
നാലാം ദിവസവും കുതിപ്പ് തുടരുന്നു
കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധവും ക്രൂഡോയിൽ വിലയിലെ കുതിപ്പും അവഗണിച്ച് ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ നാലാം ദിവസവും മുന്നേറി. വെടിനിറുത്തൽ കരാറിലെത്താൻ ഇറാൻ ഭരണകൂടത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ അന്ത്യശാസനം അവസാനിക്കുന്നതിന് മുന്നോടിയായി നിക്ഷേപകർ ആവേശത്തോടെ ഓഹരികൾ വാങ്ങികൂട്ടി. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ കനത്ത വിൽപ്പന സമ്മർദ്ദവും ക്രൂഡോയിൽ വില ബാരലിന് 110 ഡോളറിനടുത്ത് തുടരുന്നതും നിക്ഷേപകരുടെ ആവേശത്തെ ബാധിച്ചില്ല. ആഭ്യന്തര ഫണ്ടുകളുടെയും ചെറുകിട നിക്ഷേപകരുടെയും പണക്കരുത്തിലാണ് വിപണി മുന്നേറുന്നത്.
ബോംബെ ഓഹരി സൂചികയായ സെൻസെക്‌സ് 509.7 പോയിന്റ് ഉയർന്ന് 74,616.58ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്‌റ്റി 155.4 പോയിന്റ് നേട്ടവുമായി 23,123.65ൽ എത്തി. ചെറുകിട, ഇടത്തരം ഓഹരികളിലും മികച്ച വാങ്ങൽ താത്പര്യം ഇന്നലെ ദൃശ്യമായി. നിക്ഷേപകരുടെ ആസ്തിയിൽ ഇന്നലെ മാത്രം 1.5 ലക്ഷം കോടി രൂപയുടെ വർദ്ധനയാണുണ്ടായി. ഐ.ടി, എഫ്.എം.സി.ജി, മെറ്റൽ മേഖലകളിലെ ഓഹരികളാണ് മുന്നേറ്റം നയിച്ചത്. ഗൾഫ് മേഖല സമാധാനത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയും വിപണിക്ക് കരുത്തായി.
നിക്ഷേപകരുടെ പ്രതീക്ഷ
1. അമേരിക്കയും ഇറാനുമായി വെടിനിറുത്തൽ യാഥാർത്ഥ്യമാകും
2. ഹോർമൂസ് തുറക്കുന്നതോടെ ഇന്ധന പ്രതിസന്ധി ഒഴിയും
3. നാണയപ്പെരുപ്പം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് നടപടി ശക്തമാക്കും
4. വ്യവസായ മേഖലയ്ക്കായി കേന്ദ്ര സർക്കാരിന്റെ ഉത്തേജക പാക്കേജ്
രൂപയിൽ ഊഹക്കച്ചവടം ഒഴിയുന്നു
റിസർവ് ബാങ്ക് വിപണി ഇടപെടൽ ശക്തമാക്കിയതോടെ വിദേശ നാണയ വിനിമയ രംഗത്ത് ഊഹക്കച്ചവടക്കാരുടെ കരുത്ത് ചോരുന്നു. വിദേശത്തെ വൻകിട ഫണ്ടുകൾ ഉൾപ്പെടെ രൂപയുടെ മൂല്യം ഇടിക്കാൻ വലിയ ഇടപെടലുകൾ നടത്തിയിരുന്നു. ഫോർവേർഡ് കോൺട്രാക്‌ടുകൾ ഒഴിവാക്കാൻ റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം ബാങ്കുകൾക്ക് നിർദേശം നൽകി. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ രൂപ കരുത്താർജിച്ചു.
ആഭ്യന്തര ഫണ്ടുകൾ മാർച്ചിൽ നടത്തിയ നിക്ഷേപം
34,000 കോടി രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |