നെയ്യാറ്റിൻകര: മുറ്റത്ത് കളിക്കുകയായിരുന്ന ഒന്നരവയസുകാരി വീടിന് പിന്നിലെ നെയ്യാറിൽ വീണ് മരിച്ചു. നെയ്യാറ്റിൻകര, പാലക്കടവ് തോട്ടത്തുവിളയിൽ തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ സി.പി.ഒ സജിന്റെയും ആതിരയുടെയും ഏക മകൾ അനാമികയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11നായിരുന്നു സംഭവം.
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് അനാമികയെ കാണാതായത്. ഈ സമയം ആതിരയും അച്ഛനുമാണ് വീട്ടിലുണ്ടായിരുന്നത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ സമീപത്തെ ആതിരയുടെ കുടുബവീട്ടിലും പരിസരത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് നെയ്യാറ്റിൻകര പൊലീസിന്റെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ ഉച്ചയ്ക്ക് 12.30ന് നെയ്യാറിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കളിക്കുന്നതിനിടെ കുഞ്ഞ് കാലു തെറ്റി ആറ്റിൽ വീണതാകാമെന്നാണ് നിഗമനം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |