നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം 'സിഗ്മ' നാളെ തിയേറ്ററുകളിലെത്തും. സന്ദീപ് കിഷൻ നായകനാകുന്ന സിനിമയുടെ റിലീസിന് മുന്നോടിയായി ജേസണും ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും ആശംസകളുമായി തമിഴ് സിനിമാലോകത്തെ പ്രമുഖ താരങ്ങൾ രംഗത്തെത്തി.
മാതാപിതാക്കൾക്ക് ഏറ്റവും നല്ല മകനായി മാറിയെന്നും അദ്ദേഹത്തിന്റെ ഭാവിക്ക് എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നുവെന്ന് നടി ജ്യോതിക സോഷ്യൽ മീഡിയയിൽ കുറിച്ചു. 'ജേസൺ സഞ്ജയ്ക്കും 'സിഗ്മ' ടീമിനും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. നിന്റെ പ്രമോഷൻ പരിപാടികൾ ഏറെ സന്തോഷത്തോടെയാണ് ഞാൻ കാണുന്നത്. ഇന്ന് പക്വതയോടെയും ശാന്തതയോടെയും ആത്മാർത്ഥതയോടെയും വളർന്ന യുവാവായി ജേസണെ കാണുന്നതിൽ സന്തോഷമുണ്ട്. അതിലുപരി, മാതാപിതാക്കൾക്ക് ഏറ്റവും നല്ല മകനായി വളർന്ന നിന്നെ കാണുമ്പോൾ, വരാനിരിക്കുന്ന വിജയങ്ങളും നീ അർഹിക്കുന്നതാണെന്ന് തോന്നുന്നു. നിനക്കും 'സിഗ്മ'യുടെ മുഴുവൻ ടീമിനും മികച്ച റിലീസ് ആശംസിക്കുന്നു. ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ.'- ജ്യോതിക കുറിച്ചു.
നടൻ സൂര്യയും ജേസണ് ആശംസകൾ നേർന്നു. 'ചെറിയ സഞ്ജയ് ഇപ്പോൾ സംവിധായകനായെന്ന് വിശ്വസിക്കാനാകുന്നില്ല. നാളെയാണ് ആ ദിവസം. ജേസണും സിഗ്മയുടെ മുഴുവൻ ടീമിനും ആശംസകൾ,' എന്നായിരുന്നു സുര്യ കുറിച്ചത്,
നടൻ സിബി സത്യരാജും ജേസന്റെ ആദ്യ ചിത്രത്തിന് ആശംസകൾ അറിയിച്ചു. അഭിമുഖങ്ങളിലൂടെ തന്നെ ജേസൺ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയെന്നും സിഗ്മ സിനിമാലോകത്തെ അദ്ദേഹത്തിന്റെ വിജയ ചിത്രമാകുന്നതിന് തുടക്കമാകട്ടെയെന്നും സിബി സത്യരാജ് കുറിച്ചു. നടൻ കാർത്തിയും ജേസണ് ആശംസകൾ നേർന്നു. ആകർഷകമായ വ്യക്തിത്വവുമുള്ള യുവാവാണ് ജേസണെന്നും സിനിമ തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും കാർത്തി പറഞ്ഞു.
സന്ദീപ് കിഷനും ഫരിയ അബ്ദുള്ളയും പ്രധാന വേഷങ്ങളിലെത്തുന്ന 'സിഗ്മ' എപ്പിസോഡിക് ആക്ഷൻ കോമഡി ചിത്രമാണ്. ലെയ്ക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്‌കരനാണ് ചിത്രം നിർമ്മിക്കുന്നത്. തമനാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. കൃഷ്ണൻ വസന്താണ് ഛായാഗ്രഹണം. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
Jason Sanjay, actor Vijay's son, is set to make his directorial debut with the film 'Sigma,' releasing tomorrow. Ahead of its theatrical release, prominent Tamil film stars like Jyothika, Suriya, Sibiraj, and Karthi have extended their heartfelt wishes to Jason and the entire film crew. 'Sigma' is an episodic action-comedy starring Sandeep Kishan.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |