SignIn
Kerala Kaumudi Online
Friday, 18 September 2026 12.51 AM IST

ഇന്ന് പത്രാധിപർ അനുസ്മരണം, വിടവാങ്ങിയിട്ട് 45 വ‌ർഷം

READ ENGLISH VERSION
pathra
pathra

തിരുവനന്തപുരം: അവശ ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിന് ജീവിതം സമർപ്പിച്ച് പോരാടിയ പത്രാധിപർ കെ. സുകുമാരൻ വിടവാങ്ങിയിട്ട് നാലരപതിറ്റാണ്ട് ആവുന്നു. പത്രാധിപരുടെ ചരമവാർഷികം ഇന്ന് കേരളകൗമുദിയുടെ യൂണിറ്റുകളിലും വിവിധ പുരോഗമന സംഘടനകളുടെ ആഭിമുഖ്യത്തിലും സമുചിതമായി ആചരിക്കും.

ന്യായമായത് അർഹതപ്പെട്ടവർക്ക് ലഭ്യമാക്കാൻ പത്രാധിപർ മുഴക്കിയ സിംഹഗർജ്ജനം കേരളസമൂഹത്തിൽ ഇന്നും മാറ്റൊലികൊള്ളുന്നുണ്ട്. അധഃസ്ഥിത-പിന്നാക്ക ജനവിഭാഗങ്ങളുടെ ഉയിർത്തെഴുന്നേൽപ്പായിരുന്നു ജീവിതവ്രതം. നീതിക്കായുള്ള പോരാട്ടങ്ങളുടെ നടുനായകത്വം വഹിക്കുമ്പോഴും നിലപാടുകളിൽ വെള്ളം ചേർക്കാനോ പ്രഭുത്വത്തിനു മുന്നിൽ കുമ്പിടാനോ ഒരിക്കലും തയ്യാറായില്ല. ശിരസ്സുയർത്തി നിന്നാണ് പത്രാധിപർ പൊതുസമൂഹത്തിന് ഊർജ്ജം പകർന്നത്. തൊഴിലാളികൾ, സാധാരണക്കാർ, പട്ടിണിപ്പാവങ്ങൾ, സാമുദായിക വേർതിരിവുകളിലൂടെ പാർശ്വവത്കരിക്കപ്പെട്ടവർ തുടങ്ങി നാനാമേഖലകളിലുമുള്ളവർക്കുവേണ്ടി അദ്ദേഹം തൂലികയെ വജ്രായുധമാക്കി. അതുകൊണ്ടു തന്നെയാണ് കേരളത്തിൽ പത്രങ്ങൾ പലതുണ്ടായിട്ടും പത്രാധിപർ എന്ന പേര് കെ.സുകുമാരന് സമൂഹം ചാർത്തിക്കൊടുത്തത്.

തികഞ്ഞ ഗുരുദേവ ഭക്തനായിരുന്നു പത്രാധിപർ. ശ്രീനാരായണ ദർശന പ്രചാരണത്തിലും ബദ്ധശ്രദ്ധ പുലർത്തിയിരുന്നു. പത്രാധിപരെന്ന നിലയ്ക്ക് വാർത്തയുടെ വിശ്വാസ്യതയിലും സത്യസന്ധതയിലും അദ്ദേഹത്തിന് കടുത്ത നിഷ്കർഷ ഉണ്ടായിരുന്നു. ഇന്നും കേരളകൗമുദിയിലെ വാർത്തകൾ നിഷ്പക്ഷവും ആധികാരികവുമായ രേഖകളായി പരിഗണിക്കപ്പെടുന്നതും പത്രാധിപരുടെ പാത പിന്തുടരുന്നതിനാലാണ്.

കേരളകൗമുദി ആങ്കണത്തിൽ

കേരളകൗമുദി നോൺ ജേർണലിസ്റ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പേട്ട കേരളകൗമുദി അങ്കണത്തിൽ അനുസ്മരണ സമ്മേളനം നടക്കും. പത്രാധിപരുടെ സ്മൃതി മണ്ഡപത്തിൽ രാവിലെ 10 ന് പുഷ്പാർച്ചന. തുടർന്ന് അനുസ്മരണ സമ്മേളനം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. ജി.ആർ.അനിൽ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മന്ത്രി സി.പി.ജോൺ മുഖ്യാതിഥിയാവും. വി.മുരളീധരൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. സി.കെ.ഹരീന്ദ്രൻ എം.എൽ.എ പ്രസംഗിക്കും. പത്രാധിപർ സ്മാരക അവാർഡും ക്ഷേമനിധി അവാർഡും ചടങ്ങിൽ സമ്മാനിക്കും. കേരളകൗമുദി നോൺ ജേർണലിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് വി.ബാലഗോപാൽ സ്വാഗതവും ജനറൽ സെക്രട്ടറി കെ.എസ്.സാബു നന്ദിയും പറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K. SUKUMARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA