SignIn
Kerala Kaumudi Online
Thursday, 17 September 2026 10.54 AM IST

പേരിനൊപ്പം വാലുള്ള സാമാജികർ 22, സമുദായ വാൽ കോട്ടയ്ക്കൽ മാത്രം

page7

തിരുവനന്തപുരം: കോട്ടയ്ക്കൽ മണ്ഡലത്തിലെ ലീഗ് പ്രതിനിധി ആബീദ് ഹുസൈൻ തങ്ങളുടെ സ്ഥാനപ്പേര് ഒഴിച്ചുനിറുത്തിയാൽ 2021 -ലെ നിയമസഭയിൽ സമുദായ സംബന്ധിയായ വാലുള്ളവർ ഇല്ല. പേരുകൊണ്ട് ആളെ അറിയാമെന്ന തന്ത്രം വിലപ്പോവില്ലെന്നർത്ഥം. എന്നാൽ, പേരിനൊപ്പം സ്ഥലത്തിന്റെയോ കുടുംബത്തിന്റെയോ വാലുകൂടി ചേർത്തിട്ടുള്ള 21 സമാജികരുണ്ട്.

പേരിനൊപ്പം എന്തെങ്കിലും ഒരു വാലുകൂടി ചേർക്കുന്നത് ഒരു കാലത്ത് പതിവായിരുന്നു. ചിലർ സമുദായവുമായി ബന്ധപ്പെട്ടാവും ചേർക്കുക. കുടുംബപ്പേരും ജനിച്ച സ്ഥലത്തിന്റെ പേരുമെല്ലാം പേരിന്റെ വാലായി മാറ്രിയിട്ടുള്ളവരുമുണ്ട്. സാഹിത്യത്തിലും രാഷ്ട്രീയത്തിലും കലാരംഗത്തുമൊക്കെയാണ് ഇത് പതിവായിരുന്നത്.കേരള നിയമസഭയുടെ ചരിത്രം പരിശോധിച്ചാൽ പേരിനൊപ്പം വാലുള്ള നിരവധി നേതാക്കളെ കാണാം. ഇ.എം.എസ് നമ്പൂതിരിപ്പാട്, പി.കെ. വാസുദേവൻനായർ, സി. അച്യുതമേനോൻ, ഇ.കെ. നയനാർ, സി.എച്ച്. മുഹമ്മദ് കോയ, ശക്തൻ നാടാർ, ആർ. ബാലകൃഷ്ണപിള്ള തുടങ്ങി സമുദായവുമായി ബന്ധപ്പെട്ട് പേരിനൊപ്പം കൂട്ടിചേർക്കലുകളുള്ള നിരവധി നേതാക്കളുണ്ടായിരുന്നു.

സ്ഥലപ്പേരു ചേർത്ത് അറിയപ്പെട്ട സാമാജികരും നിരവധിയാണ്. ഇവരിൽ പലരുടെയും പേരിനു പകരം സ്ഥലപ്പേരിൽ വിളിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പിണറായി വിജയൻ, വയലാർ രവി, രമേശ് ചെന്നിത്തല, പ്രയാർ ഗോപാലകൃഷ്ണൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വർക്കല രാധാകൃഷ്ണൻ, വക്കം പുരുഷോത്തമൻ, മുല്ലക്കര രത്നാകരൻ, പിരപ്പൻകോട് മുരളി തുടങ്ങി സ്ഥലവുമായി ബന്ധപ്പെട്ട കൂട്ടിച്ചേർക്കലുള്ള നേതാക്കളുടെ വലിയ നിര തന്നെയുണ്ട്. തോപ്പിൽഭാസിയും തെന്നല ബാലകൃഷ്ണപിള്ളയുമൊക്കെ കുടുംബപ്പേരാണ് കൂട്ടിയത്.അടുത്തകാലത്തായി ഇത്തരം പ്രവണത, പ്രത്യേകിച്ച് സമുദായ സൂചകമായ കൂട്ടിച്ചേർക്കലുകൾ കുറഞ്ഞു വരുന്നതായി കാണാം. 2016ലെ നിയമസഭയിൽ ഇടതു പക്ഷത്ത് പേരിനൊപ്പം സമുദായ സൂചകമായ കൂട്ടിച്ചേർക്കലുള്ള മൂന്ന് പേരാണുണ്ടായിരുന്നത്- ഏറ്റുമാനൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച കെ. സുരേഷ് കുറുപ്പ്, ബേപ്പൂരിൽ നിന്നുള്ള വി.കെ.സി. മമ്മദ് കോയ, ചവറയിലെ വിജയൻപിള്ള എന്നിവർ. ലീഗിലെ ആബീദ് ഹുസൈൻ തങ്ങളാണ് യു.ഡി.എഫ് പക്ഷത്ത് സ്ഥാനപ്പേരിൽ അറിയപ്പെട്ടത്. സ്ഥലപ്പേരോ കുടുംബപ്പേരോ സ്വന്തം പേരിനൊപ്പം ചേർത്തവർ രണ്ടു പക്ഷത്തുമായി 18 പേരാണുണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA