ന്യൂഡൽഹി: 2014ൽ നരേന്ദ്രമോദി ആദ്യമായി പ്രധാനമന്ത്രിയായതിനുശേഷമുള്ള സ്വാതന്ത്ര്യദിനം ഓർത്തെടുത്ത് മുൻ പ്രതിരോധ സെക്രട്ടറി ആർ കെ മാത്തൂർ. അന്നത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിന് മുന്നോടിയായി ചെങ്കോട്ടയിൽ ഒരുക്കിയിരുന്ന ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് നീക്കണമെന്ന് പ്രധാനമന്ത്രി നിർബന്ധം പിടിച്ചിരുന്നതായാണ് ആർകെ മാത്തൂർ തുറന്നുപറയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ എതിർപ്പ് മറികടന്നായിരുന്നു ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് മാറ്റണമെന്ന് മോദി ആവശ്യപ്പെട്ടത്.
സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി മാത്തൂറും അന്നത്തെ ഇന്റലിജൻസ് ബ്യൂറോ ഡയറക്‌ടറും ചേർന്ന് ചെങ്കോട്ടയിലൊരുക്കിയ സുരക്ഷാ ക്രമീകരണങ്ങൾ മോദിക്ക് വിശദീകരിച്ചുനൽകി. സുരക്ഷയുടെ ഭാഗമായി ബുള്ളറ്റ് പ്രൂഫ് ഗ്ലാസിന് പിന്നിൽനിന്നാണ് പ്രസംഗിക്കേണ്ടതെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. എന്നാൽ അങ്ങനെ പ്രസംഗിക്കുമ്പോൾ ജനങ്ങളെ അഭിസംബോധന ചെയ്യാൻ കഴിയില്ലെന്നും അത് നീക്കം ചെയ്യണമെന്നും മോദി ആവശ്യപ്പെട്ടു.
ഗ്ലാസ് നീക്കം ചെയ്യുന്നത് സുരക്ഷാ പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിട്ടും മോദി വഴങ്ങിയില്ല. ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് നീക്കം ചെയ്യില്ലെങ്കിൽ പ്രസംഗിക്കില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിലപാട്. ഒടുവിൽ ഓഗസ്റ്റ് 14ന് രാത്രി രണ്ടുമണിയോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഗ്ലാസ് നീക്കം ചെയ്‌തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |