SignIn
Kerala Kaumudi Online
Tuesday, 16 June 2026 12.08 AM IST

'പി ടി പീരീഡ് ക്ലാസെടുക്കാൻ നോക്കണ്ട'; കുട്ടികളെ കൈയിലെടുത്ത തീപ്പൊരിപ്രസംഗം

sreenanda

വോട്ടിടൽ കഴിഞ്ഞു, ഇനി ഫലമറിയാനുള്ള കാത്തിരിപ്പാണ്. രാഷ്‌ട്രീയപാർട്ടികൾ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ നൽകുന്നതിൽ മത്സരിക്കുന്നത് നാം കണ്ടു. ഇതിനിടെയാണ് സ്‌കൂൾ ലീഡർ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഒരു വിദ്യാർത്ഥിനി നടത്തിയ പ്രസംഗം ചർച്ചയാകുന്നത്. ഏഴാം ക്ലാസ് വി‌ദ്യാർത്ഥിനിയായിരുന്ന ശ്രീനന്ദ സി സിയാണ് തീപ്പൊരി പ്രസംഗംകൊണ്ട് വിദ്യാർത്ഥികളെ കൈയിലെടുത്തത്.

'ഞാനിവിടെ സ്‌കൂൾ ലീഡറായാണ് മത്സരിക്കാൻ പോകുന്നത്. എന്റെ ചിഹ്നം പേനയാണ്. ഞാനിവിടെ സ്‌കൂൾ ലീഡറായി വന്നാൽ എല്ലാവിധത്തിലുള്ള അച്ചടക്കവും നടപ്പിലാക്കുമെന്ന് ഉറപ്പ് പറയുന്നു. കാരണം, നമ്മുടെ സ്‌കൂൾ വൃത്തിയോടെയും അച്ചടക്കത്തോടെയും സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. പിന്നെ എനിക്കിവിടെ പറയാനുള്ളത് ചില മാഷുമാർ പി ടി പീരീഡിൽ കയറി ക്ലാസെടുക്കാൻ ശ്രമിക്കുന്നുണ്ട്. അത് പൂർണമായും തെറ്റാണ്. അതിവിടെ നടക്കില്ല. ഞങ്ങൾക്ക് ഫുഡ്ബാൾ, ക്രിക്കറ്റ്, ഷഡ്ഡിൽ എന്നിവ കളിക്കുന്നതിനാവശ്യമായ സാധനങ്ങൾ വാങ്ങിത്തരണം. കാരണം, അത് സ്‌കൂളിന്റെ ഉത്തരവാദിത്തമാണ്. പോരാത്തതിന് ബുധനാഴ്‌ച കുട്ടികൾക്കുപുറമെ മാഷുമ്മാരും യൂണിഫോം കർശനമായി ഇടണം. കാരണം ചില ടീച്ചർമാർ പച്ച ചുരിദാറിനൊപ്പം പച്ചച്ചെരുപ്പ്, പച്ച ക്യൂട്ടക്‌സ് തുടങ്ങിയവയെല്ലാം ധരിക്കുന്നുണ്ട്. ചില മാഷുമാർ ബ്രാൻഡ‌ഡ് വസ്‌ത്രങ്ങളും ധരിക്കുന്നു. ഇത് കുട്ടികളെ മാനസികമായി വേദനിപ്പിക്കുന്നുണ്ട്. കാരണം ഞങ്ങൾക്കും അതിനുള്ള അവസരം കിട്ടേണ്ടതാണ്'- ശ്രീനന്ദ പറയുന്നു.

നിറഞ്ഞ കൈയടികളോടെയാണ് ശ്രീനന്ദയുടെ വാഗ്‌ദാനങ്ങൾ കുട്ടികൾ സ്വീകരിച്ചത്. കുട്ടികളുടെ മനസറിയുന്ന നേതാവായിരിക്കും ശ്രീനന്ദയെന്നാണ് പ്രസംഗം കേട്ടവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞത്. രണ്ട് വർഷം മുൻപുള്ള വീഡിയോയാണ് ഇതെങ്കിലും ഓരോ തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥികളുടെ വാഗ്‌ദാനങ്ങൾക്കൊപ്പം ശ്രീനന്ദയുടെ പ്രസംഗവും വൈറലാകാറുണ്ട്. അന്നത്തെ തിരഞ്ഞെടുപ്പിൽ 206 വോട്ടുകൾ നേടി വിജയിച്ച ശ്രീനന്ദ തന്റെ വാഗ്‌ദാനങ്ങൾ ഓരോന്നായി നിറവേറ്റാനും മറന്നിരുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIDS, VIRAL, SPEECH, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY