SignIn
Kerala Kaumudi Online
Saturday, 26 September 2026 3.48 AM IST

റാഫേൽ കോഴ വിവാദം: പഴി ചാരി കോൺഗ്രസും ബി.ജെ.പിയും

rafeal

ന്യൂഡൽഹി: റാഫേൽ ഇടപാടുറപ്പിക്കാൻ യുദ്ധ വിമാനക്കമ്പനിയായ ദസോ സുഷേൻ ഗുപ്തയെന്ന ഇടനിലക്കാരന് 65 കോടിയോളം രൂപ കോഴ നൽകിയെന്ന ആരോപണത്തിൽ പരസ്‌പരം പഴി ചാരി കോൺഗ്രസും ബി.ജെ.പിയും.

യു.പി.എ സർക്കാർ ഭരിച്ചപ്പോഴാണ് കൈക്കൂലി നൽകിയതെന്നാണ് ബി.ജെ.പിയുടെ വാദം. റാഫേൽ ഇടപാടിലെ അഴിമതി മൂടിവയ്‌ക്കാനുള്ള മോദി സർക്കാരിന്റെ ശ്രമങ്ങൾക്കുള്ള തിരിച്ചടിയാണ് പുതിയ വെളിപ്പെടുത്തലെന്നും സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

കോൺഗ്രസ് കമ്മിഷൻ പാർട്ടി

ദസോ കമ്പനിയുമായി ചർച്ച തുടങ്ങിയത് യു.പി.എ ഭരിക്കുമ്പോഴാണെന്നും കമ്മിഷൻ കാര്യത്തിലെ തർക്കം മൂലമാണ് ഇടപാട് അന്ന് നടക്കാതിരുന്നതെന്നും ബി.ജെ.പി വക്താവ് സംബീത് പാത്ര ആരോപിച്ചു. റാഫേൽ ഇടപാടിൽ മോദി സർക്കാരിനെതിരെ രാഹുൽ ഗാന്ധി പച്ചക്കള്ളമാണ് ഉന്നയിക്കുന്നത്. ഇടപാടുമായി ബന്ധപ്പെട്ട് യു.പി.എ സർക്കാരിൽ നിന്ന് സ്വാധീനം ചെലുത്തലും പക്ഷപാതപരമായ നീക്കങ്ങളുമുണ്ടായെന്ന് വെളിപ്പെടുത്തലുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഐ നീഡ് കമ്മിഷൻ (എനിക്കും കമ്മിഷൻ വേണം) പാർട്ടിയായി വിശേഷിപ്പിക്കേണ്ടി വരും. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാഗാന്ധി, റോബർട്ട് വാദ്രഎന്നിവരെല്ലാം കമ്മിഷന്റെ ആളുകളാണ്. എല്ലാ ഇടപാടുകളിലും യു.പി.എ സർക്കാർ കമ്മിഷൻ വാങ്ങിയിരുന്നു. ഇടനിലക്കാരനായ സുഷേൻ ഗുപ്‌ത അഗസ്റ്റാവെസ്റ്റ്‌ലാൻഡ് ഹെലികോപ്‌ടർ ഇടപാടിലും ആരോപണ വിധേയനായത് യാദൃച്ഛികമല്ല.

റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി 2019 തിരഞ്ഞെടുപ്പ് വേളയിൽ ഉയർത്തിയ ആരോപണങ്ങൾ ചീറ്റിപ്പോയി. സർക്കാരിന് തെറ്റുപറ്റിയില്ലെന്ന് സുപ്രീംകോടതിയും സി.എ.ജിയും കണ്ടെത്തിയെന്നും പാത്ര ചൂണ്ടിക്കാട്ടി.

അഴിമതി മൂടിവയ്ക്കാൻ നീക്കം

കോഴ ആരോപണത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടും മോദി സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഇഡിയും സി.ബി.ഐയും അന്വേഷണം നടത്താതിരുന്നത് അഴിമതി മൂടിവയ്ക്കുന്നതിന്റെ ഭാഗമായാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. രാജ്യസുരക്ഷയും വ്യോമസേനയുടെ താത്പര്യങ്ങളും മോദി സർക്കാർ ബലികഴിച്ചു. കോടിക്കണക്കിന് രൂപയുടെ നഷ്‌‌ടമാണ് ഖജനാവിനുണ്ടാക്കിയത്. യു.പി.എ 526 കോടി രൂപയ്ക്ക് വില പറഞ്ഞ വിമാനമാണ് 1670 കോടിക്ക് വാങ്ങിയത്.

2018 ഒക്ടോബറിൽ റാഫേൽ ഇടപാടിലെ കമ്മിഷൻ രേഖകൾ മൗറീഷ്യസ് സർക്കാരിൽ നിന്ന് ലഭിച്ച സമയത്ത് അന്നത്തെ സി.ബി.ഐ മേധാവി അലോക് വർമ്മയെ അർദ്ധരാത്രി നീക്കം ചെയ്തത് അഴിമതി മൂടിവയ്ക്കൽ നടപടികളുടെ ഭാഗമായിരുന്നു. 36 മാസമായി ഒരു അന്വേഷണവും സി.ബി.ഐ നടത്തിയില്ല. സ്വതന്ത്ര ഏജൻസിയുടെ അന്വേഷണത്തിലൂടെ മാത്രമെ സത്യം വെളിച്ചത്തു വരൂ. പ്രതിരോധ മന്ത്രാലയത്തിൽ നിന്നുള്ള നിർണായക രേഖകൾ ഇടനിലക്കാരൻ സുഷേൻ ഗുപ്‌തയ്ക്ക് ലഭിച്ചതെങ്ങനെയെന്നും അയാൾക്കെതിരെ അന്വേഷണം ഒഴിവായത് എങ്ങനെയെന്നും പുറത്തുവരണം.

സുഷേൻ ഗുപ്‌ത

ഡൽഹിയിലെ പ്രമുഖ വ്യവസായ കുടുംബാംഗമായ സുഷേൻ ഗുപ്‌തയ്ക്ക് (46) സർക്കാരിലെ ഉന്നതരുമായി അടുത്ത ബന്ധമാണുള്ളത്. മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദമെടുത്തത് യു.എസിൽ നിന്ന്. സിവിലിയൻ-യുദ്ധ വിമാനങ്ങളുടെ സ്‌പെയർപാർട്സ് നിർമ്മിക്കുന്ന പ്രമുഖ കമ്പനികളുമായി ഇടപാടുണ്ടായിരുന്നു. അഗസ്റ്റാ വെസ്റ്റ്‌ലാൻഡ് ഇടപാടിന്റെ ഭാഗമാകുന്നത് അങ്ങനെയാണ്. ആ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതാണ്. കടലാസ് കമ്പനികൾ വഴിയാണ് അഗസ്റ്റാവെസ്റ്റ്‌ലാൻഡ്, റാഫേൽ ഇടപാടുകളിൽ കോഴ വാങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, RAFEAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360