ഗോഹട്ടി: കാമുകി മറ്റുള്ളവരുമായി സംസാരിക്കുന്നതിലുള്ള സംശയത്തെ തുടർന്ന് യുവതിയെ ഹോട്ടൽ മുറിയിൽ കത്രികകൊണ്ട് കുത്തിക്കൊലപ്പെടുത്തി യുവാവ്. അസമിലെ കാംരൂപ് ജില്ലയിൽ രംഗിയ റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടലിലാണ് സംഭവം. കൊലപാതകത്തിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സോനിത്പുർ സ്വദേശിനി മലിനി ഗുരിയ (23) ആണ് കൊല്ലപ്പെട്ടത്. ഉദൽഗുരി സ്വദേശിയായ അഭിജിത് കിൻഡോ (22) ആണ് അറസ്റ്റിലായത്.
ഇന്ന് രാവിലെയാണ് ഹോട്ടൽ മുറിയിൽ മാലിനിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ മാലിനിയുടെ മൃതദേഹവും സമീപത്ത് പരിക്കുകളോടെ അഭിജിത്തിനെയും കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവനൊടുക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയുടെ ശരീരത്തിൽ പലഭാഗത്തും പരിക്കേറ്റിരുന്നതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മാലിനി ചെന്നൈയിൽ നിന്ന് രണ്ട് സുഹൃത്തുക്കൾക്കൊപ്പം രംഗിയയിലെത്തിയത്. ഇവരെ സ്വീകരിക്കാൻ അഭിജിത്ത് റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു. പിന്നീട് ഇരുവരും ഒരേ ഹോട്ടലിൽ താമസിച്ചു. അഭിജിത്ത് തനിക്കായി പ്രത്യേക മുറി ബുക്ക് ചെയ്തിരുന്നെങ്കിലും രാത്രിയോടെ മാലിനി താമസിച്ചിരുന്ന മുറിയിലെത്തുകയും അവിടെ തുടരുകയുമായിരുന്നുവെന്ന് സുഹൃത്തുക്കളെ ഉദ്ധരിച്ച് പൊലീസ് പറഞ്ഞു. രാവിലെ മാലിനിയുടെ സുഹൃത്തുക്കളെ അഭിജിത്ത് ഫോണിൽ വിളിച്ച് മാലിനിയെ കൊലപ്പെടുത്തിയെന്നും താനും ജീവനൊടുക്കാൻ പോകുകയാണെന്നും അറിയിച്ചതായാണ് വിവരം. തുടർന്ന് സുഹൃത്തുക്കൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
മാലിനിയെ കത്രികയും ടെസ്റ്ററും ഉപയോഗിച്ച് ആക്രമിച്ചതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാക്കുന്നത്. ചോദ്യം ചെയ്യലിനിടെ, മാലിനി മറ്റുള്ള പുരുഷന്മാരുമായി സംസാരിക്കുന്നതിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് അഭിജിത്ത് പൊലീസിനോട് പറഞ്ഞതായി അധികൃതർ വ്യക്തമാക്കി. കൊലപാതകം നടത്താൻ മാലിനി എത്തുന്നതിന് മുമ്പുതന്നെ ആസൂത്രണം ചെയ്‌തിരുന്നതായും ഇയാൾ സമ്മതിച്ചു.
തുടർന്ന് പൊലീസ് സംഘം ഹോട്ടലിലെത്തി അഭിജിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവസ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. മാലിനിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി ഗോഹട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കളെ വിവരമറിയിച്ചതായി പൊലീസ് അറിയിച്ചു. അതേസമയം, കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം പൂർണമായി വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
A 23-year-old woman, Malini Guria, was murdered by her boyfriend, Abhijit Kindo (22), in a hotel room near Rangiya Railway Station in Assam. Kindo stabbed Guria with scissors, reportedly due to suspicion over her speaking with other men. He attempted suicide before being arrested. Police stated the murder was pre-planned and an investigation is underway.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |