
കരിക്ക് ടീമിന്റെ
സിനിമയും
മലയാള സിനിമ പുതുമുഖ താരങ്ങളെ ചേർത്തുപിടിക്കുന്നതാണ് 2026ൽ കാണുന്ന ഏറ്റവും മനോഹര കാഴ്ച. ചെറിയ സിനിമകൾ നേടുന്ന വലിയ വിജയം പകരുന്നത് വലിയ ആശ്വാസം.
സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിർ, അലിൻ ബിൻസിറാജ്, വിനായക്, അജിൻ ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ വാഴ 2, 200 കോടി ക്ളബിലേക്ക് അടുക്കുന്നു . മറ്റൊരു റെക്കാഡ് കൂടി വാഴ 2 സ്വന്തമാക്കി. തുടരും, ലോക എന്നീ ചിത്രങ്ങൾക്കുശേഷം കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം 100 കോടി നേടുന്ന സിനിമയായി വാഴ 2. 15 ദിവസം കൊണ്ടാണ് വാഴ 2 ഈ നേട്ടം കൈവരിച്ചത്. വാഴയുടെ ചരിത്ര വിജയത്തെ തുടർന്ന് വാഴ 3 പ്രഖ്യാപിച്ചു. വാഴ 2 വിലൂടെ സവിൻ സ എന്ന നവാഗത സംവിധായകൻ പുത്തൻ വാഗ്ദാനമായി മാറുകയും ചെയ്തു. വാഴ 3 : ബയോപിക് ഒഫ് ബില്യൺ ഗേൾസ് എന്നു പേരിട്ട ചിത്രത്തിലും പുതുമുഖങ്ങളാണ് പ്രധാന വേഷത്തിൽ. നവാഗതനായ വിശ്വൻ ശ്രീജിത്ത് ആണ് സംവിധാനം. ഇക്കുറി പെൺകുട്ടികളുടെ കഥയാണ് വാഴ 3. മഞ്ഞുമ്മൽ ബോയ്‌സിനു ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ബാലനിൽ നൂറിലധികം പുതുമുഖങ്ങൾ അണിനിരക്കുന്നു. ടൊവിനോ തോമസ് അതിഥി വേഷത്തിൽ എത്തുന്നുണ്ട്. പൃഥ്വിരാജിനൊപ്പം അറുപതിലധികം പുതുമുഖങ്ങൾ അണിനിരക്കുന്നതാണ് വിപിൻദാസ് സംവിധാനം ചെയ്യുന്ന സന്തോഷ് ട്രോഫി. അടുത്ത ഷെഡ്യൂൾ ജൂണിൽ ആരംഭിക്കും. വാഴ ഫ്രാഞ്ചൈസിയുടെ തിരക്കഥാകൃത്താണ് വിപിൻദാസ്. സംവിധായകൻ ജിത്തു മാധവന്റെ ഭാര്യ ഷിഫിന ബിബൻ പക്കർ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ പൂർണമായും പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കിയാണ് ഒരുക്കുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ഡോ. അനന്തു എന്റർടെയ്‌ൻമെന്റ്‌സിന്റെയും തിയേറ്റർ ഒഫ് ഡ്രീംസിന്റെയും ബാനറിൽ ആണ് നിർമ്മാണം. അതേസമയം വമ്പൻ ആരാധക ഹൃദയം സ്വന്തമാക്കിയ കരിക്ക് ടീം ബിഗ് സ്‌ക്രീൻ പ്രവേശം നടത്തുന്ന ചിത്രം മൂന്നാറിൽ ആരംഭിച്ചു. കരിക്കിന്റെ സ്ഥാപകനായ നിഖിൽ പ്രസാദ് സംവിധാനം ചെയ്യുന്നു. കരിക്ക് വെബ് സീരിസിലൂടെ പ്രേക്ഷകരുടെ പ്രിയ താരങ്ങളായി മാറിയവരോടൊപ്പം ശ്രദ്ധേയ അഭിനേതാക്കളും സിനിമയുടെ ഭാഗമാകും. അതേസമയം തിയേറ്ററിൽ വാഴ 2, മോഹിനിയാട്ടം എന്ന സിനിമകൾ പ്രേക്ഷക ഹൃദയം കീഴടക്കുന്നത് തുടരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |