വാഷിംഗ്ടൺ: വാർദ്ധക്യം മന്ദഗതിയിലാക്കാനും യുവത്വം നിലനിർത്താനുമുള്ള പരീക്ഷണങ്ങളിലൂടെ ലോകശ്രദ്ധ നേടിയ അമേരിക്കൻ സംരംഭകനാണ് ബ്രയാൻ ജോൺസൺ. ഇത്തവണ പുതിയ വെളിപ്പെടുത്തലിലൂടെയാണ് അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തന്റെ കാമുകിയുടെ ആർത്തവ രക്തം ഫ്രീസറിൽ സൂക്ഷിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലാണ് അദ്ദേഹം നടത്തിയത്. എക്സിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം ബ്രയാൻ ജോൺസൺ പരസ്യമാക്കിയത്.
ഒരു ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് ബ്രയാൻ ജോൺസൺ തന്റെ കാമുകിയുടെ ആർത്തവ രക്തത്തിന്റെ സാമ്പിൾ സൂക്ഷിക്കുന്ന കാര്യം വ്യക്തമാക്കിയത്. കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവ രക്തത്തിന്റെ 10 മില്ലി സാമ്പിൾ മൈനസ് 80 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ക്രമീകരിച്ചിട്ടുള്ള ഒരു ഫ്രീസറിൽ സൂക്ഷിക്കുന്നുണ്ടെന്നായിരുന്നു കുറിപ്പിൽ വ്യക്തമാക്കിയത്. ഈ സാമ്പിളുകൾ ഗവേഷണത്തിനും ശാസ്ത്രീയ പഠനങ്ങൾക്കും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ ആരോഗ്യത്തെയും വാർദ്ധക്യത്തെയും കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾക്ക് ഇത് സഹായകരമാകാമെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്.
ആർത്തവ രക്തം മാലിന്യമല്ലെന്നും അതിൽ സ്റ്റെം സെല്ലുകൾ, പ്രതിരോധ കോശങ്ങൾ, വിവിധ ജൈവ ഘടകങ്ങൾ എന്നിവ അടങ്ങയിട്ടുണ്ട്. അതിനാൽ മെഡിക്കൽ ഗവേഷണ രംഗത്ത് ഇതിന് വലിയ സാദ്ധ്യതകളുണ്ടെന്നും ജോൺസൺ അവകാശപ്പെട്ടു. എന്നാൽ എക്സിലെ ആ പോസ്റ്റ് വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. വ്യത്യസ്ത അഭിപ്രായങ്ങളാണ് പലരും പങ്കുവയ്ക്കുന്നത്. ശ്രദ്ധ നേടാനുള്ള തന്ത്രമായി ചിലർ ഇതിനെ വിമർശിച്ചപ്പോൾ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമമായി സ്വാഗതം ചെയ്തവരുമുണ്ട്.
ഗർഭപാത്രത്തിൽ നിന്ന് നേരിട്ട് ലഭിക്കുന്നതിനാൽ സാധാരണ രക്തപരിശോധനയിലൂടെ വ്യക്തമാകാത്ത വിവരങ്ങളും ആർത്തവരക്തത്തിലൂടെ ലഭ്യമാകുമെന്നാണ് ബ്രയാൻ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ മൈക്രോപ്ലാസ്റ്റിക്കുകളും ഹോർമോണുകളുടെ പ്രവർത്തനത്തിന് തടസമാകുന്ന രാസപദാർത്ഥങ്ങളും ആർത്തവരക്തത്തിൽ അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കാനും സഹായിക്കുമെന്നാണ് ഇയാൾ വാദിക്കുന്നത്.
വാർദ്ധക്യം വൈകിപ്പിക്കുന്നതിനായി കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്ന വ്യക്തിയാണ് ബ്രയാൻ ജോൺസൺ. ദിവസേന കർശനമായ ഭക്ഷണക്രമം പാലിക്കുന്നതിനൊപ്പം നൂറിലധികം ആരോഗ്യപരിശോധനകളും ഇദ്ദേഹം നടത്താറുണ്ട്.
US entrepreneur Bryan Johnson, known for his anti-ageing experiments, has revealed he stores a 10 ml sample of his girlfriend Kate Tolo's menstrual blood at minus 80°C for research. He claims menstrual blood contains valuable biological information that could aid ageing and health studies. The viral post sparked mixed reactions, with some praising the research and others calling it a publicity stunt.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |