന്റിനടുത്ത് നേട്ടവുമായാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരാന്ത്യത്തിൽ ലാഭമെടുപ്പ് ശക്തമായതോടെ സെൻസെക്‌സ് 1,186.77 പോയിന്റ് നേട്ടത്തോടെ 73,134.32ൽ അവസാനിച്ചു, നിഫ്‌റ്റി 348 പോയിന്റ് ഉയർന്ന് 22,679.40ൽ എത്തി. പൊതുമേഖല ബാങ്കുകൾ, മീഡിയ, ഐ.ടി, മെറ്റൽ, വാഹന മേഖലകളിലെ ഓഹരികൾ മികച്ച മുന്നേറ്റം നടത്തി.
നിക്ഷേപകരുടെ ആസ്‌തിയിലെ വർദ്ധന
10 ലക്ഷം കോടി രൂപ
കരുത്താർജിച്ച് ആഗോള വിപണികൾ
ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താത്പര്യം പ്രകടിപ്പിച്ചതോടെ ആഗോള വിപണികൾ ശക്തമായി തിരിച്ചുകയറി. യു.എസ്, യൂറോപ്പ്, ഏഷ്യ തുടങ്ങിയ സ്ഥലങ്ങളിലെ ഓഹരി വിപണികൾ കരുത്ത് നേടി. യുദ്ധം മൂന്നാഴ്ചയ്ക്കുള്ളിൽ അവസാനിക്കുമെന്ന സൂചനയാണ് ട്രംപ് ഇന്നലെ നൽകിയത്. ഇറാനിൽ യു.എസ്, ഇസ്രയേൽ സംയുക്ത സേന ആക്രമണം തുടങ്ങിയിട്ട് 31 ദിവസം പിന്നിടുമ്പോഴാണ് സമാധാനത്തിന്റെ സൂചനകൾ ദൃശ്യമാകുന്നത്.
ക്രൂഡോയിൽ വില താഴുന്നു
യുദ്ധം ഉടൻ തീരുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തോടെ ക്രൂഡോയിൽ വില കുത്തനെ താഴ്ന്നു. ഒരവസരത്തിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 100 ഡോളറിൽ താഴെയെത്തിയതാണ് ലോകമെമ്പാടുമുള്ള നിക്ഷേപകർക്ക് ആശ്വാസം പകർന്നത്. നിലവിൽ വില ബാരലിന് 103 ഡോളറിലാണ്.
കത്തിക്കയറി സ്വർണ വില
യു.എസ് ബോണ്ട്, ഡോളർ എന്നിവയുടെ മൂല്യത്തിൽ ഇടിവുണ്ടായതോടെ നിക്ഷേപകർ വീണ്ടും സ്വർണത്തിലേക്ക് പണമൊഴുക്കി. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 65 ഡോളർ വർദ്ധിച്ച് 4,760 ഡോളർ കടന്നു. ഇതോടെ കേരളത്തിൽ പവൻ വില രണ്ട് തവണയായി 2,520 രൂപ ഉയർന്ന് 1,12,160 രൂപയിലെത്തി. ഗ്രാമിന്റെ വില 315 രൂപ ഉയർന്ന് 14,020 രൂപയായി. യുദ്ധം അവസാനിച്ചാലും ആഗോള സാമ്പത്തിക മേഖല കടുത്ത അനിശ്ചിതത്വത്തിൽ നീങ്ങുമെന്ന ആശങ്കയിലാണ് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയം വർദ്ധിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |