തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ പരസ്യ വിമർശനം ഉന്നയിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരായ ഡോ.ബി.അശോകും എൻ.പ്രശാന്തും മുഖ്യമന്ത്രി വി.ഡി.സതീശന്റെ കീഴിലുള്ള സുപ്രധാന വകുപ്പുകളിലേക്ക്. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ബി.അശോകിന് പൊതുഭരണ വകുപ്പിന്റെയും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന്റെയും പൂർണ ചുമതല കൂടി നൽകി. മുൻ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ മകൻ കെ.ബിജുവായിരുന്നു പൊതുഭരണവകുപ്പ് സെക്രട്ടറി. ടി.വി.അനുപമ ആയിരുന്നു ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സ്പെഷ്യൽ സെക്രട്ടറി. കെ.ബിജു വനം വകുപ്പിന്റെ ചുമതലയിലും ടി.വി. അനുപമ ഗതാഗത വകുപ്പിലും തുടരും.
കായിക വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായ എൻ.പ്രശാന്തിന് നികുതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയുടെ അധിക ചുമതല കൂടി നൽകി. മെസിയുടെയും അർജന്റീന ടീമിന്റെയും പേരിൽ നടത്തിയ നികുതി വെട്ടിപ്പിനെക്കുറിച്ച് കായിക വകുപ്പിന്റെ റിപ്പോർട്ട് നൽകിയത് പ്രശാന്തായിരുന്നു. ഇതിൽ എസ്.ഐ.ടിയുടെ അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയാണ് നികുതി വകുപ്പിന്റെ ചുമതലയിലേക്കും പ്രശാന്ത് എത്തുന്നത്. ധനകാര്യ നികുതി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയായി കെ.ആർ. ജ്യോതിലാൽ തുടരും. കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഫിനാൻസ് റിസോഴ്സ് സെക്രട്ടറിയായ പാട്ടീൽ അജിത് ഭാഗവത റാവുവിനെ നിയമിച്ചു. ഭരണമാറ്റമുണ്ടായതോടെ കിഫ്ബി സി.ഇ.ഒ പദവി ഡോ. കെ.എം.എബ്രഹാം രാജിവച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |