SignIn
Kerala Kaumudi Online
Tuesday, 22 September 2026 12.14 PM IST

രണ്ടാമത്തെ ബാഗ് എവിടെ ? വിമാനത്താവളത്തിൽ ജോലിക്ക് അപേക്ഷിച്ചിട്ടും കിട്ടിയില്ല, എം.ബി.എക്കാരൻ പക വീട്ടിയത് ബോംബ് വച്ച്

bomb-threat-

മംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ ലാപ്‌ടോപ് ബാഗിനുള്ളിൽ ഉഗ്രശേഷിയുള്ള ബോംബ് വെച്ചു രക്ഷപ്പെട്ട യുവാവ് പൊലീസിൽ കീഴടങ്ങി. മണിപ്പാൽ സ്വദേശി ആദിത്യ റാവുവാണ് ബംഗളൂരു ഐ.ജി ഓഫീസിൽ ഇന്നലെ രാവിലെ കീഴടങ്ങിയത്. ഇയാളെ ഹലസൂരു പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യംചെയ്തു. എം.ബി.എ ബിരുദധാരിയായ ആദിത്യ റാവു 2018 ആഗസ്റ്റ് 30ന് ബംഗളൂരു വിമാനത്താവളത്തിന് ബോംബ് വെക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായിട്ടുണ്ട്.

വിമാനത്താവളത്തിൽ സുരക്ഷാ ജീവനക്കാരനായി ജോലി ലഭിക്കുന്നതിന് ആദിത്യ റാവു അപേക്ഷ നൽകിയിരുന്നു. ഇന്റർവ്യൂവിന് ഹാജരായെങ്കിലും ജോലി ലഭിച്ചില്ല. ഈ വൈരാഗ്യത്തിലാണ് ബംഗളുരു വിമാനത്താവളം ബോംബ് വെച്ച് തകർക്കുമെന്ന് അന്ന് ഭീഷണിപ്പെടുത്തിയത്. ഈ കേസിൽ ആദിത്യ റാവു മൂന്നുമാസം ജയിൽ ശിക്ഷയനുഭവിച്ചിട്ടുണ്ട്. അതേസമയം മംഗളുരു വിമാനത്താവളത്തിൽ ബോംബ് വെച്ചത് എന്തിനാണെന്ന കാര്യം അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.

യുവാവ് കീഴടങ്ങിയതറിഞ്ഞ് മംഗളുരു പൊലീസ് കമ്മിഷണർ പി.എസ് ഹർഷയും ബോംബ് കേസ് അന്വേഷിക്കുന്ന സംഘവും ഇന്നലെ തന്നെ ബംഗളുരുവിൽ എത്തി ആദിത്യനെ ചോദ്യം ചെയ്തിരുന്നു. 2012 ൽ ബംഗളൂരുവിലെ സ്വകാര്യ ബാങ്കിൽ ജോലി ചെയ്തിരുന്ന യുവാവ് പിന്നീട് ജോലി രാജിവെച്ച് മംഗളുരു എത്തി സെക്യൂരിറ്റി ഗാർഡായും ജോലി ചെയ്തിരുന്നു. കുറച്ചുകാലം ഉഡുപ്പി പുതിയ മഠത്തിൽ പാചകക്കാരനുമായിരുന്നു. ആദിത്യന് മാനസിക അസ്വാസ്ഥ്യം ഉള്ളതായും പൊലീസ് പറയുന്നു.

മംഗളൂരു നഗരത്തിലെ സ്റ്റേറ്റ് ബാങ്ക് ബസ് സ്റ്റാൻഡിൽ നിന്ന് ബസിൽ വിമാനത്താവളത്തിന് സമീപത്തുള്ള കെഞ്ചാറിലെത്തിയ ആദിത്യറാവു അവിടെ നിന്ന് ഓട്ടോ പിടിച്ച് വിമാനത്താവളത്തിലെത്തുകയായിരുന്നു. രണ്ട് ബാഗുകളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ബോംബ് സൂക്ഷിച്ച ബാഗുമായാണ് വിമാനത്താവളത്തിൽ പോയത്. ഈ ബാഗ് വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടറിന് സമീപം വെച്ചശേഷം ഓട്ടോയിൽ തിരികെ കെഞ്ചാറിലെത്തി അതേ ഓട്ടോയിൽ മംഗളൂരുവിലെ പമ്പ് വെല്ലിൽ ഇറങ്ങി. രണ്ടാമത്തെ ബാഗ് സംബന്ധിച്ച് സൂചന കൾ ലഭിച്ചിട്ടില്ല. സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കി സാമ്പിൾ ശേഖരിച്ച് ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, BOMB, MANGLORE AIRPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY