
അകാലത്തിൽ വിട പറഞ്ഞ
അഭിനേത്രി ചിത്രയെ
അനുസ് മരിക്കുന്നു സുഹൃത്തും
നടിയുമായ ലളിതശ്രീ
ഒാണത്തിനു രണ്ടു ദിവസം മുൻപ് ചിത്തു വിളിച്ചു. ചിത്ര എനിക്ക് ചിത്തു ആയിരുന്നു. അടുത്ത ബന്ധുക്കളായ മൂന്ന് പേർ മരിച്ചത് കൊണ്ട് ഓണം ആഘോഷിക്കേണ്ട എന്ന തീരുമാനത്തിലായിരുന്നു ഞാനും കുടുംബവും. അത് ഒന്നൂടെ ഉറപ്പിക്കാനായിരുന്നു ചിത്തുവിന്റെ വിളി.'ലല്ലൂ.. നീ എന്ത് തീരുമാനിച്ചു. എനിക്ക് സദ്യ ഉണ്ടാക്കി തരുന്നുണ്ടോ, ഇല്ലയോ ?" ' ഇല്ല ചിത്തു. ഇത്തവണ എങ്ങനെയാണ് സദ്യ ഉണ്ടാക്കുന്നത്. അതും അടുത്ത ബന്ധുക്കൾ മരിച്ച സാഹചര്യത്തിൽ. ഓണം കഴിഞ്ഞ് നിനക്ക് ഞാൻ ഉണ്ടാക്കി തരാം ." 'ശരി. എങ്കിൽ ഞാൻ ഓൺലൈനിൽ ബുക്ക് ചെയ്യാൻ പോവുന്നു. എനിക്ക് സദ്യ കഴിക്കാൻ ഇത്തവണ വല്ലാതെ കൊതി തോന്നുന്നു. നിനക്ക് കൂടെ ബുക്ക് ചെയ്യട്ടെ ?'വേണ്ട. എനിക്ക് വേണ്ട. നിനക്കുള്ളത് ബുക്ക് ചെയ്യു. " എന്നു ഞാൻ പറഞ്ഞപ്പോൾ അവൾ ഫോൺ വച്ചു. പിറ്റേന്ന് പുലർച്ചെ ചിത്തുവിന്റെ മോൾ ശ്രുതിയുടെ ഫോൺ വന്നു . "ആന്റി , ബാത്ത്റൂമിൽ അമ്മ ബോധമില്ലാതെ കിടക്കുന്നു."ഡോക്ടർ വന്നു പരിശോധിച്ചപ്പോൾ ചിത്തു പോയിട്ട് കുറച്ചു സമയമായിയെന്ന് പറഞ്ഞു. വെളുപ്പിന് സാധാരണ പോലെ ബാത്ത് റൂമിൽ പോയതാവാം. അന്നേരം കാർഡിയാക് അറസ്റ്റിന്റെ രൂപത്തിൽ മരണം എത്തുമെന്ന് ചിത്തു പ്രതീക്ഷിച്ചു കാണുമോ? എന്നും ഫോൺ വിളിക്കുമായിരുന്ന അവൾ ഉത്രാടത്തിനും വിളിച്ചു. വൈകുന്നേരം 7 മണി വരെയും സന്തോഷത്തോടെ വിശേഷങ്ങൾ പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു. ഞാൻ ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും ഈ ലോകത്ത് നിന്ന് ചിത്തു പോയി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. എനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് മനസിലാക്കാൻ പറ്റാത്ത അവസ്ഥ. രക്ത സമ്മർദം കൂടി ഞാൻ കിടപ്പിലായി. ചിത്തുവിനെ അവസാനമായി കാണണം എന്ന് ആഗ്രഹിച്ചെങ്കിലും ആരോഗ്യ സ്ഥിതി അനുവദിച്ചില്ല. എന്റെ സഹോദരനും വല്ലാത്ത മനോ വിഷമം. ഇടയ്ക്ക് ചിത്തുവിന് മുരിങ്ങയില കൊണ്ട് കൊടുക്കാൻ സഹോദരനാണ് പോവുക. മുരിങ്ങയില പരിപ്പ് ചേർത്ത് വയ്ക്കുന്നത് വലിയ ഇഷ്ടമായിരുന്നു അവൾക്ക്. കേരള വിഭവങ്ങളോട് പ്രത്യേക താല്പര്യവും. ചിത്തുവിന്റെ അമ്മ മലയാളിയും ബ്രാഹ്മണകുടുംബത്തിലെ അംഗവുമായിരുന്നു. എന്നോട് ഇടയ്ക്ക് ഓരോന്ന് ഉണ്ടാക്കി കൊടുക്കാൻ ചിത്തു പറയുമായിരുന്നു. ഞാൻ പാകം ചെയ്യുന്ന ഭക്ഷണം വലിയ ഇഷ്ടമായിരുന്നു. വീട്ടിൽ ചിത്തു തന്നെയായിരുന്നു പാചകം. ചിലതെല്ലാം എന്നോട് ചോദിക്കും. പാചക വിഷയങ്ങൾ മാത്രമല്ല ഞങ്ങൾക്ക് ഒളിച്ചു വയ്ക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. എല്ലാം അപ്പോൾത്തന്നെ പങ്കു വയ്ക്കും.
1987 ൽ തുടങ്ങിയ സൗഹൃദം. ചിത്തു വീട്ടമ്മയായതു മുതൽ ഉള്ള പതിവാണ് ഉച്ചയ്ക്ക് ശേഷമുള്ള ഫോൺ വിളി. മൊബൈൽ ഫോൺ വരുന്നതിന് മുൻപ് ലാന്റ് ലൈനിൽ ആയിരുന്നു വിളി. എന്നിട്ട് ആ ദിവസത്തെ ഊണ് വരെയുള്ള വിശേഷങ്ങൾ എല്ലാം പറയും. ചെറിയ സംഭവങ്ങൾ ആണെങ്കിലും മനസ് തുറന്ന് പറയുമ്പോൾ ഞങ്ങൾ രണ്ടുപേർക്കും സന്തോഷം അനുഭവപ്പെടും. ഇതൊക്കെയായിരുന്നു ഞങ്ങൾക്കിടയിലെ സ് നേഹബന്ധത്തിന്റെ കാതൽ. ഇപ്പോൾ എല്ലാ ദിവസവും അവളുടെ വിളിക്കു വേണ്ടി കാത്തിരിക്കുമ്പോൾ ഉണ്ടാവുന്ന ശൂന്യത എങ്ങനെ അതിജീവിക്കുമെന്ന് അറിയില്ല. സിനിമയോട് ഇടയ്ക്ക് വച്ചു വിട പറഞ്ഞു ചിത്തു.ആ സമയത്താണ് വിവാഹിതയാകുന്നത്. സഹോദരിമാരുടെയെല്ലാം വിവാഹ ശേഷമായിരുന്നു ചിത്തുവിന്റെ കല്യാണം. മകൾ ശ്രുതിയുടെ പിറന്നാൾ ആഗസ്റ്റ് എട്ടിനായിരുന്നു. അതിന്റെ ഫോട്ടോ എടുത്തത് എനിക്ക് അയച്ചു തന്നു. മകളെ കുറിച്ചു എന്നും ആധിയായിരുന്നു ചിത്തുവിന്. നല്ല ഒരാളെ ഏല്പിച്ചു കൊടുത്താലേ സമാധാനം ആകു എന്നൊക്കെ ഇടയ്ക്ക് പറയും. അതൊന്നും നടത്താതെയാണ് ചിത്തു പോയത്. എന്റെ സഹോദരന്റെ പേരക്കുട്ടിയുടെ നൂല് കെട്ടൽ ചടങ്ങിനാണ് ഞാൻ അവളെ അവസാനമായി കാണുന്നത്.
ലോക് ഡൗണായതിനാൽ വിഷുവിനും ചിത്തുവിന് സദ്യ ഉണ്ടാക്കി കൊടുക്കാൻ കഴിഞ്ഞില്ല. ചിത്തു, നീ ഭാഗ്യവതിയാണ്. ഇനി നിനക്കൊന്നും കാണേണ്ടല്ലോ. കോവിഡ് എത്ര പ്രിയപ്പെട്ടവരെയാണ് നഷ്ടപ്പെടുത്തുന്നത്. പ്രിയപ്പെട്ടവരുടെ മരണം ചിത്തുവിന് താങ്ങാൻ കഴിയാറില്ല. അതു കൊണ്ടാവാം ചിത്തു ഹൃദ്റോഗി ആയി മാറിയതെന്ന് ഇപ്പോൾ തോന്നുന്നു . എസ് .പി. ബി മരിച്ചപ്പോൾ കൊച്ചു കുട്ടിയെ പോലെ വാവിട്ട് കരഞ്ഞ ചിത്തുവിനെ ഞാൻ ഓർക്കുന്നു. സമാധാനിപ്പിക്കാൻ എറെ പ്രയാസപ്പെടേണ്ടി വന്നു..നടൻ വിവേക് മരിച്ചതിന്റെ അടുത്ത ദിവസമായിരുന്നുചിത്തുവിന്റെ ചേച്ചിയുടെ വിയോഗം. അതും ഹൃദയസ്തംഭനം. അന്നും ഒരുപാട്സങ്കടപ്പെട്ട ചിത്തുവിനെ കണ്ടു. എന്റെ ചിത്തു നിസാര ആഗ്രഹം പറഞ്ഞിട്ട് സാധിച്ചു കൊടുക്കാൻ കഴിയാത്തതിന്റെ വേദന മരണം വരെ എന്നെ പിന്തുടരും. നീ ഇനി വിളിക്കില്ല എന്ന് അറിയാമെങ്കിലും എന്നും ആ വിളിക്കായ് കാത്തിരിക്കുന്നു...
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |