SignIn
Kerala Kaumudi Online
Saturday, 12 September 2026 2.06 PM IST

തീരദേശ പരിപാലന പ്ലാൻ 6 മാസത്തിനകം: മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: തീരദേശ പരിപാലന നിയമത്തിൽ ഇളവു ലഭിക്കാനുള്ള പ്ലാൻ ആറുമാസത്തിനകം തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിക്കുമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എന്നാൽ,​ 2019ൽ കേന്ദ്ര വിജ്ഞാപനം വന്ന് ആറു മാസത്തിനുള്ളിൽ നൽകേണ്ട പ്ലാൻ മൂന്ന് വർഷം കഴിഞ്ഞും കൊടുത്തില്ലെന്നും ഇനി ഒരു വർഷം കഴിഞ്ഞാലും കൊടുക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. പ്ലാൻ തയ്യാറാക്കുന്നതിൽ കാലതാമസമുണ്ടായതിനാൽ പൊതുജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് പ്രിതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

2011ലെ നിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്രം 2019 ജനുവരി 18ന് വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും മാർഗരേഖ സംസ്ഥാനത്തിന് ലഭിച്ചത് 2019 ജൂണിലാണെന്ന് മുഖ്യമന്ത്റി പറഞ്ഞു. പ്ലാൻ തയ്യാറാക്കുന്നതിന് കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തെ ചുമതലപ്പെടുത്തി. ആദ്യ കരടിൽ ചില അപാകതകൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ പരിഹരിക്കുന്നതിന് മൂന്നംഗ വിദഗ്ദ്ധസമിതി രൂപീകരിച്ചു. സമിതി നിർദ്ദേശമനുസരിച്ച് ഗ്രാമപഞ്ചായത്തുകളെ തീരദേശ നിയമത്തിലെ മൂന്നാം കാ​റ്റഗറിയിൽ നിന്ന് രണ്ടിലേക്ക് മാ​റ്റുന്നത് പുരോഗമിക്കുന്നു.

245 പഞ്ചായത്തുകളാണ് നിയമത്തിന്റെ പരിധിയിൽ വരുന്നത്. അതിൽ 161 പഞ്ചായത്തുകളെ രണ്ടാം കാ​റ്റഗറിയിലേക്ക് മാ​റ്റാൻ കഴിയും. കരട് പ്ലാൻ തയ്യാറായാൽ കോസ്​റ്റൽ സോൺ മാനേജ്‌മെന്റ് അതോറി​ട്ടിക്കും വനം-പരിസ്ഥിതി മന്ത്റാലയത്തിനും സമർപ്പിക്കും.

2011 ജനുവരി ആറിന് പുറപ്പെടുവിച്ച തീരദേശ പരിപാലന വിജ്ഞാപനത്തെ തുടർന്ന് പ്ലാൻ തയ്യാറാക്കി അംഗീകാരത്തിന് സമർപ്പിക്കാൻ 2011-16ലെ യു.ഡി.എഫ് സർക്കാരിന് കഴിഞ്ഞില്ല. ഇതാണ് കാലതാമസത്തിനു വഴിവച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സർക്കാരിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടും മൂലം കേന്ദ്രവിജ്ഞാപനത്തിന്റെ ആനുകൂല്യം കേരളത്തിനു നഷ്ടമായെന്ന് വി.ഡി. സതീശൻ ആരോപിച്ചു. 2011ലേതിലെ അപാകത പരിഹരിച്ചാണ് 2019 ൽ വിജ്ഞാപനമിറക്കിയത്. ഉമ്മൻചാണ്ടി സർക്കാരിനെ ഇക്കാര്യത്തിൽ മുഖ്യമന്ത്റി കു​റ്റപ്പെടുത്തുന്നതിൽ അടിസ്ഥാനമില്ല. തീരദേശത്ത് ലൈഫിലേത് ഉൾപ്പെടെ വീട് നിർമ്മാണം നിലച്ച അവസ്ഥയാണെന്ന് കെ. ബാബു ചൂണ്ടിക്കാട്ടി. 1600 അപേക്ഷകൾ ഇതിനകം തള്ളിപ്പോയി.

"നീർത്തട അടിസ്ഥാനത്തിൽ മണ്ണ്, ജല സംരക്ഷണത്തിനും കൃഷി പരിപാലനത്തിനും സമഗ്ര പദ്ധതിക്ക് ജനകീയ കാമ്പയിനിന്റെ അടിസ്ഥാനത്തിൽ രൂപം നൽകും"

-പിണറായി വിജയൻ

മുഖ്യമന്ത്രി

" പ്ലാൻ കൊടുത്താൽ തീരപ്രദേശത്ത് 50 മീറ്റർ പരിധിയിൽ നിർമ്മാണം സാദ്ധ്യമാവും. 3000 ചതുരശ്രയടി വീടുകളുടെ നിർമ്മാണത്തിനും അനുമതി നൽകാനാവും"

-വി.ഡി. സതീശൻ

പ്രതിപക്ഷ നേതാവ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASSEMBLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA