
കൊൽക്കത്ത: ഭാര്യയുടെ കരാർ അടിസ്ഥാനത്തിലുള്ള സർക്കാർ ജോലി നിർബന്ധിച്ച് രാജിവയ്പിച്ച ഭർത്താവിനോട് മാസം 30,000 രൂപ ജീവനാംശം നൽകാൻ വിധിച്ച് കൊൽക്കത്ത ഹൈക്കോടതി. വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ ഭർത്താവ് സമർപ്പിച്ച പുനഃപരിശോധനാ ഹർജി തള്ളിയാണ് ജസ്റ്റിസ് ഹിരണ്മയ് ഭട്ടാചാര്യയുടെ ഉത്തരവ്.
തനിക്ക് പ്രതിമാസം 20,000 രൂപയാണ് വരുമാനമെന്നും അതുകൊണ്ട് 30,000 രൂപ ജീവനാംശം നൽകാൻ കഴിയില്ലെന്നും ദന്തരോഗ വിദഗ്ദ്ധനായ ഭർത്താവ് കോടതിയിൽ വാദിച്ചു. ഭാര്യക്ക് പ്രതിമാസം 20,000 രൂപയും കുട്ടിക്ക് 10,000 രൂപയും ജീവനാംശം നൽകാനായിരുന്നു വിചാരണക്കോടതി ഉത്തരവിട്ടിരുന്നത്. തുക കൂടുതലാണെന്നും തന്റെ വരുമാനപരിധിക്ക് പുറത്താണെന്നും കാട്ടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ ഭർത്താവ് നൽകിയ സാമ്പത്തിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റ് സാമ്പത്തിക വിവരങ്ങളും മറച്ചുവച്ചതായി കോടതി കണ്ടെത്തി. 20000 രൂപ വരുമാനമുണ്ടെന്ന് കാണിച്ചതല്ലാതെ മറ്റ് സ്വത്തുക്കളുടെ വിവരങ്ങൾ ലഭ്യമല്ലെന്നാണ് നൽകിയിരുന്നത്. ബാങ്ക് രേഖകൾ സമർപ്പിക്കാൻ തയ്യാറാണെന്ന് അഭിഭാഷകൻ അറിയിച്ചെങ്കിലും അക്കൗണ്ടുകളുണ്ടെന്ന വസ്തുത സത്യവാങ്മൂലത്തിൽ നിന്ന് ബോധപൂർവം മറച്ചുവയ്ക്കുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
തന്റെ യഥാർത്ഥ വരുമാനവും ബാങ്ക് രേഖകളും കൃത്യമായി വെളിപ്പെടുത്താത്ത ഭർത്താവിന്റെ നടപടി കേസിൽ അവർക്കെതിരെ തെളിവായി സ്വീകരിക്കണമെന്ന് കോടതി വ്യക്തമാക്കി. വിചാരണക്കോടതി ജീവനാംശ തുക നിശ്ചയിച്ചതിൽ നിയമപരമായ മാനദണ്ഡങ്ങളാണ് പാലിച്ചതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിചാരണക്കോടതിയുടെ ഉത്തരവിൽ ഇടപെടാൻ കാരണങ്ങളൊന്നുമില്ലെന്ന് വിലയിരുത്തി ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |