
നടിയും അവതാരകയുമായ പാർവതി കൃഷ്‌ണ ഈ അടുത്തകാലത്തായി ഫേസ് യോഗ ക്ലാസുകളിൽ സജീവമാണ്. നിരവധി പേരാണ് താരത്തിന്റെ ശിഷ്യണത്തിൽ ഫേസ് യോഗ ക്ലാസുകൾ അഭ്യസിക്കുന്നത്. യോഗാക്ലാസുകളുടെ വീഡിയോയും മറ്റും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കാറുണ്ട്. എന്നാൽ, താരത്തിന്റെ ഫേസ് യോഗ വീഡിയോകൾ തട്ടിപ്പാണെന്നാണ് ഒരു വിഭാഗം ആളുകളുടെ വിമർശനം. ഫേസ് യോഗയെന്നത് അശാസ്‌ത്രീയമാണെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോഴിതാ അത്തരം വിമർശകർക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പാർവതി. നായ്‌ക്കൾ കുരയ്‌ക്കുന്നതിന്റെ ചിത്രമാണ് ഇൻസ്റ്റഗ്രാം പോസ്റ്റായി പങ്കുവച്ചത്. 'കുരയ്‌ക്കുന്നവർ കുരയ്‌ക്കട്ടെയെന്ന മറുപടിയാണ് താരം വിമർശകർക്ക് നൽകിയത്.
ഫേസ് യോഗ ശാസ്‌ത്രീയമാണെന്ന് പറഞ്ഞ് ആളുകളെ ആകർഷിക്കുന്ന പാർവതി സത്യത്തിൽ വ്യാജ സയൻസാണ് പ്രചരിപ്പിക്കുന്നതെന്ന് വിമർശകർ പറയുന്നു. ഫേസ് യോഗയിലൂടെ മുഖത്തിന്റെ ആകൃതി മാറ്റിയെടുക്കാമെന്നും മുഖത്തെ പേശികളുടെ ചലനത്തിലൂടെ ജോ ലൈൻ അഥവാ താടിയെല്ല് വ്യക്തമാക്കിയെടുക്കാനാകുമെന്നുമാണ് പാർവതി തന്റെ വീഡിയോകളിലൂടെ അവകാശപ്പെടുന്നത്.
ഫേസ് യോഗ അഭ്യസിച്ചു തുടങ്ങിയതിനുശേഷം തന്റെ മുഖത്തുണ്ടായ മാറ്റങ്ങളാണ് പാർവതി തെളിവായി കാണിക്കുന്നത്. ജോ ലൈൻ വ്യക്തമായി കാണുന്നതിനായി ധാരാളം പേർ ഫേസ് യോഗ അഭ്യസിക്കാറുണ്ട്.അതേസമയം, പേശികളുടെ ചലനത്തിലൂടെ മുഖത്ത് യാതൊരു മാറ്റവും സംഭവിക്കില്ലെന്നും യഥാർത്ഥ യോഗയുമായി ഫേസ് യോഗയ്‌ക്ക് യാതൊരു ബന്ധവും ഇല്ലെന്നുമാണ് വിമർശകർ പറയുന്നത്.
താൻ ആയിരക്കണക്കിന് പേരെ പരിശീലിപ്പിച്ചിട്ടുണ്ടെന്നും അവർക്കെല്ലാം നല്ല റിസൾട്ടുകളുണ്ടായിട്ടുണ്ടെന്നും പാർവതി പറയുന്നു. പാർവതിയെ കൂടാതെ സെലിബ്രിറ്റികളുൾപ്പടെയുള്ള നിരവധി പേർ ഫേസ് യോഗ പരിശീലന ക്ലാസുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |