
ബുക്കിംഗ് ഇന്ന് രാവിലെ 9ന് ആരംഭിക്കും
പ്രേക്ഷക ലോകം ആവേശപൂർവം കാത്തിരിക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പേട്രിയറ്റിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു.മൂന്നു മണിക്കൂർ 25 സെക്കന്റ് ദൈർഘ്യമുള്ള ചിത്രത്തിന് UA 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പേട്രിയറ്റിന്റെ അഡ്വാൻസ് സീറ്റ്ബുക്കിംഗ് ഇന്ന് രാവിലെ 9ന് ആരംഭിക്കും.മേയ് 1ന് ചിത്രം റിലീസ് ചെയ്യും. രാവിലെ 9.15ന് ആദ്യപ്രദർശനം ആരംഭിക്കും.
മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, ഗ്രേസ് ആന്റണി, സറീൻ ഷിഹാബ്, രാജീവ് മേനോൻ തുടങ്ങിയ വൻ താര നിര തന്നെ അണിനിരക്കുന്നുണ്ട്. മലയാള സിനിമയിലെ എക്കാലത്തെയും ഏറ്റവും വലിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരു വ്യാഴവട്ടത്തിന് ശേഷം ഒന്നിക്കുന്ന പേട്രിയറ്റ് കേരളത്തിൽ മാത്രം 600 സ്ക്രീനുകളിൽ റിലീസ് ചെയ്യുന്നുണ്ട്. ഹോളിവുഡ് മേക്കിംഗിൽ ആണ് പേട്രിയറ്റ്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫും അച്ചപ്പു ഫിലിംസിന്റെ ബാനറിൽ കെ.ജി. അനിൽ കുമാറും ചേർന്ന് നിർമ്മിച്ച പേട്രിയറ്റിന്റെ സംഗീതം സുഷിൻ ശ്യാം ആണ്.
വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരു വർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പേട്രിയറ്റ് പൂർത്തിയായത്. മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമ എന്ന ബഹുമതിയും ഇപ്പോൾ പേട്രിയറ്റിനാണ്.
ബോളിവുഡിലെ സൂപ്പർ താര ചിത്രങ്ങൾക്ക് ദൃശ്യം ഒരുക്കി ശ്രദ്ധ നേടിയ മനുഷ് നന്ദൻ ആണ് ക്യാമറ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |