
ന്യൂഡൽഹി: അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിൽ സ്‌പെഷ്യൽ സമ്മറി റിവിഷൻ (എസ്.എസ്.ആർ) നടത്തിയേക്കും. നിലവിലെ പട്ടിക പുനരവലോകനം ചെയ്യുന്ന പ്രക്രിയയാണിത്. വിവാദമായ എസ്.ഐ.ആർ പോലെ വെട്ടിനിരത്തൽ ഇല്ല. ഒക്ടോബർ-നവംബർ മാസങ്ങളിൽ നടത്തിവരുന്ന പ്രക്രിയ നിലച്ചത് തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും ,വിവേക് ജോഷിയും ചോദ്യംചെയ്‌തുവെന്ന മാദ്ധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.2025ൽ എസ്.എസ്.ആർ നടത്തിയിരുന്നു. രാഹുൽ ഗാന്ധി കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, ഗോവയിലെ എസ്.ഐ.ആർ പ്രക്രിയയുമായി ബന്ധപ്പെട്ട കരടുപട്ടികയിൽ നിന്ന് പുറത്തായ 97 പേരെ തിരികെ ചേർക്കാൻ അവിടത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ തീരുമാനിച്ചെങ്കിലും ഡൽഹിയിലെ ഓഫീസ് അനുമതി നൽകിയില്ലെന്ന വിവരം പുറത്തുവന്നിരുന്നു. 97 പേരിൽ ഭൂരിഭാഗത്തെയും വോട്ടർപട്ടികയിൽ തിരികെ ചേർത്തു. രണ്ടു തിരഞ്ഞെടുപ്പ് കമ്മിഷണർമാരും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും നടപ്പാക്കിയ തീരുമാനങ്ങൾ റദ്ദാക്കാൻ ബോംബെ ഹൈക്കോടതിയിൽ പൊതുതാത്പര്യഹർജിയെത്തി.
സി.ജെ.പി പ്രക്ഷോഭം ഗാന്ധിജയന്തിക്ക് തുടങ്ങും
രാജിവയ്‌ക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് കോക്രോച്ച് ജനതാ പാർട്ടി(സി.ജെ.പി) നൽകിയ സമയം ഇന്ന് ഉച്ചയോടെ അവസാനിക്കും. രാജിയില്ലെങ്കിൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2ന് മുംബയിൽ പ്രക്ഷോഭത്തിന് തുടക്കമിടുമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ പറഞ്ഞു.
ഡൽഹിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലേക്കും കോൺഗ്രസ് പ്രവർത്തകർ ബി.ജെ,പി ദേശീയ ആസ്ഥാനത്തേക്കും മാർച്ച് നടത്തി. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ജന്തർ മന്ദറിൽ പ്രതിഷേധിച്ചു. പാട്നയിലും ചണ്ഡിഗറിലും കോൺഗ്രസ് പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജമ്മു കാശ്‌മീർ,ഉത്തരാഖണ്ഡ്,പശ്ചിമബംഗാൾ,ഹിമാചൽ പ്രദേശ്,മണിപ്പൂർ തുടങ്ങിയ ഇടങ്ങളിലും കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി.
ഡി.എം.കെയെ അനുനയിപ്പിക്കും
ഗ്യാനേഷിനെതിരെ പാർലമെന്റിൽ ഇംപീച്ച്മെന്റ് നോട്ടീസ് നൽകാനുള്ള നീക്കം 'ഇന്ത്യ' മുന്നണി സജീവമാക്കി. തമിഴ്നാട്ടിൽ കോൺഗ്രസ് കാലുവാരിയെന്ന് പരിഭവമുള്ള ഡി.എം.കെയെ അനുനയിപ്പിക്കാൻ ചർച്ചകൾ നടത്തുന്നുണ്ട്. ഒന്നിച്ചു നീങ്ങണമെന്ന വികാരം സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയും പ്രകടിപ്പിച്ചു. 'ഇന്ത്യ' സഖ്യയോഗം വിളിച്ചേക്കും.
വി.ഐ.പികൾക്ക് പ്രത്യേക പരിഗണന
ജനാധിപത്യത്തിൽ വോട്ടർമാർക്ക് തുല്യ പരിഗണനയെന്ന അടിസ്ഥാന പ്രമാണം പോലും ലംഘിച്ച് ഇലക്ഷൻ കമ്മിഷന്റെ ബി.എൽ.ഒ ആപിൽ വി.ഐ.പികൾക്ക് പ്രത്യേക ഫീച്ചർ ചേർത്തത് വിവാദമായി. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിമാർ,മുഖ്യമന്ത്രി രേഖാ ഗുപ്ത,ഉന്നത ഉദ്യോഗസ്ഥർ,രണ്ട് മുൻ ചീഫ് ജസ്റ്റിസുമാരുടെ ഭാര്യമാർ എന്നിവർക്ക് ഉൾപ്പെടെ കമ്മിഷൻ നോട്ടീസ് നൽകിയിരുന്നു. ഇത്തരം വി.ഐ.പികളുടെ മാത്രം പ്രശ്നങ്ങൾ ഉടനടി പരിഹരിക്കാൻ പ്രത്യേക സൗകര്യം ആപ്പിൽ ഉൾപ്പെടുത്തുകയായിരുന്നു.ഡൽഹിയിലെ വോട്ടർപട്ടികയിൽ വി.ഐ.പികളും സാധാരണ പൗരന്മാരുമെന്ന് വേർതിരിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |